23 ഏപ്രിൽ 2014

റിട്ട. ബാങ്ക് മാനേജര്‍ ജോസ് കൂട്ടിയാനിക്കല്‍ നിര്യാതനായി.


             സൌത്ത് ഇന്ത്യന്‍ ബാങ്ക്  റിട്ട. മാനേജര്‍  പുല്ലൂരാംപാറ കൂട്ടിയാനിക്കല്‍ കെ.പി. ജോസ് (60)   നിര്യാതനായി. അര്‍ബുദ  ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നു വൈകുന്നേരമാണ്  മരണം സംഭവിച്ചത്. സംസ്‌ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. രണ്ടു പതിറ്റാണ്ടിലധികം  സണ്‍ഡേ സ്കൂള്‍ അധ്യാപകനായി  അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ മതബോധന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സിയിലും അദ്ദേഹം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. തിരുവമ്പാടി മണ്ഡപത്തില്‍ എല്‍സമ്മയാണ് ഭാര്യ. മക്കള്‍ : ടെലീഷ് (വൈസ്‌മെന്‍ ഫോറക്സ് ലിമിറ്റഡ്), അനീഷ് (ഫൈന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് ലിമിറ്റഡ്), അമല്‍  (ബി.എം.ഐ. മൈനര്‍ സെമിനാരി)
Read more ...

16 ഏപ്രിൽ 2014

വീണ്ടും നൂറു മേനിയുടെ തിളക്കത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.


                ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി മലയോര മേഖലയില്‍ വീണ്ടും മികവു തെളിയിച്ചിരിക്കുകയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  ഇക്കൊല്ലം പരീഷയ്ക്കിരുത്തിയ പത്താം ക്ലാസിലെ 217 വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിനു യോഗ്യത നേടി. നാലു കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മുന്നിലെത്തി. അഞ്ചു കുട്ടികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായി.  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം  നേടിക്കൊണ്ടിരിക്കുന്ന പുല്ലൂരാംപാറ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് കെ.പി.മേഴ്സി ടീച്ചറുടെ നേത്യത്വത്തില്‍ പാഠ്യ-പാഠ്യേതര  മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്.
                 സമീപ സ്കൂളുകളായ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി,സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ തിരുവമ്പാടി എന്നിവയും നൂറു ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കോഴിക്കോട് ജില്ലയില്‍ 64 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയിട്ടുള്ളത്.
                       
Read more ...

01 ഏപ്രിൽ 2014

പോളിംഗ് ബൂത്തിലേക്കുള്ള വഴി ഇനി ഭൂപടത്തിലൂടെ കാണാം.

             
         ഇപ്രാവശ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി  ഏപ്രില്‍ 10ന് നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടു ചെയ്യുന്ന പോളിംഗ് ബൂത്തിലേക്കുള്ള വഴി ഭൂപടത്തില്‍ നോക്കി കണ്ടു പിടിക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ  വെബ്സൈറ്റിലാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഈ നൂതന സംവിധാനം ഏര്‍പ്പെടുത്തുന്നത്. 
  •  ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.
  • വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  •  പോളിംഗ് ബൂത്ത് ഭൂപടത്തിലൂടെ കാണുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.
  •  നിങ്ങളുടെ ബൂത്തിലെ ബി.എല്‍.ഒ. (Booth Level Officer)യെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  •  വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ മൊബൈല്‍ വഴി SMS അയക്കാം. അയക്കേണ്ട ഫോര്‍മാറ്റ് താഴെ നല്കിയിരിക്കുന്നു.
     
