25 മാർച്ച് 2014

ഫ്ലൈറ്റ് റഡാര്‍(Flight Radar) : ലോകത്തെവിടെയുമുള്ള യാത്രാവിമാനങ്ങളെ നമുക്കും ലൈവായി ട്രാക്ക് ചെയ്യാം.

ഇന്ത്യയുടെ ആകാശം ഫ്ലൈറ്റ് റഡാറില്‍
           ആകാശത്തുകൂടി പറന്നു പോകുന്ന വിമാനങ്ങള്‍ കുട്ടിക്കാലത്ത് നമുക്കെല്ലാവര്‍ക്കും വളരെ കൌതുകം ജനിപ്പിക്കുന്നതായിരുന്നു. പ്രായമേറിയാലും ആകാശത്തുകൂടി ഒരു വിമാനം പറക്കുന്നതു കണ്ടാല്‍  ഇപ്പോഴും ഒന്നു നോക്കാന്‍
നാം മടിക്കാറില്ല പ്രത്യേകിച്ചും വാഹനങ്ങളോട് കമ്പമുള്ളവര്‍. ഇപ്പോള്‍ ലോകത്തെവിടെയുമുള്ള   യാത്രാവിമാനങ്ങളെ ലൈവായി ട്രാക്ക് ചെയ്യുവാനും, അവയെ സംബന്ധിച്ച വിവരങ്ങളും നല്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട് ഇന്റര്‍നെറ്റില്‍. ഇത്തരം വെബ്സൈറ്റുകളില്‍ വിമാനം എത്ര ദൂരത്തിലാണ്, ഉയരത്തിലാണ്, വിമാനം എവിടേക്കു പോകുന്നു, അതിന്റെ വേഗത, മോഡല്‍  തുടങ്ങി സകല വിവരങ്ങളും ഞൊടിയിടയില്‍  ക്യത്യതയോടെ ഗൂഗിള്‍ മാപ്പിന്റെ രൂപത്തില്‍ നമുക്കു മുന്‍പിലെത്തിക്കും. 


                ഇവര്‍ക്കിടയില്‍   ഫ്ലൈറ്റ് റഡാര്‍ (Flight Radar)എന്ന വെബ്സൈറ്റ് വേറിട്ടു നില്ക്കുന്നു. ലോകത്തിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും, വിമാനങ്ങളും ഈ വെബ്സൈറ്റിന്റെ പരിധിയില്‍ വരുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടത്. സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനുകളുള്ള സാധാരണ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ വിശദമായ വിവരങ്ങളോടെ  കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് പി.സി. തുടങ്ങിയ ഒട്ടുമിക്ക ഇലക്ട്രോണിക്ക് ഡിവൈസുകള്‍ വഴിയും   വിമാനങ്ങളെ ട്രാക്ക് ചെയാന്‍ സാധിക്കും.  

         
        മുന്‍പ് റെയില്‍ റഡാര്‍ എന്ന പേരില്‍ ഇന്ത്യയിലെ ട്രെയിനുകളെ ലൈവായി ലൊക്കേറ്റ് ചെയ്യുന്ന വെബ്സൈറ്റിനെക്കുറിച്ച്  ഈ ബ്ലോഗില്‍  ഒരു പോസ്റ്റു നല്കിയിരുന്നല്ലോ, ഇതേ മാത്യകയില്‍ കൂടുതല്‍ വിവരങ്ങളോടെ ലൈവായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു യാത്ര വിമാനങ്ങളെ തത്‌സമയം  ട്രാക്ക് ചെയ്യുകയാണ് ഫ്ലൈറ്റ് റഡാര്‍ എന്ന വെബ്സൈറ്റ്. മൊബൈലില്‍ ഈ സൌകര്യം ലഭിക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍  ലഭ്യമാണ്.  എല്ലാ ഒ.എസുകളിലും പ്രവര്‍ത്തിക്കുന്ന ആപ്പ്‌ളിക്കേഷനുകള്‍ മാര്‍ക്കറ്റിലും ലഭ്യമാണ്. നിലവില്‍ ചെറിയ പരസ്യങ്ങളുടെ അകമ്പടിയോടെയാണ് ഫ്ലൈറ്റ് റഡാര്‍  സൌജന്യമായി സേവനം നല്കുന്നത്. എന്നാല്‍ മാസം 3 ഡോളര്‍ മുടക്കിയാല്‍ കൂടുതല്‍ സൌകര്യങ്ങളോടെ പ്രീമിയം അക്കൌണ്ട് ലഭിക്കും.

