ടൂറിസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടൂറിസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14 ഓഗസ്റ്റ് 2014

സഞ്ചാരികളുടെ മനം കവര്‍ന്ന് മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടം.


            കോടഞ്ചേരി പഞ്ചായത്തിലെ മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടം ഈ മഴക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജീരകപ്പാറ,വെള്ളരിമല വനമേഖലകളുടെ  ഇടയില്‍ സ്ഥിതി ചെയ്യുന്ന നീലിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നയനമനോഹരമായ ഈ വെള്ളച്ചാട്ടം കൂരോട്ടുപാറ -പുളിയിലക്കാട്ടുപടി റോഡ് അവസാനിക്കുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. റോഡരികില്‍ വാഹനം നിര്‍ത്തി  വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം നുകരാമെന്നുള്ളത് പ്രത്യേകതയാണ്. 



           
         വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള തടാകവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്.  കൂരോട്ടുപാറ-പുളിയിലക്കാട്ടുപടി റോഡ് ഗതാഗതയോഗ്യമാക്കിയതോടെയാണ് സഞ്ചാരികള്‍ ഇങ്ങോട്ടേക്കെത്താന്‍ തുടങ്ങിയത്. പ്രക്യതിസൌന്ദര്യം നിറഞ്ഞു തുടിക്കുന്ന നയനമനോഹരമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സ് കുളിര്‍പ്പിക്കുന്നതാണ് മേലെകൂരോട്ടുപാറ വെള്ളച്ചാട്ടം .



ഇങ്ങോട്ടെക്കെത്താനുള്ള മാര്‍ഗങ്ങള്‍

                         കോടഞ്ചേരിയില്‍ നിന്നും നെല്ലിപ്പൊയില്‍ റോഡുവഴി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. കൂടാതെ തിരുവമ്പാടി-പുല്ലൂരാംപാറ-നെല്ലിപ്പൊയില്‍ വഴിയും (പതിനാറു കിലോമീറ്റര്‍), ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാലില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആര്‍ച്ച് പാലം വഴിയും വെള്ളച്ചാട്ടത്തിലേക്കെത്താം .

            വെള്ളരിമല, ഒലിച്ചുച്ചാട്ടം,മറിപ്പുഴ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് മുത്തപ്പന്‍പുഴ റോഡില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെയുള്ള കണ്ടപ്പന്‍ചാലില്‍ ഇരവഞ്ഞിപ്പുഴയ്ക്കു കുറുകെയുള്ള മനോഹരമായ ആര്‍ച്ച് പാലം കടന്ന് കൂരോട്ടുപാറ റോഡില്‍ എത്തി മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടവും സന്ദര്‍ശിച്ച് തുടര്‍ന്ന് ഏഴുകിലോമീറ്ററോളം യാത്രചെയ്താല്‍ തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലും എത്താം .


   കോടഞ്ചേരിയില്‍ നിന്നും  കൂരോട്ടുപാറ അങ്ങാടി വരെ ബസ് സര്‍വീസുണ്ട്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. ഓട്ടോറിക്ഷ, ടാക്സി ജീപ്പ് സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

                       വാഹന വഴി
  •    കോടഞ്ചേരി-പുലിക്കയം-നെല്ലിപ്പൊയില്‍-നാരങ്ങാത്തോട്-മുണ്ടുര്‍ -കൂരോട്ടുപാറ 
  •   തിരുവമ്പാടി-പുല്ലൂരാംപാറ-നെല്ലിപ്പൊയില്‍ -നാരങ്ങാത്തോട്-മുണ്ടുര്‍ -കൂരോട്ടുപാറ
  •   തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ റോഡ്-കണ്ടപ്പന്‍ചാല്‍ -മുണ്ടുര്‍- കൂരോട്ടുപാറ.   (കണ്ടപ്പന്‍ചാല്‍ പാലം, അപ്രോച്ച് റോഡ് എന്നിവയുടെ ജോലികള്‍  പൂര്‍ത്തിയായ ശേഷം)
NB: കൂരോട്ടുപാറയിലേക്ക് ബസ് സൌകര്യം കോടഞ്ചേരിയില്‍ നിന്നു മാത്രമേ ലഭ്യമാവുകയുള്ളൂ    
Read more ...