    ELE (SPACE) Voter ID Card No to 54242

               ചീഫ് ഇലക്ട്റല്‍ ഓഫീറുടെ വെബ്സൈറ്റില്‍ ഏറ്റവും മുകളില്‍ വലതു ഭാഗത്തായുള്ള ഇലക്‌ടറല്‍ റോള്‍ സേര്‍ച്ച്  ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കിയാല്‍ വോട്ടു ചെയ്യേണ്ട ബൂത്തു കണ്ടു പിടിക്കാം. ബൂത്തിന്റെ സ്ഥനവും, ബൂത്തിലേക്കുള്ള വഴിയും കണ്ടെത്താന്‍  വെബ്സൈറ്റിന്റെ മുന്‍ഭാഗത്തുള്ള  ഫൈന്‍ഡ് യുവര്‍ പോളിംഗ് ബൂത്ത്  എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്തു ലഭിക്കുന്ന സ്ക്രീനിന്റെ വലതു ഭാഗത്ത്  സേര്‍ച്ച് പോളിംഗ് സ്റ്റേഷന്‍ എന്നെഴുതിയിരിക്കുന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് ഇടത്തു ഭാഗത്തു കാണുന്ന സെലക്ടില്‍ ബ്ലോക്ക്, അസംബ്ലി, ലോക്കല്‍ ബോഡി, പാര്‍ലമെന്റ് ഇവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് പോളിംഗ് സ്റ്റേഷന്റെ പേര്‍ ടൈപ്പ് ചെയ്യുമ്പോള്‍  തെരഞ്ഞെടുത്ത ലിങ്കിന്റെ അടിസ്ഥനത്തില്‍  അതിര്‍ത്തിയും പോളിംഗ് സ്റ്റേഷന്റെ സ്ഥാനവും തെളിയും.
            ഇതോടൊപ്പം പ്രദേശത്തെ റോഡുകള്‍, നദികള്‍ സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങള്‍ ഭൂപടത്തില്‍ ലഭ്യമാകും. ഇതിനു പുറമേ ബൂത്തിന്റെ വിവരം , ബൂത്ത് ലെവല്‍ ഓഫീസറുടെ  പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവയും അറിയാം.  ഗൂഗിളിന്റെ മാപ്പില്‍ കെല്‍ ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ്. ഈ പ്രത്യേക സൌകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ബൂത്തുകളുടെ ക്യത്യത ഉറപ്പു വരുത്തുന്നതിന്. ജി.പി.എസ്. ഉപകരണങ്ങള്‍ ഉപയോഗിച്ച്  ബൂത്തിന്റെ അക്ഷാംശം, രേഖാംശം തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു.
                 ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന് വളരെ മികച്ച രീതിയിലുള്ള തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, പോലീസും വളരെ നേരത്തെ തന്നെ പരിശോധന നടത്തി സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രത്യേകിച്ചും പ്രശ്നബാധിത ബൂത്തുകള്‍, വനാതിര്‍ത്തിയോടു ചേര്‍ന്ന ബൂത്തുകള്‍ തുടങ്ങിയവയില്‍ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്താനെത്തിയത്. കൂടാതെ ബൂത്തുകളുടെ വീഡിയോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു.
        വോട്ടര്‍മാര്‍ക്ക് ഓണ്‍ ലൈനായി പേരു ചേര്‍ക്കാനുള്ള സൌകര്യവും, വോട്ടര്‍ ഐ.ഡി. കാര്‍ഡ്, വോട്ടര്‍ സ്ലിപ്പുകള്‍ തുടങ്ങിയവ ബി.എല്‍.ഒ.മാര്‍ (Booth Level Officer) വഴി വീട്ടിലെത്തിക്കുവാനുള്ള  സൌകര്യവും കമ്മീഷന്‍ ഏര്‍പ്പെടുത്തി. കൂടാതെ വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കുവാനും, കള്ളവോട്ടു തടയുവാനും  പ്രത്യേക സോഫ്റ്റ്‌വെയര്‍ സൌകര്യം ഏര്‍പ്പെടുത്തി. ഇതു വഴി ഒരേ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരെ കണ്ടെത്തി നീക്കം ചെയ്തു. കൂടാതെ ഓരോ പോളിംഗ് ബൂത്തിലും നിയോഗിച്ചിട്ടുള്ള ബി.എല്‍.ഒ.മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി കൊണ്ട് ബൂത്തിലെ വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കാന്‍ വേണ്ട നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചു. വോട്ടര്‍പ്പട്ടികയെ സംബന്ധിച്ചും വോട്ടര്‍മാരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കുവാനും അതതു ബൂത്തുകളിലെ ബി.എല്‍.ഒ.മാര്‍ക്ക് ഉത്തരവാദിത്വം കമ്മീഷന്‍ നല്കിയിട്ടുണ്ട്. വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുക നീക്കം ചെയ്യുക തുടങ്ങി വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആളുകള്‍ക്ക് തങ്ങളുടെ ബൂത്തിലെ ബി.എല്‍. ഒ.യുമായി ബന്ധപ്പെട്ടാല്‍ മതി. നിങ്ങളുടെ ബൂത്തിലെ ബി.എല്‍.ഒ. യെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്‌ത് ബൂത്ത് തിരഞ്ഞെടുത്താല്‍ മതി.

ഗൂഗിള്‍ ഓണ്‍ലൈന്‍ ടൂള്‍ വഴി ഓരോ ലോകസഭാ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ അറിയാം

  ഇന്റര്‍നെറ്റ് രംഗത്തെ അതികായകനായ ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍  വോട്ടര്‍മാര്‍ക്ക് സഹായകമായി  ഒരു പുതിയ ടൂള്‍ അവതരിപ്പിച്ചു. . ‘Know Your Candidates tool’ എന്ന ഈ ടൂള്‍ വഴി ഇന്ത്യയിലെ ഓരോ ലോകസഭാ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെകുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സ്ഥാനാര്‍ത്ഥികളെകുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട എല്ലാ കാര്യങ്ങളും ഈ ടൂള്‍ വഴി അറിയാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ടൂളിലേക്കു പോകാം  http://www.google.co.in/elections/ed/in/districts 
                  സ്ഥാനാര്‍ഥിയുടെ പേര്, വയസ്സ്, രാഷ്ട്രീയ പാര്‍ട്ടി, സ്ഥാനാര്‍ഥിയുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍, സ്വത്ത്, വിദ്യാഭ്യാസ യോഗ്യത തുടങ്ങി വോട്ടര്‍മാര്‍ക്ക് അറിയേണ്ട എല്ലാ വിവരങ്ങളും നമുക്ക് ഈ ടൂള്‍ വഴി മനസിലാകം. മാപ്പില്‍ നിങ്ങളുടെ മണ്ഡലത്തില്‍ ക്ലിക്ക് ചെയ്താല്‍ ഇടതു വശത്തായി ആ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളുടെയും വിവരങ്ങള്‍ കാണാം. മാപ്പില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന മണ്ഡലം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ മണ്ഡലത്തിലെ ഏതെങ്കിലും സ്ഥലത്തിന്റെ പിന്‍ കോഡ് ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

  സിറില്‍ ജോര്‍ജ് 
 ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍

(ലേഖകന്‍ മലപ്പുറം ജില്ലയില്‍ ഏറനാട് നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ.യാണ്)

Read more ...

31 മാർച്ച് 2014

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : കോടഞ്ചേരി എപ്പാര്‍ക്കിയല്‍ അക്കാദമി ജേതാക്കള്‍.

           
       ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെയും മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഗ്രൌണ്ടില്‍ ശനിയാഴ്ച്ച നടന്ന  ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 173 പോയിന്റു നേടിയ കോടഞ്ചേരി എപ്പാര്‍ക്കിയല്‍ അക്കാദമി ഓവറോള്‍ ചാമ്പ്യന്‍മാരായി. 98 പോയിന്റു നേടിയ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനവും 64 പോയിന്റു നേടി ചക്കിട്ടപ്പാറ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ടി.കുര്യന്‍ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍  ടി.എം. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. 
 


Read more ...

28 മാർച്ച് 2014

കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ തെങ്ങ് പുനരുദ്ധാരണ പദ്ധതി : പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്‍ മാത്യകയാകുന്നു.