                   ഈ വെബ്സൈറ്റിന്റെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്

ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെയും ലൊക്കേറ്റ് ചെയ്ത് പ്രദേശത്തെ വിമാനങ്ങളുടെ വരവും പോക്കും ലൈവായി ആനിമേഷന്‍ രൂപത്തില്‍ കാണാം.

വിമാനങ്ങളുടെ സഞ്ചാര പഥം ലൈവായി ലൊക്കേറ്റ് ചെയ്യാം.

പറന്നു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ഓരോ വിമാനങ്ങളുടെയും മുപ്പതു ദിവസം വരെയുള്ള  ഹിസ്റ്ററി, സ്റ്റാറ്റസ് എന്നിവ മനസ്സിലാക്കാം.

മാപ്പില്‍ കാണിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ (നീലനിറത്തിലുള്ളത്) ക്ലിക്ക് ചെയ്താല്‍  വിമാനത്താവളത്തിലെ കൂടുതല്‍ സ്ഥിതിവിവരക്കണക്കുകളും എയര്‍പോര്‍ട്ടിന്റെ റേറ്റിംഗും ദ്യശ്യമാകും.

 ഫ്ലൈറ്റ് റഡാറില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ ക്ലിക്ക് ചെയ്താല്‍ വിമാനത്തിന്റെ വേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്. വിമാനത്തിന്റെ പേരും, നമ്പറും, അക്ഷാംശം, രേഖാംശം ആകെ ദൂരത്തില്‍ എത്ര ദൂരം സഞ്ചരിച്ചു. പുറപ്പെട്ട സമയം, എത്തുന്ന സമയം തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും.

വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികളെക്കുറിച്ചും അവയുടെ ഓരോ വിമാനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും.

 മാപ് സൂം ചെയ്താല്‍ വിമാനം നീന്നിക്കൊണ്ടിരിക്കുന്ന മാത്യക കാണാന്‍ സാധിക്കും.

           2006ല്‍ ഒരു ഹോബി പ്രൊജക്റ്റ് എന്ന നിലയില്‍ സ്വീഡിഷുകരായ രണ്ടു പേര്‍ (aviation geeks) വടക്കന്‍ യൂറോപ്പിലും, മധ്യ യൂറോപ്പിലും ADS-B റിസീവറുകളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് ഫ്ലൈറ്റ് റഡാറിന്റെ പിറവിക്ക് നിദാനം. 2009തോടെ ഈ നെറ്റ്‌വര്‍ക്ക് സജ്ജമാവുകയും ADS-B റിസീവര്‍ വഴി ഏതൊരാള്‍ക്കും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്ന നിലയില്‍ ഇത് യാഥാര്‍ഥ്യമാവുകയും ചെയ്തു. തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഈ നെറ്റ്‌വര്‍ക്ക് വളരെയധികം വേഗത്തില്‍ വ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ നെറ്റ്‌വര്‍ക്കിന്റെ വ്യാപനം കാര്യക്ഷമത മുന്‍ നിര്‍ത്തി കൂടുതല്‍ മേഖലകളിലേക്ക് വികസിച്ചു കൊണ്ടിരിക്കുകയാണ്.

ഫ്ലൈറ്റ് റഡാറിന്റെ പ്രവര്‍ത്തന മാത്യക
          വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ ഏകോപിപ്പിച്ചാണ്, ലോകത്തെമ്പാടുമുള്ള യാത്രാ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ നിന്നു നമുക്ക് ലഭിക്കുന്നത്, പ്രധാനമായും  ADS-B, MLAT ( FR24-receivers) and FAA. എന്നിവയില്‍ നിന്നുള്ള വിവരങ്ങളും അതോടൊപ്പം വിവിധ എയര്‍ ലൈനുകളില്‍ നിന്നും എയര്‍പോര്‍ട്ടുകളില്‍ നിന്നുമുള്ള വിവരങ്ങളെയും സംയോജിപ്പിച്ചാണ് ഈ അതുല്യമായ ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനം എല്ലാവര്‍ക്കുമായി ലഭ്യമാക്കുന്നത്. ഫ്ലൈറ്റ് റഡാര്‍ നെറ്റ്‌വര്‍ക്കില്‍ ഫ്ലൈറ്റുകള്‍ ട്രാക്ക് ചെയ്യുവാന്‍ വേണ്ടി ലോകത്തെമ്പാടുമായി മൂവായിരത്തോളം ADS-B (Automatic Dependent Surveillance-Broadcast) റിസീവറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 