28 ജൂലൈ 2014

ഇരവഞ്ഞിപ്പുഴയിലെ റാഫ്റ്റിംഗ് കാഴ്ചകള്‍.

         
           മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി ഇരവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും നടത്തുന്ന റാഫ്റ്റിങ് സാഹസിക ഉല്ലാസയാത്ര മലയോര മേഖലയ്ക്ക് പുത്തനനുഭവമായി. ആദ്യമായാണ് റാഫ്റ്റിംഗ് പോലൊരു സാഹസിക ജലയാത്ര നമ്മുടെ പുഴകളില്‍ നടക്കുന്നത്.പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തൊഴുക്കിന്റെ ശക്തിയില്‍ പതഞ്ഞൊഴുകുന്ന പുഴയില്‍ക്കൂടി അതിസാഹസികമായി നടത്തുന്ന റാഫ്റ്റിങ് സവാരി സാഹസിക പ്രിയരായിട്ടുള്ള സഞ്ചാരികള്‍ക്ക് മനം നിറയുന്ന അനുഭവമാണ്. 


                ഏഴ് പേര്‍ക്ക് ഒരേ സമയം തുഴഞ്ഞുനീങ്ങാവുന്ന റാഫ്റ്റില്‍ വിദഗ്ധ പരിശീലനം ലഭിച്ച  ഗൈഡുകളാണ് നിയന്ത്രിക്കുക. റാഫ്റ്റിന്റെ മുന്‍പിലും പിറകിലുമായി കയാക്കിങ് തോണികളില്‍ സെക്യൂരിറ്റി ഗൈഡുകളും ഒപ്പമുണ്ടാവും. ഇരുവഞ്ഞിപ്പുഴയില്‍ അരിപ്പാറ മുതല്‍ കുമ്പുടാംകയം വരെയും, ചാലിപ്പുഴയില്‍ പുലിക്കയം മുതല്‍ തമ്പലമണ്ണവരെയുമാണ് റാഫ്റ്റിംഗ് നടക്കുന്നത്. സാഹസിക പ്രിയരായ നിരവധി സഞ്ചാരികളാണ് റാഫ്റ്റിംഗിനായി ഇങ്ങോട്ടേക്കെത്തുന്നത്. കോഴിക്കോട്ടെ NIT,IIM തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ റാഫ്റ്റിംഗിനായി ഇവിടെ എത്തിയിരുന്നു. 
           ഇരവഞ്ഞിപ്പുഴയില്‍ റാഫ്റ്റിങ്ങിന് 1300 രൂപയും, ചാലിപ്പുഴയില്‍ 1000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭിക്കും. യാത്ര അവസാനിക്കുന്നിടത്തുനിന്ന് റാഫ്റ്റിങ് തുടങ്ങിയ സ്ഥലത്തേക്ക് വാഹനത്തില്‍ സൗജന്യമായി കൊണ്ടുവിടും. സെപ്റ്റംബര്‍ 15 വരെ ഇക്കൊല്ലം റാഫ്റ്റിംഗിനായി അവസരം ഒരുക്കിയിട്ടുണ്ട് റാഫ്റ്റിങ്ങിനെത്തുന്നവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട് ഫോണ്‍: 9447278388. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, മദ്രാസ് ഫണ്‍ ടൂര്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിട്ടുള്ളത് . 
      റാഫ്റ്റിംഗിനെ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങളറിയാന്‍ കേരള റാഫ്റ്റിംഗ്
         എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ   

 contact Manik : +91-9740067323 or Jacopo +91-9645666920

                                    റാഫ്റ്റിംഗ് കാഴ്ചകളിലൂടെ
   
ഫോട്ടോകള്‍ക്ക് കടപ്പാട് : മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍
Read more ...