മലയന്‍ കുറിയപച്ച തെങ്ങിന്‍ തൈകളുടെ വിതരണം
              കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ  തെങ്ങ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്റെ കീഴിലുള്ള 17 നാളികേര ഉല്‍പ്പാദന സംഘങ്ങളിലെ 1191 കര്‍ഷകര്‍ക്ക് ഒരു കോടി രണ്ടു ലക്ഷം രൂപയുടെ ധനസഹായം 2013-14 വര്‍ഷം വിതരണം ചെയ്യുവാന്‍ കഴിഞ്ഞുവെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ.സിറിയക്ക് മണലോടി അറിയിച്ചു.

           ഉല്‍പ്പാദനം  കുറഞ്ഞ വാര്‍ദ്ധക്യം ബാധിച്ചവയും, കാറ്റുവീഴ്ച്ച രോഗം ബാധിച്ചവയുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന്, തെങ്ങൊന്നിന് 500 രൂപ വെച്ചും പുതിയ തെങ്ങ് നടുന്നതിന്, 20 രൂപ വെച്ചും ശേഷിക്കുന്ന തെങ്ങുകളെ പരിപാലിക്കുന്നതിന്, തെങ്ങൊന്നിന് 100 രൂപയുടെ വളവുമാണ് 1597 ഏക്കര്‍ സ്ഥലത്തെ ക്യഷിക്ക് ലഭിക്കുന്നത്.
            കേരളത്തിലെ 99% ഇനം തെങ്ങുകളും ഉയരം കൂടിയ നെടിയ ഇനം തെങ്ങുകളാണ്. തെങ്ങുകയറ്റ തൊഴിലാളികളുടെ സഹായമില്ലാതെ  വിളവെടുക്കുവാനോ, നീര ടാപ്പ് ചെയ്യുവാനോ സാധ്യമല്ല. നാളികേര  വികസന  ബോര്‍ഡിന്റെ  തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം  കേരളത്തിലെ ഉല്‍പ്പാദനം കുറഞ്ഞ  18 ലക്ഷം  തെങ്ങുകള്‍ നാലുവര്‍ഷം കൊണ്ട് വെട്ടി മാറ്റേണ്ടതുണ്ട്. ഇവയുടെ സ്ഥാനത്ത് കുറിയ ഇനം  തെങ്ങുകളാണ് വെച്ച് പിടിപ്പിക്കേണ്ടതെന്ന് മനസിലാക്കിയ, കേരമിത്ര ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്  ശ്രീ. സണ്ണി കൊടുകപ്പള്ളിയുടെ  നേത്യത്വത്തില്‍  മലയന്‍ കുറിയ പച്ചയുടെ വിപുലമായ നഴ്‌സറി പരിപാലിച്ചു വരുന്നുണ്ട്.
        നിലത്തു നിന്ന് നീര ചെത്താനും, ഇളനീരും,തേങ്ങയും  പറിക്കുവാനും  കഴിയുന്ന കുറിയ ഇനം തെങ്ങുകളാണ്. തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം  വെട്ടിമാറ്റുന്ന തെങ്ങുകള്‍ക്ക് പകരം നട്ടുപിടിപ്പിക്കേണ്ടത്. ഈ വര്‍ഷം തന്നെ ചാവക്കാടന്‍ കുറിയ ഇനങ്ങളും, മലയന്‍ കുറിയ ഇനങ്ങളും, സങ്കര ഇനങ്ങളായ  കേരശ്രീ (WCT X MYD), ചന്ദ്ര സങ്കര (COD X WCT), കല്‍പ സമ്യദ്ധി ( MYD X WCT) എന്നിവയുടെ നഴ്‌സറിയും ആരംഭിക്കുവാനുള്ള നടപടികള്‍ ഫെഡറേഷന്‍ സ്വീകരിച്ചുണ്ട്.
       ഫെഡറേഷന്റെ കീഴിലുള്ള എല്ലാ ഉല്‍പാദക സംഘങ്ങളിലും വളം വിതരണം നടത്തുന്നത് കര്‍മ്മ സേനയാണ്. കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല ഇരുപതു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുണ്ട്. ക്യഷി പ്രത്യേകിച്ചും കേരക്യഷി സുഗമമായി കൊണ്ടു പോകണമെങ്കില്‍ കര്‍ഷകര്‍ക്ക് ക്യഷിയില്‍ താല്‍പര്യം വേണം. ക്യഷിയില്‍ നിന്നു വരുമാനം വേണം . തെങ്ങുക്യഷി പരിചരണം, വിളവെടുപ്പ്, കീട നിയന്ത്രണം, സംസ്‌ക്കരണം എന്നിവയില്‍ വിദഗ്ദ പരിശീലനം നല്കി  17 നാളികേര ഉല്‍പാദന സംഘങ്ങളിലും ക്യഷിക്കാരുടെ കര്‍മ്മ സേന രൂപീകരിക്കാനുള്ള  കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ കേരമിത്ര ഫെഡറേഷന്‍  തുടക്കമിട്ടിട്ടുണ്ട്.

മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത

കേര കര്‍ഷകര്‍ക്ക് താങ്ങായി പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി.

Read more ...

25 മാർച്ച് 2014

ഫ്ലൈറ്റ് റഡാര്‍(Flight Radar) : ലോകത്തെവിടെയുമുള്ള യാത്രാവിമാനങ്ങളെ നമുക്കും ലൈവായി ട്രാക്ക് ചെയ്യാം.