ADS-B ഉപകരണങ്ങള്‍
   ഫ്ലൈറ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ADS-B ട്രാന്‍സ്‌പോണ്ടറുകളില്‍  നിന്നുള്ള സിഗ്‌നലുകള്‍ ഭൂമിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള  ADS-B റിസീവറുകള്‍ (250-400 km റേഞ്ച്)   സ്വീകരിക്കുകയും ഇത് ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലേക്ക് നല്കുകയുമാണ് ചെയ്യുന്നത്. കൂടാതെ GPS നാവിഗേഷന്‍ പോലുള്ള നാവിഗേഷന്‍ ഉറവിടങ്ങളില്‍ നിന്നുമുള്ള വിവരങ്ങളും സംയോജിപ്പിച്ച് ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലൂടെയും, മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും എല്ലാവരിലേക്കുമെത്തിക്കുകയുമാണ് ഇവര്‍  ചെയ്യുന്നത്.
അമേരിക്കയുടെ ആകാശം
         ഇന്ന് ലോകത്തുള്ള അറുപത് ശതമാനം യാത്രാ വിമാനങ്ങളിലും ആധുനികമായ  ADS-B ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട് യൂറോപ്പിലും ഏഷ്യയിലുമുള്ള ഭൂരിഭാഗം വിമാനങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ 30% യാത്രാവിമാനങ്ങളിലെ ഈ സൌകര്യമുള്ളൂ. ഇവിടങ്ങളിലെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് ലഭിക്കുന്നത് Federal Aviation Administration നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചും മറ്റു സ്ഥലങ്ങളില്‍   MLAT അധിഷ്ഠിതമായ FR24 റിസീവറുകളില്‍ നിന്നുമാണ്. എന്നാല്‍ പഴയ മോഡല്‍ യാത്രാവിമാനങ്ങളിലും, പ്രൈവറ്റ് വിമാനങ്ങളിലും,  ADS-B ട്രാന്‍ സ്പോണ്ടര്‍ ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല. കൂടാതെ സുരക്ഷാ പരമായി  നിയന്ത്രണങ്ങളുള്ള വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങളും  വെബ്സൈറ്റില്‍ ലഭ്യമല്ല. എങ്കിലും ലോകത്തുള്ള ഭൂരിഭാഗം യാത്രാവിമാനങ്ങളെയും ഈ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
       എയര്‍ ട്രാഫിക്കിംഗ് രംഗത്ത് നിലവിലുള്ള റഡാര്‍ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് ADS-B എയര്‍ ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റലായുള്ള ആശയവിനിമയവും, നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചുള്ള വിവര ശേഖരണവും, കുറഞ്ഞ വിസിബിളിറ്റിയിലും എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് നടത്താമെന്നതും ഈ മേഖലയില്‍ ADS-B ന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടി.

യൂറോപ്പിന്റെ ആകാശം
            വെബ്സൈറ്റില്‍ രണ്ടു നിറത്തിലുള്ള വിമാനങ്ങളെയാണ്. കാണാന്‍ സാധിക്കുക മഞ്ഞയും, ഓറഞ്ചും ADS-B ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചുള്ള വിമാനങ്ങളാണ് മഞ്ഞ നിറത്തില്‍ കാണുക, ഇവ തത്സമയ വിവരങ്ങളാണ് നല്കുന്നത്  എന്നാല്‍ ഓറഞ്ച് നിറത്തിലുള്ള വിമാനങ്ങള്‍ Federal Aviation Administration (FAA-America,Canada) നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചുള്ള താണ് സുരക്ഷപരമായ കാരണങ്ങളാല്‍ അല്പം താമസിച്ചുള്ള വിവരങ്ങളാണ് FAA നല്കുന്നത്. ഏകദേശം 5 മിനിറ്റു വരെ ഇതില്‍ വിത്യാസം ഉണ്ട്. 