14 ഓഗസ്റ്റ് 2013

യാത്രികരുടെ മനം കുളിര്‍പ്പിച്ച് 'പീടികപ്പാറ വെള്ളച്ചാട്ടം'


              
     ഈ മഴക്കാലത്ത് കൂമ്പാറ നിന്നും കക്കാടംപൊയിലിലേക്ക് യാത്ര ചെയ്യുന്ന ഏവരുടെയും മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയാണ്, മലനിരകള്‍ക്കിടയില്‍ കൂടി നുരഞ്ഞ് പതഞ്ഞൊഴുകി താഴേക്കു പതിക്കുന്ന 'പീടികപ്പാറ  വെള്ളച്ചാട്ടം'. മഴക്കാലത്തു മാത്രം സജീവമാകുന്ന ഈ വെള്ളച്ചാട്ടം കക്കാടംപൊയില്‍ റോഡില്‍ പീടികപ്പാറക്കു താഴെയുള്ള ഹെയര്‍ പിന്‍വളവുകള്‍ക്കരികിലാണ്  സ്ഥിതി  ചെയ്യുന്നത്. കോടമഞ്ഞു മൂടിയ വഴികളിലൂടെ കയറ്റം കയറി വരുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് മതിവരിവോളം ഈ മനോഹര കാഴ്ച ആസ്വദിക്കാന്‍ സാധിക്കും.  

                             കക്കാടംപൊയില്‍ റോഡില്‍ പാമ്പിന്‍കാവില്‍ നിന്നുള്ള ദ്യശ്യം
               
         വാഹനം നിര്‍ത്തി അടുത്തു പോകാമെന്നു കരുതിയാലോ, ഇത്തിരി ബുദ്ധിമുട്ടാണ്, റോഡരികില്‍ തന്നെയാണെങ്കിലും, ഇടക്ക് കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ക്യത്യമായ വഴിയില്ല. എങ്ങിനെയെങ്കിലും അടുത്തു ചെന്നാല്‍ കൂടി നില്‍ക്കാന്‍ സാധിക്കാത്ത വിധം വഴുക്കലുള്ള പാറക്കല്ലുകളും മറ്റും  സഞ്ചാരിക്കള്‍ക്ക് ഈ വെള്ളച്ചാട്ടം അപ്രാപ്യമാക്കുന്നു. എങ്കിലും റോഡരികില്‍ നിന്നും ഈ മനോഹര കാഴ്ച ക്യാമറയിലാക്കുന്നവര്‍ ഏറെയാണ്. കക്കാടംപൊയില്‍ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കൂമ്പാറ പുഴയാണ്, യാത്രികര്‍ക്ക്  നയന മനോഹര കാഴ്ച സമ്മാനിക്കുന്ന വെള്ളച്ചാട്ടത്തിനു കാരണക്കാരന്‍. മഴ ഒഴിയുന്നതോടു കൂടി വറ്റി വരണ്ടു പോകുന്ന പീടികപ്പാറ വെള്ളച്ചാട്ടം അതുകൊണ്ടു തന്നെ അത്ര പ്രസിദ്ധമല്ല.

Read more ...

19 ജൂലൈ 2013

ജൈവവൈവിധ്യങ്ങള്‍ തേടി കക്കാടംപൊയിലില്‍ ' മഴ സഹവാസം '

      
    പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ഫ്രന്‍ഡ്സ് ഓഫ് നേച്വറും ചേര്‍ന്ന് കക്കാടംപൊയില്‍ ചെമ്പോത്തിമലയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ മഴ സഹവാസം വേറിട്ട അനുഭവമായി. വിവിധ ജില്ലകളില്‍ നിന്നുമുള്ള 35 പേരാണ് ചെമ്പോത്തി മലയിലും, വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലുമായി നടന്ന പ്രക്യതിപഠന  ക്യാമ്പിലെത്തിയത്.