ഇന്ത്യയുടെ ആകാശം ഫ്ലൈറ്റ് റഡാറില്‍
           ആകാശത്തുകൂടി പറന്നു പോകുന്ന വിമാനങ്ങള്‍ കുട്ടിക്കാലത്ത് നമുക്കെല്ലാവര്‍ക്കും വളരെ കൌതുകം ജനിപ്പിക്കുന്നതായിരുന്നു. പ്രായമേറിയാലും ആകാശത്തുകൂടി ഒരു വിമാനം പറക്കുന്നതു കണ്ടാല്‍  ഇപ്പോഴും ഒന്നു നോക്കാന്‍
നാം മടിക്കാറില്ല പ്രത്യേകിച്ചും വാഹനങ്ങളോട് കമ്പമുള്ളവര്‍. ഇപ്പോള്‍ ലോകത്തെവിടെയുമുള്ള   യാത്രാവിമാനങ്ങളെ ലൈവായി ട്രാക്ക് ചെയ്യുവാനും, അവയെ സംബന്ധിച്ച വിവരങ്ങളും നല്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട് ഇന്റര്‍നെറ്റില്‍. ഇത്തരം വെബ്സൈറ്റുകളില്‍ വിമാനം എത്ര ദൂരത്തിലാണ്, ഉയരത്തിലാണ്, വിമാനം എവിടേക്കു പോകുന്നു, അതിന്റെ വേഗത, മോഡല്‍  തുടങ്ങി സകല വിവരങ്ങളും ഞൊടിയിടയില്‍  ക്യത്യതയോടെ ഗൂഗിള്‍ മാപ്പിന്റെ രൂപത്തില്‍ നമുക്കു മുന്‍പിലെത്തിക്കും. 


                ഇവര്‍ക്കിടയില്‍   ഫ്ലൈറ്റ് റഡാര്‍ (Flight Radar)എന്ന വെബ്സൈറ്റ് വേറിട്ടു നില്ക്കുന്നു. ലോകത്തിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും, വിമാനങ്ങളും ഈ വെബ്സൈറ്റിന്റെ പരിധിയില്‍ വരുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടത്. സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനുകളുള്ള സാധാരണ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ വിശദമായ വിവരങ്ങളോടെ  കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് പി.സി. തുടങ്ങിയ ഒട്ടുമിക്ക ഇലക്ട്രോണിക്ക് ഡിവൈസുകള്‍ വഴിയും   വിമാനങ്ങളെ ട്രാക്ക് ചെയാന്‍ സാധിക്കും.  

         
        മുന്‍പ് റെയില്‍ റഡാര്‍ എന്ന പേരില്‍ ഇന്ത്യയിലെ ട്രെയിനുകളെ ലൈവായി ലൊക്കേറ്റ് ചെയ്യുന്ന വെബ്സൈറ്റിനെക്കുറിച്ച്  ഈ ബ്ലോഗില്‍  ഒരു പോസ്റ്റു നല്കിയിരുന്നല്ലോ, ഇതേ മാത്യകയില്‍ കൂടുതല്‍ വിവരങ്ങളോടെ ലൈവായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു യാത്ര വിമാനങ്ങളെ തത്‌സമയം  ട്രാക്ക് ചെയ്യുകയാണ് ഫ്ലൈറ്റ് റഡാര്‍ എന്ന വെബ്സൈറ്റ്. മൊബൈലില്‍ ഈ സൌകര്യം ലഭിക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍  ലഭ്യമാണ്.  എല്ലാ ഒ.എസുകളിലും പ്രവര്‍ത്തിക്കുന്ന ആപ്പ്‌ളിക്കേഷനുകള്‍ മാര്‍ക്കറ്റിലും ലഭ്യമാണ്. നിലവില്‍ ചെറിയ പരസ്യങ്ങളുടെ അകമ്പടിയോടെയാണ് ഫ്ലൈറ്റ് റഡാര്‍  സൌജന്യമായി സേവനം നല്കുന്നത്. എന്നാല്‍ മാസം 3 ഡോളര്‍ മുടക്കിയാല്‍ കൂടുതല്‍ സൌകര്യങ്ങളോടെ പ്രീമിയം അക്കൌണ്ട് ലഭിക്കും.

                   ഈ വെബ്സൈറ്റിന്റെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്

ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെയും ലൊക്കേറ്റ് ചെയ്ത് പ്രദേശത്തെ വിമാനങ്ങളുടെ വരവും പോക്കും ലൈവായി ആനിമേഷന്‍ രൂപത്തില്‍ കാണാം.

വിമാനങ്ങളുടെ സഞ്ചാര പഥം ലൈവായി ലൊക്കേറ്റ് ചെയ്യാം.

പറന്നു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ഓരോ വിമാനങ്ങളുടെയും മുപ്പതു ദിവസം വരെയുള്ള  ഹിസ്റ്ററി, സ്റ്റാറ്റസ് എന്നിവ മനസ്സിലാക്കാം.

മാപ്പില്‍ കാണിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ (നീലനിറത്തിലുള്ളത്) ക്ലിക്ക് ചെയ്താല്‍  വിമാനത്താവളത്തിലെ കൂടുതല്‍ സ്ഥിതിവിവരക്കണക്കുകളും എയര്‍പോര്‍ട്ടിന്റെ റേറ്റിംഗും ദ്യശ്യമാകും.

 ഫ്ലൈറ്റ് റഡാറില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ ക്ലിക്ക് ചെയ്താല്‍ വിമാനത്തിന്റെ വേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്. വിമാനത്തിന്റെ പേരും, നമ്പറും, അക്ഷാംശം, രേഖാംശം ആകെ ദൂരത്തില്‍ എത്ര ദൂരം സഞ്ചരിച്ചു. പുറപ്പെട്ട സമയം, എത്തുന്ന സമയം തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും.

വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികളെക്കുറിച്ചും അവയുടെ ഓരോ വിമാനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും.

 മാപ് സൂം ചെയ്താല്‍ വിമാനം നീന്നിക്കൊണ്ടിരിക്കുന്ന മാത്യക കാണാന്‍ സാധിക്കും.