   മാപ്പിലുള്ള  വിമാനത്തെ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വിമാനം സഞ്ചരിച്ച വഴി വിവിധ കളറുകളില്‍ നമ്മുക്ക് കാണാം. വിമാന ഓരോ സ്ഥലങ്ങളിലും എത്ര ഉയരത്തിലാണ് എന്നതിന്റെ സൂചനയാണ് ഈ കളര്‍ വിത്യാസം.
          യൂറോപ്പില്‍ 99 ശതമാനത്തോളം  പ്രദേശങ്ങള്‍ ADS-B കവറേജ് ലഭിക്കുന്നുണ്ട്  ഏഷ്യന്‍ രാജ്യങ്ങള്‍,  ആസ്ട്രേലിയന്‍ ഭൂഖണ്ഡം  എന്നിവിടങ്ങളില്‍  മികച്ച ADS-B കവറേജാണ് ഉള്ളത്. ഭാവിയില്‍ ലോകത്തുള്ള എല്ലാ യാത്രാവിമാനങ്ങളിലും ADS-B ട്രാന്‍സ്പോണ്ടര്‍  ഘടിപ്പിച്ചിരിക്കുമെന്ന് ഫ്ലൈറ്റ് റഡാര്‍ അവകാശപ്പെടുന്നു. എയര്‍ ട്രാഫിക്കിംഗ് രംഗത്ത് ഇന്ന് റഡാറുകളെ പിന്തള്ളി ADS-B  കൂടുതല്‍ വിശ്വാസ്യതയുള്ള, കാര്യക്ഷമതയുമുള്ള മാധ്യമമായി മാറുകയാണ്. റഡാറുകള്‍ക്ക് കവറേജ് നല്കാന്‍ സാധിക്കാത്തയിടങ്ങളില്‍ വരെ ADS-B ഉപയോഗിച്ച് എയര്‍ ട്രാഫിക്കിംഗ് നടത്താന്‍ സാധിക്കുന്നത് ഇതിനു സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. 
     മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക (FAA)  ADS-B  ടെകനോളജി ഉപയോഗിക്കുന്നതില്‍ അല്പം  പുറകിലാണ്. നിലവില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റമാണിവിടെ വ്യാപകമായി ഉപയോഗിക്കുന്നത്. FAA നല്കുന്ന വിവരമനുസരിച്ച് ദിവസം 87,000 വിമാനങ്ങളാണ് അമേരിക്കയുടെ ആകാശത്ത് ദിവസേന സര്‍വീസ് നടത്തുന്നത്. 2025 ഓടെ ഇത് ദിവസേന ഒരു ലക്ഷത്തിലധികം ആകും. അറുപത് വര്‍ഷത്തിലധികമായി തുടരുന്ന ഇപ്പോഴുള്ള എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം  അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഈ പുതിയ സംവിധാനത്തിലേക്കു മാറാനുള്ള ശ്രമത്തിലാണ് അവര്‍.  2018 ഓടെ അമേരിക്കയില്‍  90% യാത്രവിമാനങ്ങളും ADS-B ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചവയായിരിക്കും എന്ന് FAA പ്രവചിക്കുന്നു. കൂടാതെ 2025 ഓടെ ഏറ്റവും ആധുനികമായ നെക്സ്റ്റ് ജെനറേഷന്‍ (NextGen) ADS-B  നടപ്പില്‍ വരുത്തുവാനുള്ള ബില്ല്യണ്‍ ഡോളര്‍  പദ്ധതിയുമായി അവര്‍ മുന്നോട്ടു പോയിരിക്കുകയാണ്.

ADS-B ആന്റിന
         ഇന്ത്യയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ നിയന്ത്രണങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ ആധുനികമായ ADS-B ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനും, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരും, പുതുതലമുറ എയര്‍ പോര്‍ട്ട് സിസ്റ്റമായ ADS-B ടെക്നോളജി   റഡാറുകള്‍ക്ക് പകരമെന്ന നിലയില്‍ ഇന്ത്യയില്‍  വളരെ വേഗത്തില്‍ വ്യാപിച്ചിട്ടുണ്ട്.