          മലപ്പുറം ജില്ലയില്‍ കോഴിക്കോട് ജില്ലയോട് അതിരിട്ടു കിടക്കുന്ന ചാലിയാര്‍ പഞ്ചായത്തിന്റെ ഭാഗമായ വാളംതോട്, നായാടംപൊയില്‍, തോട്ടപ്പള്ളി പ്രദേശങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ പന്തീരായിരം വനമേഖലയിലെ ചെമ്പോത്തിമലയില്‍  നടന്ന ക്യാമ്പില്‍ മഴക്കാലത്തു മാത്രം വളരുന്ന അപൂര്‍വ സസ്യങ്ങളെ സംഘം പഠനവിധേയമാക്കി. പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യങ്ങളില്‍ സവിശേഷമായ പൂമ്പാറ്റകളെയും തുമ്പികളെയും, പക്ഷികളെയും  പഠന സംഘം നിരീക്ഷിച്ചു.

          
         സംസ്ഥാനത്തെ ജൈവപ്രാധാന്യമുള്ള മേഖലകളില്‍ ക്യാമ്പുകള്‍ നടത്തുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുള്ള മലബാര്‍ നാച്വുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രവര്‍ ത്തനങ്ങളാണ് ജൈവവൈവിധ്യ കേന്ദ്രങ്ങളും പക്ഷി സങ്കേതങ്ങളും സംരക്ഷിക്കാന്‍ അധിക്യതര്‍ക്കു പ്രേരണയായിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സംഘാടകന്‍ ഫ്രന്‍ഡ്സ് ഓഫ് നേച്വര്‍  ചെയര്‍മാന്‍ ഹാമിദലി വാഴക്കാടാണ്. സുവോളജിക്കല്‍  സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജാഫര്‍ പാലോട്, പൂമ്പാറ്റ നിരീക്ഷകന്‍ ബാലക്യഷ്ണന്‍ വളപ്പില്‍, സസ്യ നിരീക്ഷകന്‍ വി.സി.ബാലക്യഷ്ണന്‍, പക്ഷി നിരീക്ഷകരായ നരേന്ദ്രനാഥ് മാഹി, മുജീബ് താമരശ്ശേരി എന്നീ പ്രമുഖരും മഴ സവാസത്തിനെത്തിയിരുന്നു.




Read more ...

15 ജനുവരി 2013

മൂലേപ്പാടം വഴി തുറന്നു, കക്കാടംപൊയില്‍-നിലമ്പൂര്‍ യാത്ര യാഥാര്‍ത്ഥ്യമായി.


           കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നായാടംപൊയില്‍ - കക്കാടംപൊയില്‍ - നിലമ്പൂര്‍ മലയോര ഹൈവേയിലെ മൂലേപ്പാടം പാലം  തുറന്നു കൊടുത്തതോടെ മലയോര ജനതയുടെ പതിറ്റാണ്ടുകളുടെ  യാത്രാദുരിതത്തിന് അറുതിയായി. എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് പണി പൂര്‍ത്തിയായ ഈ മലയോര പാതയിലെ മൂലേപ്പാടം പാലം 2008ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും  തടസങ്ങള്‍ നേരിട്ടതിനാല്‍  അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാലരക്കോടിയോളം രൂപ ചിലവഴിച്ച് ഇപ്പോള്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇതു വഴി നിലമ്പൂരില്‍ നിന്നും കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. 


          മൂലേപ്പാടം പാലത്തിന്റെ ഉദ്ഘാടനം ​ഇന്നു രാവിലെ 10.30ന് ബഹു.പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കുകയുണ്ടായി. ഊര്‍ജ്ജ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സഥലം എം പിയായ എം.ഐ. ഷാനവാസ്, ഏറനാട് നിയോജകമണ്ഡലം എം.എല്‍.എ.യായ പി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂലേപ്പാടം പാലത്തിനു സമീപം സംഘടിപ്പിച്ച ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ്  ഒഴുകിയെത്തിയത്.