           2006ല്‍ ഒരു ഹോബി പ്രൊജക്റ്റ് എന്ന നിലയില്‍ സ്വീഡിഷുകരായ രണ്ടു പേര്‍ (aviation geeks) വടക്കന്‍ യൂറോപ്പിലും, മധ്യ യൂറോപ്പിലും ADS-B റിസീവറുകളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് ഫ്ലൈറ്റ് റഡാറിന്റെ പിറവിക്ക് നിദാനം. 2009തോടെ ഈ നെറ്റ്‌വര്‍ക്ക് സജ്ജമാവുകയും ADS-B റിസീവര്‍ വഴി ഏതൊരാള്‍ക്കും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്ന നിലയില്‍ ഇത് യാഥാര്‍ഥ്യമാവുകയും ചെയ്തു. തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഈ നെറ്റ്‌വര്‍ക്ക് വളരെയധികം വേഗത്തില്‍ വ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ നെറ്റ്‌വര്‍ക്കിന്റെ വ്യാപനം കാര്യക്ഷമത മുന്‍ നിര്‍ത്തി കൂടുതല്‍ മേഖലകളിലേക്ക് വികസിച്ചു കൊണ്ടിരിക്കുകയാണ്.

ഫ്ലൈറ്റ് റഡാറിന്റെ പ്രവര്‍ത്തന മാത്യക
          വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ ഏകോപിപ്പിച്ചാണ്, ലോകത്തെമ്പാടുമുള്ള യാത്രാ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ നിന്നു നമുക്ക് ലഭിക്കുന്നത്, പ്രധാനമായും  ADS-B, MLAT ( FR24-receivers) and FAA. എന്നിവയില്‍ നിന്നുള്ള വിവരങ്ങളും അതോടൊപ്പം വിവിധ എയര്‍ ലൈനുകളില്‍ നിന്നും എയര്‍പോര്‍ട്ടുകളില്‍ നിന്നുമുള്ള വിവരങ്ങളെയും സംയോജിപ്പിച്ചാണ് ഈ അതുല്യമായ ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനം എല്ലാവര്‍ക്കുമായി ലഭ്യമാക്കുന്നത്. ഫ്ലൈറ്റ് റഡാര്‍ നെറ്റ്‌വര്‍ക്കില്‍ ഫ്ലൈറ്റുകള്‍ ട്രാക്ക് ചെയ്യുവാന്‍ വേണ്ടി ലോകത്തെമ്പാടുമായി മൂവായിരത്തോളം ADS-B (Automatic Dependent Surveillance-Broadcast) റിസീവറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 

ADS-B ഉപകരണങ്ങള്‍
   ഫ്ലൈറ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ADS-B ട്രാന്‍സ്‌പോണ്ടറുകളില്‍  നിന്നുള്ള സിഗ്‌നലുകള്‍ ഭൂമിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള  ADS-B റിസീവറുകള്‍ (250-400 km റേഞ്ച്)   സ്വീകരിക്കുകയും ഇത് ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലേക്ക് നല്കുകയുമാണ് ചെയ്യുന്നത്. കൂടാതെ GPS നാവിഗേഷന്‍ പോലുള്ള നാവിഗേഷന്‍ ഉറവിടങ്ങളില്‍ നിന്നുമുള്ള വിവരങ്ങളും സംയോജിപ്പിച്ച് ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലൂടെയും, മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും എല്ലാവരിലേക്കുമെത്തിക്കുകയുമാണ് ഇവര്‍  ചെയ്യുന്നത്.
അമേരിക്കയുടെ ആകാശം
         ഇന്ന് ലോകത്തുള്ള അറുപത് ശതമാനം യാത്രാ വിമാനങ്ങളിലും ആധുനികമായ  ADS-B ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട് യൂറോപ്പിലും ഏഷ്യയിലുമുള്ള ഭൂരിഭാഗം വിമാനങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ 30% യാത്രാവിമാനങ്ങളിലെ ഈ സൌകര്യമുള്ളൂ. ഇവിടങ്ങളിലെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് ലഭിക്കുന്നത് Federal Aviation Administration നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചും മറ്റു സ്ഥലങ്ങളില്‍   MLAT അധിഷ്ഠിതമായ FR24 റിസീവറുകളില്‍ നിന്നുമാണ്. എന്നാല്‍ പഴയ മോഡല്‍ യാത്രാവിമാനങ്ങളിലും, പ്രൈവറ്റ് വിമാനങ്ങളിലും,  ADS-B ട്രാന്‍ സ്പോണ്ടര്‍ ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല. കൂടാതെ സുരക്ഷാ പരമായി  നിയന്ത്രണങ്ങളുള്ള വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങളും  വെബ്സൈറ്റില്‍ ലഭ്യമല്ല. എങ്കിലും ലോകത്തുള്ള ഭൂരിഭാഗം യാത്രാവിമാനങ്ങളെയും ഈ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
       എയര്‍ ട്രാഫിക്കിംഗ് രംഗത്ത് നിലവിലുള്ള റഡാര്‍ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് ADS-B എയര്‍ ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റലായുള്ള ആശയവിനിമയവും, നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചുള്ള വിവര ശേഖരണവും, കുറഞ്ഞ വിസിബിളിറ്റിയിലും എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് നടത്താമെന്നതും ഈ മേഖലയില്‍ ADS-B ന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടി.

യൂറോപ്പിന്റെ ആകാശം
            വെബ്സൈറ്റില്‍ രണ്ടു നിറത്തിലുള്ള വിമാനങ്ങളെയാണ്. കാണാന്‍ സാധിക്കുക മഞ്ഞയും, ഓറഞ്ചും ADS-B ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചുള്ള വിമാനങ്ങളാണ് മഞ്ഞ നിറത്തില്‍ കാണുക, ഇവ തത്സമയ വിവരങ്ങളാണ് നല്കുന്നത്  എന്നാല്‍ ഓറഞ്ച് നിറത്തിലുള്ള വിമാനങ്ങള്‍ Federal Aviation Administration (FAA-America,Canada) നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചുള്ള താണ് സുരക്ഷപരമായ കാരണങ്ങളാല്‍ അല്പം താമസിച്ചുള്ള വിവരങ്ങളാണ് FAA നല്കുന്നത്. ഏകദേശം 5 മിനിറ്റു വരെ ഇതില്‍ വിത്യാസം ഉണ്ട്. 

