15 ജനുവരി 2013

മൂലേപ്പാടം വഴി തുറന്നു, കക്കാടംപൊയില്‍-നിലമ്പൂര്‍ യാത്ര യാഥാര്‍ത്ഥ്യമായി.


           കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നായാടംപൊയില്‍ - കക്കാടംപൊയില്‍ - നിലമ്പൂര്‍ മലയോര ഹൈവേയിലെ മൂലേപ്പാടം പാലം  തുറന്നു കൊടുത്തതോടെ മലയോര ജനതയുടെ പതിറ്റാണ്ടുകളുടെ  യാത്രാദുരിതത്തിന് അറുതിയായി. എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് പണി പൂര്‍ത്തിയായ ഈ മലയോര പാതയിലെ മൂലേപ്പാടം പാലം 2008ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും  തടസങ്ങള്‍ നേരിട്ടതിനാല്‍  അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാലരക്കോടിയോളം രൂപ ചിലവഴിച്ച് ഇപ്പോള്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇതു വഴി നിലമ്പൂരില്‍ നിന്നും കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. 


          മൂലേപ്പാടം പാലത്തിന്റെ ഉദ്ഘാടനം ​ഇന്നു രാവിലെ 10.30ന് ബഹു.പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കുകയുണ്ടായി. ഊര്‍ജ്ജ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സഥലം എം പിയായ എം.ഐ. ഷാനവാസ്, ഏറനാട് നിയോജകമണ്ഡലം എം.എല്‍.എ.യായ പി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂലേപ്പാടം പാലത്തിനു സമീപം സംഘടിപ്പിച്ച ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ്  ഒഴുകിയെത്തിയത്.


        മലപ്പുറം കോഴിക്കോട് ജില്ലകളിലായി ചിതറിക്കിടക്കുന്ന കക്കാടംപൊയില്‍ ഗ്രാമത്തിലെ നായാടംപൊയില്‍ , തോട്ടപ്പള്ളി, വാളംതോട്, വെണ്ടേക്കുംപൊയില്‍ പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന്  പന്ത്രണ്ടു  കിലോമീറ്റര്‍ അകലെയുള്ള അകമ്പാടത്താണ് പഞ്ചായത്ത് കാര്യാലയവും, വിവിധ സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്നത്. മൂലേപ്പാടത്ത് പാലമില്ലാത്തതിനാല്‍ കൂടരഞ്ഞി, മുക്കം, അരീക്കോട്, നിലമ്പുര്‍ വഴി അറുപത് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് ആളുകള്‍ അകമ്പാടത്തെത്തിയിരുന്നത്. 


         കൂടാതെ ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും,  സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ഓഫീസ് കാര്യങ്ങള്‍ക്കും മറ്റുമായി  നിലമ്പൂരിലേക്കും, അകമ്പാടത്തേക്കുമായി വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ധാരാളം സമയ നഷ്ടവും, ധനനഷ്ടവും വരുത്തിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷമാണെങ്കിലും മൂലേപ്പാടം  പാലം യാഥാര്‍ത്ഥ്യമായത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ അനുഗ്രഹമായിരിക്കുകയാണ്.

                                   ഗൂഗിള്‍ എര്‍ത്ത് ചിത്രം