        മലപ്പുറം കോഴിക്കോട് ജില്ലകളിലായി ചിതറിക്കിടക്കുന്ന കക്കാടംപൊയില്‍ ഗ്രാമത്തിലെ നായാടംപൊയില്‍ , തോട്ടപ്പള്ളി, വാളംതോട്, വെണ്ടേക്കുംപൊയില്‍ പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന്  പന്ത്രണ്ടു  കിലോമീറ്റര്‍ അകലെയുള്ള അകമ്പാടത്താണ് പഞ്ചായത്ത് കാര്യാലയവും, വിവിധ സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്നത്. മൂലേപ്പാടത്ത് പാലമില്ലാത്തതിനാല്‍ കൂടരഞ്ഞി, മുക്കം, അരീക്കോട്, നിലമ്പുര്‍ വഴി അറുപത് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് ആളുകള്‍ അകമ്പാടത്തെത്തിയിരുന്നത്. 


         കൂടാതെ ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും,  സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ഓഫീസ് കാര്യങ്ങള്‍ക്കും മറ്റുമായി  നിലമ്പൂരിലേക്കും, അകമ്പാടത്തേക്കുമായി വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ധാരാളം സമയ നഷ്ടവും, ധനനഷ്ടവും വരുത്തിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷമാണെങ്കിലും മൂലേപ്പാടം  പാലം യാഥാര്‍ത്ഥ്യമായത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ അനുഗ്രഹമായിരിക്കുകയാണ്.

                                   ഗൂഗിള്‍ എര്‍ത്ത് ചിത്രം
Read more ...

07 ജൂൺ 2012

പുഴയുടെ സൌന്ദര്യം തേടി വിനോദ സഞ്ചാരികള്‍ അരിപ്പാറയിലേക്ക്

                  
        വെള്ളരിമലയ്ക്കു കീഴെ ഇരവഞ്ഞിപ്പുഴയുടെ സൌന്ദര്യം തേടി അരിപ്പാറയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ പുഴയെ ഇത്രയധികം സൌന്ദര്യത്തോടെ കാണാന്‍ കഴിയുക അരിപ്പാറയിലെത്തു മ്പോഴാണ്. സ്വദേശികളും വിദേശികളുമുള്‍പ്പടെ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമായി ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ അരിപ്പാറ മാറിയതിനു കാരണം ഇതിന്റെ വശ്യമായ സൌന്ദര്യമാണ്. കോഴിക്കോടു നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം അരിപ്പാറയിലെത്തിച്ചേരാന്‍. എങ്കില്‍ തന്നെയും നഗരത്തിന്റെ തിരക്കിലും യാന്ത്രികമായ ജീവിതത്തിലും പെട്ടുഴലുന്ന നഗരവാസികള്‍ക്ക് പ്രക്യതിയുടെ ശാന്തത പ്രദാനം ചെയ്യുന്ന തുരുത്തായി അരിപ്പാറ മാറുന്നു.

                ഉരുണ്ട മിനുസമുള്ള പാറക്കല്ലുകളും അലസമായൊഴുകുന്ന പുഴയുമായി ജന്മമെടുക്കുന്ന ഇരവഞ്ഞിപ്പുഴ അരിപ്പാറയിലെത്തുമ്പോള്‍ ചെറിയ വെള്ളച്ചാട്ടമായും  വലിയ പാറകള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന പുഴയും അതിനിടയില്‍ രൂപം കൊള്ളുന്ന ചെറിയ കയങ്ങളുമായി മാറുന്നു.  ഈ സൌന്ദര്യമാണ് അരിപ്പാറയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നത്.