   മാപ്പിലുള്ള  വിമാനത്തെ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വിമാനം സഞ്ചരിച്ച വഴി വിവിധ കളറുകളില്‍ നമ്മുക്ക് കാണാം. വിമാന ഓരോ സ്ഥലങ്ങളിലും എത്ര ഉയരത്തിലാണ് എന്നതിന്റെ സൂചനയാണ് ഈ കളര്‍ വിത്യാസം.
          യൂറോപ്പില്‍ 99 ശതമാനത്തോളം  പ്രദേശങ്ങള്‍ ADS-B കവറേജ് ലഭിക്കുന്നുണ്ട്  ഏഷ്യന്‍ രാജ്യങ്ങള്‍,  ആസ്ട്രേലിയന്‍ ഭൂഖണ്ഡം  എന്നിവിടങ്ങളില്‍  മികച്ച ADS-B കവറേജാണ് ഉള്ളത്. ഭാവിയില്‍ ലോകത്തുള്ള എല്ലാ യാത്രാവിമാനങ്ങളിലും ADS-B ട്രാന്‍സ്പോണ്ടര്‍  ഘടിപ്പിച്ചിരിക്കുമെന്ന് ഫ്ലൈറ്റ് റഡാര്‍ അവകാശപ്പെടുന്നു. എയര്‍ ട്രാഫിക്കിംഗ് രംഗത്ത് ഇന്ന് റഡാറുകളെ പിന്തള്ളി ADS-B  കൂടുതല്‍ വിശ്വാസ്യതയുള്ള, കാര്യക്ഷമതയുമുള്ള മാധ്യമമായി മാറുകയാണ്. റഡാറുകള്‍ക്ക് കവറേജ് നല്കാന്‍ സാധിക്കാത്തയിടങ്ങളില്‍ വരെ ADS-B ഉപയോഗിച്ച് എയര്‍ ട്രാഫിക്കിംഗ് നടത്താന്‍ സാധിക്കുന്നത് ഇതിനു സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. 
     മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക (FAA)  ADS-B  ടെകനോളജി ഉപയോഗിക്കുന്നതില്‍ അല്പം  പുറകിലാണ്. നിലവില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റമാണിവിടെ വ്യാപകമായി ഉപയോഗിക്കുന്നത്. FAA നല്കുന്ന വിവരമനുസരിച്ച് ദിവസം 87,000 വിമാനങ്ങളാണ് അമേരിക്കയുടെ ആകാശത്ത് ദിവസേന സര്‍വീസ് നടത്തുന്നത്. 2025 ഓടെ ഇത് ദിവസേന ഒരു ലക്ഷത്തിലധികം ആകും. അറുപത് വര്‍ഷത്തിലധികമായി തുടരുന്ന ഇപ്പോഴുള്ള എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം  അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഈ പുതിയ സംവിധാനത്തിലേക്കു മാറാനുള്ള ശ്രമത്തിലാണ് അവര്‍.  2018 ഓടെ അമേരിക്കയില്‍  90% യാത്രവിമാനങ്ങളും ADS-B ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചവയായിരിക്കും എന്ന് FAA പ്രവചിക്കുന്നു. കൂടാതെ 2025 ഓടെ ഏറ്റവും ആധുനികമായ നെക്സ്റ്റ് ജെനറേഷന്‍ (NextGen) ADS-B  നടപ്പില്‍ വരുത്തുവാനുള്ള ബില്ല്യണ്‍ ഡോളര്‍  പദ്ധതിയുമായി അവര്‍ മുന്നോട്ടു പോയിരിക്കുകയാണ്.

ADS-B ആന്റിന
         ഇന്ത്യയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ നിയന്ത്രണങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ ആധുനികമായ ADS-B ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനും, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരും, പുതുതലമുറ എയര്‍ പോര്‍ട്ട് സിസ്റ്റമായ ADS-B ടെക്നോളജി   റഡാറുകള്‍ക്ക് പകരമെന്ന നിലയില്‍ ഇന്ത്യയില്‍  വളരെ വേഗത്തില്‍ വ്യാപിച്ചിട്ടുണ്ട്.

