07 ജൂൺ 2012

പുഴയുടെ സൌന്ദര്യം തേടി വിനോദ സഞ്ചാരികള്‍ അരിപ്പാറയിലേക്ക്

                  
        വെള്ളരിമലയ്ക്കു കീഴെ ഇരവഞ്ഞിപ്പുഴയുടെ സൌന്ദര്യം തേടി അരിപ്പാറയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ പുഴയെ ഇത്രയധികം സൌന്ദര്യത്തോടെ കാണാന്‍ കഴിയുക അരിപ്പാറയിലെത്തു മ്പോഴാണ്. സ്വദേശികളും വിദേശികളുമുള്‍പ്പടെ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമായി ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ അരിപ്പാറ മാറിയതിനു കാരണം ഇതിന്റെ വശ്യമായ സൌന്ദര്യമാണ്. കോഴിക്കോടു നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം അരിപ്പാറയിലെത്തിച്ചേരാന്‍. എങ്കില്‍ തന്നെയും നഗരത്തിന്റെ തിരക്കിലും യാന്ത്രികമായ ജീവിതത്തിലും പെട്ടുഴലുന്ന നഗരവാസികള്‍ക്ക് പ്രക്യതിയുടെ ശാന്തത പ്രദാനം ചെയ്യുന്ന തുരുത്തായി അരിപ്പാറ മാറുന്നു.

                ഉരുണ്ട മിനുസമുള്ള പാറക്കല്ലുകളും അലസമായൊഴുകുന്ന പുഴയുമായി ജന്മമെടുക്കുന്ന ഇരവഞ്ഞിപ്പുഴ അരിപ്പാറയിലെത്തുമ്പോള്‍ ചെറിയ വെള്ളച്ചാട്ടമായും  വലിയ പാറകള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന പുഴയും അതിനിടയില്‍ രൂപം കൊള്ളുന്ന ചെറിയ കയങ്ങളുമായി മാറുന്നു.  ഈ സൌന്ദര്യമാണ് അരിപ്പാറയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നത്.


             സഞ്ചാരികള്‍  ധാരാളമായി എത്തിത്തുടങ്ങിയതിനാല്‍  ഡി.റ്റി.പി.സി രണ്ടു ലൈഫ് ഗാര്‍ഡുകളെ ഇവിടെ നിയോഗിക്കുകയുണ്ടായി, കൂടാതെ എന്‍ട്രിഫീ ഏര്‍പ്പെടുത്തുകയും പാര്‍ക്കിംഗിനായി സ്ഥലമുടമയുമായി കരാറില്‍ ഏര്‍പ്പെട്ട് പാര്‍ക്കിംഗ് ഫീസ് മേടിച്ചു കൊണ്ട് സൌകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. 


         കൂടുതല്‍ വികസന പദ്ധതികളാണ് അരിപ്പാറയെ കാത്തിരിക്കുന്നത്. പുഴക്കു കുറുകെ നിര്‍മ്മിക്കുന്ന തൂക്കുപാലമാണ് പ്രധാനപ്പെട്ടത്. കൂടാതെ മറു വശത്തുനിന്നും അരിപ്പാറയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൌകര്യം, ടൂറിസം കോറിഡോറില്‍പ്പെടു ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ അരിപ്പാറയെ കൂടുതല്‍ പ്രശസ്തമാക്കുമെന്ന് പ്രതീക്ഷിക്കാം.


              വാരാന്ത്യങ്ങള്‍ തികച്ചും ശാന്തമായി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?...... അരിപ്പാറ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരു പുഴയുടെ ആത്മാവിനെയും പുഴയുടെ സൌന്ദര്യത്തെയും  മതിയാവോളം  നിങ്ങള്‍ക്ക് ഇവിടെ ദര്‍ശിക്കാം. 

മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