             സഞ്ചാരികള്‍  ധാരാളമായി എത്തിത്തുടങ്ങിയതിനാല്‍  ഡി.റ്റി.പി.സി രണ്ടു ലൈഫ് ഗാര്‍ഡുകളെ ഇവിടെ നിയോഗിക്കുകയുണ്ടായി, കൂടാതെ എന്‍ട്രിഫീ ഏര്‍പ്പെടുത്തുകയും പാര്‍ക്കിംഗിനായി സ്ഥലമുടമയുമായി കരാറില്‍ ഏര്‍പ്പെട്ട് പാര്‍ക്കിംഗ് ഫീസ് മേടിച്ചു കൊണ്ട് സൌകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. 


         കൂടുതല്‍ വികസന പദ്ധതികളാണ് അരിപ്പാറയെ കാത്തിരിക്കുന്നത്. പുഴക്കു കുറുകെ നിര്‍മ്മിക്കുന്ന തൂക്കുപാലമാണ് പ്രധാനപ്പെട്ടത്. കൂടാതെ മറു വശത്തുനിന്നും അരിപ്പാറയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൌകര്യം, ടൂറിസം കോറിഡോറില്‍പ്പെടു ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ അരിപ്പാറയെ കൂടുതല്‍ പ്രശസ്തമാക്കുമെന്ന് പ്രതീക്ഷിക്കാം.


              വാരാന്ത്യങ്ങള്‍ തികച്ചും ശാന്തമായി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?...... അരിപ്പാറ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരു പുഴയുടെ ആത്മാവിനെയും പുഴയുടെ സൌന്ദര്യത്തെയും  മതിയാവോളം  നിങ്ങള്‍ക്ക് ഇവിടെ ദര്‍ശിക്കാം. 

മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍ 
Read more ...

11 ഏപ്രിൽ 2012

മാരുതി സുസുക്കി റാലിയുടെ ആവേശത്തില്‍ കക്കാടംപൊയില്‍


         മാരുതി സുസുക്കി മോട്ടോര്‍ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന  നാലാമത് ദക്ഷിന്‍ ഡെയര്‍ 2012   റാലിയുടെ ഭാഗമായി ഇന്ന് കക്കാടംപൊയിലില്‍  കാറുകളുടെയും ബൈക്കുകളുടെയും മത്സരങ്ങള്‍ നടന്നു. രാവിലെ 9 മണിയോടെ കക്കാടംപൊയിലിലെ നായാടംപൊയിലില്‍ നിന്നാരംഭിച്ച   മത്സരം കക്കാടംപൊയില്‍ സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.സ്കറിയ മങ്കരയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. നായാടം പൊയില്‍ മുതല്‍ അകമ്പാടത്തിനടുത്ത് ഇടിവണ്ണ  വരെയുള്ള 15 കിലോ മീറ്ററോളം ദൂരത്തിലാണ് റാലി മത്സരങ്ങള്‍ നടന്നത്.


Read more ...

02 ഡിസംബർ 2011

ആനക്കല്ലുംപാറ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ മാടി വിളിക്കുന്നു.

           
          കൂടരഞ്ഞിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പൂവാറന്‍തോടിലെ  ആനക്കല്ലുംപാറ വെള്ളച്ചാട്ടം വശ്യ മനോഹരിയായി വിനോദ സഞ്ചാരികളെ  കാത്തിരിക്കുന്നു. ഉറുമി ജലവൈദ്യുത പദ്ധതിയുടെ മുകള്‍ ഭാഗത്തായി കാടോത്തികൂന്നിനേയും പൂവാറന്‍തോടിനേയും വിഭജിച്ചു കൊണ്ട്   വശ്യ സുന്ദരമായി ഒഴുകുന്ന പൊയിലങ്ങാപുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ആനക്കല്ലുംപാറ എന്ന പേരിനെ സൂചിപ്പിച്ചു കൊണ്ട് രണ്ടു വലിയ പാറക്കല്ലുകള്‍ വെള്ളച്ചാട്ടത്തിന്. മുകളിലായി കാണാന്‍ സാധിക്കുന്നതാണ്.


Read more ...