RADAR & ADS-B തമ്മിലുള്ള വ്യത്യാസം
       കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനത്തില്‍ നമുക്കും പങ്കു ചേരാന്‍ ഫ്ലൈറ്റ് റഡാര്‍ അവസരം ഒരുക്കുന്നുണ്ട്. പ്രധാനമായും. ADS-B or FR24(MLAT)  റിസീവറുകള്‍ നമ്മുടെ പ്രദേശത്ത്  സ്ഥാപിക്കുന്നതിലൂടെയാണ്. ഇതു സാധ്യമാവുക ഇതിനായുള്ള അപേക്ഷ സബ്മിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വെബ്സൈറ്റിലുണ്ട്.  വ്യോമ ഗതാഗതമേഖലയില്‍ താല്പര്യമുള്ള വോളണ്ടിയേഴ്സാണ്  ഈ റിസീവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവില്‍ ഇത്  നാലായിരത്തിലധികം ആളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 
        ഈ മേഖലയില്‍ താല്പര്യമുള്ളവരെയാണ് ഫ്ലൈറ്റ് റഡാര്‍  അവരുടെ  സംരംഭത്തില്‍ പങ്കാളിയാവാന്‍ ക്ഷണിക്കുന്നത്. ഇങ്ങനെ താല്പര്യമുള്ളവര്‍ക്ക്   കവറേജ് നല്കാന്‍ വേണ്ട ഉപകരണങ്ങള്‍  സൌജന്യമായി അവര്‍ അയച്ചു തരും. തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍  ചെയ്‌താല്‍  മാത്രം മതി, പക്ഷേ ഒരു കാര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് കണക്ഷനും കൂടി വേണം, റിസീവറില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയാണിത്. സംവിധാനം വര്‍ക്ക് ചെയ്തില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചു നല്‍കണം എന്ന വ്യവസ്ഥയുണ്ട്. അതിന്റെ ചിലവ് ഫ്ലൈറ്റ് റഡാര്‍ വഹിച്ചു കൊള്ളും. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. 
         വിമാനങ്ങളെ ട്രാക്ക് ചെയ്യുന്നതു പോലുള്ള  സംരംഭങ്ങളില്‍ സാധാരണ ആളുകളെ പങ്കെടുപ്പിക്കുന്നതില്‍ നിയമപരമായി പ്രശനങ്ങളൊന്നും ഇല്ല എന്നാണ് ഫ്ലൈറ്റ് റഡാര്‍ പറയുന്നത്. കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നമ്മുടെ രാജ്യത്ത് ലക്‌നോ, ഒറീസ, അഹമ്മദാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളാണ്  ADS-B Equipment  സ്ഥാപിക്കാന്‍ ഫ്ലൈറ്റ് റഡാര്‍ മുന്‍ഗണ നല്കുന്നത്. ADS-B ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ എയര്‍പോര്‍ട്ട് അതോറിറ്റികളും, ഏജന്‍സികളും എയര്‍ ട്രാഫിക്കിംഗ് നിയന്ത്രിക്കുമ്പോള്‍,  യാത്രാവിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാറിനെ പോലെയുള്ള മറ്റ് വെബ്സൈറ്റുകളുമുണ്ട് ഉദാഹരണമായി റഡാര്‍ ബോക്സ് 24.കോം, റഡാര്‍ വിര്‍ച്വല്‍.കോം, പ്ലെയിന്‍ഫൈന്‍ഡര്‍.നെറ്റ് , കാസ്പെര്‍ഫ്ലൈറ്റ്.കോം , ഫ്ലൈറ്റ്‌വെയര്‍.കോം   എന്നിവ.
      ഈ പോസ്റ്റ് തയാറാക്കുമ്പോഴാണ് ആകാശത്ത് ഒരു വിമാനത്തിന്റെ ശബ്ദം കേട്ടത്, ഇടക്കിടെ ഇങ്ങനെ കേള്‍ക്കാറുള്ളതു കൊണ്ട് നമ്മുടെ നാടിനു മുകളിലൂടെ പറക്കുന്ന  വിമാനം എവിടെ നിന്നുള്ളതാണെന്നറിയാനൊരു കൌതുകം ഫ്ലൈറ്റ് റഡാറില്‍ കയറി പരിശോധിച്ചു.  സിംഗപ്പൂര്‍ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍  നിന്നും ആസ്ട്രേലിയയില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്കുള്ള സഞ്ചാരപാതയാണ് നമ്മുടെ ആകാശം.  ഫ്ലൈറ്റ് റഡാറിനെക്കുറിച്ച് കേട്ടപ്പോള്‍  താല്പര്യം തോന്നുന്നുണ്ടോ എങ്കില്‍ ഇനി നിങ്ങളും വിമാനങ്ങളെ ട്രാക്ക് ചെയ്തു തുടങ്ങിക്കോളൂ. ഇതാ  വെബ്സൈറ്റ് അഡ്രസ് www.flightradar24.com.


ഈയിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ അവസാന യാത്ര ഫ്ലൈറ്റ് റഡാറില്‍ രേഖപ്പെടുത്തിയത് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേ ബട്ടണ്‍ അമര്‍ത്തുക.

     സിറില്‍ ജോര്‍ജ് 
 ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍
Read more ...

17 മാർച്ച് 2014

PSC പരീക്ഷയ്ക്കായുള്ള വണ്‍ടൈം രജിസ്ട്രേഷന് ഫോട്ടോ പേരെഴുതി റീസൈസ് ചെയ്യാന്‍ എളുപ്പ വഴി.


               പി.എസ്.സി. രീക്ഷക്ക് അപേക്ഷിക്കുമ്പോള്‍    thulasi.keralapsc.gov.in/thulasi/  എന്ന വെബ്സൈറ്റില്‍ One time registration നടത്താന്‍ വേണ്ടി,  സൈസ് കുറച്ച് അടിയില്‍  പേരും എടുത്ത തിയതിയും രേഖപ്പെടുത്തിയ അപേക്ഷകന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട് ( PSCയുടെവെബ്സൈറ്റില്‍ ഫോട്ടോ റീസൈസ് ചെയ്യാന്‍ മാത്രമുള്ള ഓപ്ഷന്‍ ഉണ്ട്)  ഇതിനായി നിങ്ങളെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഇതാ. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് റീസൈസ് ചെയ്യുക. അതിനു ശേഷം ഫോട്ടോയ്ക്ക് അടിയില്‍ പേരും, എടുത്ത തിയതിയും  രേഖപ്പെടുത്തി  അവ ടിക്ക് ചെയ്ത് ക്രോപ് ബട്ടണില്‍ ക്ലിക്ക് ചെയ്ത്  ലഭിക്കുന്ന വിന്‍ഡോയിലെ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍ കിട്ടുന്ന ചിത്രം സേവ് ആസ്  ചെയ്യുക. ഈ വെബ്സൈറ്റുകളിലെ മറ്റു ലിങ്കുകളില്‍ വിവിധ പരീക്ഷകള്‍ ക്കുള്ള ഫോട്ടോ റീസൈസ് ചെയ്യാനും സിഗ്നേച്ചറുകള്‍ റീസൈസ് ചെയ്യാനുമുള്ള  ലിങ്കുകള്‍  നല്കിയിട്ടുണ്ട്
Read more ...

12 മാർച്ച് 2014

' മെമ്മറീസ് 79 ' പുല്ലൂരാംപാറയിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമം നടന്നു.