RADAR & ADS-B തമ്മിലുള്ള വ്യത്യാസം
       കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനത്തില്‍ നമുക്കും പങ്കു ചേരാന്‍ ഫ്ലൈറ്റ് റഡാര്‍ അവസരം ഒരുക്കുന്നുണ്ട്. പ്രധാനമായും. ADS-B or FR24(MLAT)  റിസീവറുകള്‍ നമ്മുടെ പ്രദേശത്ത്  സ്ഥാപിക്കുന്നതിലൂടെയാണ്. ഇതു സാധ്യമാവുക ഇതിനായുള്ള അപേക്ഷ സബ്മിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വെബ്സൈറ്റിലുണ്ട്.  വ്യോമ ഗതാഗതമേഖലയില്‍ താല്പര്യമുള്ള വോളണ്ടിയേഴ്സാണ്  ഈ റിസീവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവില്‍ ഇത്  നാലായിരത്തിലധികം ആളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 
        ഈ മേഖലയില്‍ താല്പര്യമുള്ളവരെയാണ് ഫ്ലൈറ്റ് റഡാര്‍  അവരുടെ  സംരംഭത്തില്‍ പങ്കാളിയാവാന്‍ ക്ഷണിക്കുന്നത്. ഇങ്ങനെ താല്പര്യമുള്ളവര്‍ക്ക്   കവറേജ് നല്കാന്‍ വേണ്ട ഉപകരണങ്ങള്‍  സൌജന്യമായി അവര്‍ അയച്ചു തരും. തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍  ചെയ്‌താല്‍  മാത്രം മതി, പക്ഷേ ഒരു കാര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് കണക്ഷനും കൂടി വേണം, റിസീവറില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ഫ്ലൈറ്റ് റഡാര്‍ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയാണിത്. സംവിധാനം വര്‍ക്ക് ചെയ്തില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചു നല്‍കണം എന്ന വ്യവസ്ഥയുണ്ട്. അതിന്റെ ചിലവ് ഫ്ലൈറ്റ് റഡാര്‍ വഹിച്ചു കൊള്ളും. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. 
         വിമാനങ്ങളെ ട്രാക്ക് ചെയ്യുന്നതു പോലുള്ള  സംരംഭങ്ങളില്‍ സാധാരണ ആളുകളെ പങ്കെടുപ്പിക്കുന്നതില്‍ നിയമപരമായി പ്രശനങ്ങളൊന്നും ഇല്ല എന്നാണ് ഫ്ലൈറ്റ് റഡാര്‍ പറയുന്നത്. കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നമ്മുടെ രാജ്യത്ത് ലക്‌നോ, ഒറീസ, അഹമ്മദാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളാണ്  ADS-B Equipment  സ്ഥാപിക്കാന്‍ ഫ്ലൈറ്റ് റഡാര്‍ മുന്‍ഗണ നല്കുന്നത്. ADS-B ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ എയര്‍പോര്‍ട്ട് അതോറിറ്റികളും, ഏജന്‍സികളും എയര്‍ ട്രാഫിക്കിംഗ് നിയന്ത്രിക്കുമ്പോള്‍,  യാത്രാവിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാറിനെ പോലെയുള്ള മറ്റ് വെബ്സൈറ്റുകളുമുണ്ട് ഉദാഹരണമായി റഡാര്‍ ബോക്സ് 24.കോം, റഡാര്‍ വിര്‍ച്വല്‍.കോം, പ്ലെയിന്‍ഫൈന്‍ഡര്‍.നെറ്റ് , കാസ്പെര്‍ഫ്ലൈറ്റ്.കോം , ഫ്ലൈറ്റ്‌വെയര്‍.കോം   എന്നിവ.
      ഈ പോസ്റ്റ് തയാറാക്കുമ്പോഴാണ് ആകാശത്ത് ഒരു വിമാനത്തിന്റെ ശബ്ദം കേട്ടത്, ഇടക്കിടെ ഇങ്ങനെ കേള്‍ക്കാറുള്ളതു കൊണ്ട് നമ്മുടെ നാടിനു മുകളിലൂടെ പറക്കുന്ന  വിമാനം എവിടെ നിന്നുള്ളതാണെന്നറിയാനൊരു കൌതുകം ഫ്ലൈറ്റ് റഡാറില്‍ കയറി പരിശോധിച്ചു.  സിംഗപ്പൂര്‍ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍  നിന്നും ആസ്ട്രേലിയയില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്കുള്ള സഞ്ചാരപാതയാണ് നമ്മുടെ ആകാശം.  ഫ്ലൈറ്റ് റഡാറിനെക്കുറിച്ച് കേട്ടപ്പോള്‍  താല്പര്യം തോന്നുന്നുണ്ടോ എങ്കില്‍ ഇനി നിങ്ങളും വിമാനങ്ങളെ ട്രാക്ക് ചെയ്തു തുടങ്ങിക്കോളൂ. ഇതാ  വെബ്സൈറ്റ് അഡ്രസ് www.flightradar24.com.


ഈയിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ അവസാന യാത്ര ഫ്ലൈറ്റ് റഡാറില്‍ രേഖപ്പെടുത്തിയത് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേ ബട്ടണ്‍ അമര്‍ത്തുക.

     സിറില്‍ ജോര്‍ജ് 
 ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍

4 comments:

അജ്ഞാതന്‍ പറഞ്ഞു...

Very much informative, Thank you

Arun Thomas പറഞ്ഞു...

Informative

ഫൈസല്‍ ബാബു പറഞ്ഞു...

വളരെയധികം ഉപകാരപ്രദവും എല്ലാവരും വായിക്കപ്പെടെണ്ടതുമായ നല്ലൊരു ലേഖനം, കൂടുതല്‍ പേര്‍ വായിക്കട്ടെ , ആശംസകള്‍.

വള്ളുവനാടന്‍ പറഞ്ഞു...

വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്‌ . നമുക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ സഞ്ചാര പഥം എങ്ങനെ മനസിലാക്കാം എന്നത് വളരെ ലളിതമായ ഭാഷയില്‍ അതിമനോഹരമായി വിശദീകരിച്ചിരിക്കുന്നു .