         
        പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ (1978-79) സംഗമം നടന്നു. ഇക്കഴിഞ്ഞ ക്രിസ്‌മസിനു പിറ്റേന്ന് സ്കൂള്‍ ഹാളില്‍ വെച്ചു നടന്ന ഒത്തുചേരലില്‍ അറുപതോളം പൂര്‍വ്വവിദ്യാര്‍ത്ഥികളും, അധ്യാപകരും  പങ്കെടുത്തു. പുല്ലൂരാംപാറയില്‍ ഹൈസ്കൂള്‍ സ്ഥാപിതമായ ശേഷം  1979ലാണ്   ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തു വരുന്നത്. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം  നടന്ന ആദ്യ സംഗമത്തിനെത്തിയവര്‍ക്ക് സഹപാഠികളില്‍ പലരെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.


                        2006 ല്‍  ലാല്‍ ജോസിന്റെ ' ക്ലാസ്‌മേറ്റ്സ് ' എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സമയത്താണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തെ കുറിച്ച് ആദ്യമായി ആലോചിച്ചു തുടങ്ങിയത്.   നാളുകളായി ആഗ്രഹിക്കുന്ന ആ പങ്കുവയ്ക്കലിന്റെയും  കണ്ടുമുട്ടലിന്റെയും സംഗമം ഗംഭീരമായി നടത്തിയ സന്തോഷത്തിലാണ് ഇതിന്റെ സംഘാടകര്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന  തങ്കച്ചന്‍ മണ്ഡപത്തിലാണ് ഈ സംഗമത്തിനായി  മുന്‍കൈ എടുത്തത് തുടര്‍ന്ന് ബോബന്‍ മുരിങ്ങയില്‍, ബെന്നി മൂഴിക്കുഴിയില്‍, സെബാസ്യന്‍ ചക്കുംമൂട്ടില്‍,  തങ്കച്ചന്‍ കാക്കനാട്ട്  എന്നിവരുടെ നേത്യത്വത്തില്‍  വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. നിരവധി പ്രാവശ്യം യോഗങ്ങള്‍ ചേര്‍ന്ന കമ്മറ്റി അംഗങ്ങള്‍ തങ്ങളുടെ സഹപാഠികളുടെ  വിലാസവും ഫോണ്‍ നമ്പറുകളും വളരെയധികം കഷ്ടപ്പെട്ട് ശേഖരിച്ചാണ് സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിയത്.


          1979ല്‍  ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങുമ്പോള്‍ 86 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം  ദേശത്തും,വിദേശത്തുമായി  വിവിധ നാടുകളില്‍ താമസമുറപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിളില്‍   ഭൂരിഭാഗവും ഈ ഒത്തുചേരലിനായി തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിലേക്ക് തിരക്കുകളെല്ലം മാറ്റി വെച്ച് ഓടിയെത്തുകയായിരുന്നു. പലരും  കുടുംബാംഗങ്ങളൊടൊപ്പം നേരത്തെ തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു. സൌഹ്യദം പങ്കിട്ടും, പരിചയം പുതുക്കലുമായി എല്ലാവരും തിരക്കിലായിരുന്നെങ്കിലും  രാവിലെ പത്തുമണിയോടെ തന്നെ കാര്യപരിപാടികള്‍ ആരംഭിച്ചു.   സംഘാടക സമിതി കണ്‍വീനര്‍  സി.പി. സെബാസ്റ്റ്യന്‍ ചക്കുംമൂട്ടിലാണ് ചടങ്ങുകള്‍ക്ക് അധ്യക്ഷം വഹിച്ചത്.


            വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ ഗുരുക്കന്‍മാര്‍ക്ക് പൂക്കള്‍ നല്കിയാണ്  വേദിയിലേക്ക് സ്നേഹപൂര്‍വ്വം  ആനയിയിച്ചത്.   ഈ ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന, ഇപ്പോള്‍ ഈ ലോകത്തോടു വിടപറഞ്ഞ മേരി വെട്ടിക്കല്‍, നാന്‍സി മണിമലത്തറപ്പില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അധ്യാപകരെ മൊമന്റം നല്കി ആദരിക്കുകയുണ്ടായി. അടുത്ത സെഷനില്‍ എല്ലാവരും തങ്ങളെ  മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി 1979 മുതല്‍ ഇന്നു വരെയുള്ള കാര്യങ്ങള്‍, വന്ന വഴികള്‍ ഓരോരുത്തരും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു. അധ്യാപകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.


         ഉച്ചയ്ക്ക് വിഭവ സമ്യദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഉച്ച ഭക്ഷണത്തിനു മുന്‍പ് എല്ലാവരും ഒത്തൊരുമ്മിച്ചുള്ള ഫോട്ടോ എടുക്കുകയും, സംഗമം അവസാനിക്കുന്നതിനു മുന്‍പ് എല്ലാവര്‍ക്കും അത് കലണ്ടര്‍ രൂപത്തില്‍ നല്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള (6 മക്കള്‍ ) ജോസ് പറപ്പന്താനത്തെ  ആദരിക്കുകയുണ്ടായി. ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ പഴയകാല ഫോട്ടോ വലുതാക്കി ഫ്ലെക്സിലാക്കി ചുമരില്‍ തൂക്കിയിട്ടിട്ടത് ഏവരിലും  ഗ്യഹാതുര സ്മരണകള്‍ ഉണര്‍ത്തി. 


            ഓരോരുത്തരും  കൊണ്ടു വന്ന സമ്മാനങ്ങള്‍ കൈമാറിക്കൊണ്ടാണ് ചടങ്ങുകള്‍  അവസാനിച്ചത്. പണ്ടുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹ്യത്തുക്കള്‍ക്ക് കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ ഫോണ്‍ വഴിയുള്ള ബന്ധം പോലും സാധിച്ചിരുന്നില്ല, മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഒത്തുചേരല്‍  ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചതോടൊപ്പം  അവരുടെ സൌഹ്യദം തുടരാനുള്ള വേദിയും കൂടിയുമായി മാറുകയായിരുന്നു.

                                ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമക്കാഴ്ച്ചകള്‍

Read more ...