കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 ഓഗസ്റ്റ് 2014

കിസാന്‍ ക്യഷിദീപം പരിപാടിക്ക് പുല്ലൂരാംപാറയില്‍ നിന്ന് ഒരു എപ്പിസോഡ്.


               വൈവിധ്യമാര്‍ന്ന ക്യഷിരീതികളിലൂടെ മികച്ച വിജയം കൈവരിച്ച  പുല്ലൂരാംപാറ സ്വദേശി സാബു തറക്കുന്നേലിനെക്കുറിച്ചുള്ള  ഏഷ്യാനെറ്റിന്റെ കിസാന്‍ ക്യഷിദീപം പരിപാടി ശ്രദ്ധേയമാവുന്നു. ആഗസ്റ്റ് 23ം തിയതി സാബുവിനെക്കുറിച്ചുള്ള എപ്പിസോഡ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു. പരിപാടിയുടെ  വീഡിയോ ദ്യശ്യം താഴെ നല്‍കിയിരിക്കുന്നു.


Read more ...

28 മാർച്ച് 2014

കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ തെങ്ങ് പുനരുദ്ധാരണ പദ്ധതി : പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്‍ മാത്യകയാകുന്നു.

മലയന്‍ കുറിയപച്ച തെങ്ങിന്‍ തൈകളുടെ വിതരണം
              കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ  തെങ്ങ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്റെ കീഴിലുള്ള 17 നാളികേര ഉല്‍പ്പാദന സംഘങ്ങളിലെ 1191 കര്‍ഷകര്‍ക്ക് ഒരു കോടി രണ്ടു ലക്ഷം രൂപയുടെ ധനസഹായം 2013-14 വര്‍ഷം വിതരണം ചെയ്യുവാന്‍ കഴിഞ്ഞുവെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ.സിറിയക്ക് മണലോടി അറിയിച്ചു.

           ഉല്‍പ്പാദനം  കുറഞ്ഞ വാര്‍ദ്ധക്യം ബാധിച്ചവയും, കാറ്റുവീഴ്ച്ച രോഗം ബാധിച്ചവയുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന്, തെങ്ങൊന്നിന് 500 രൂപ വെച്ചും പുതിയ തെങ്ങ് നടുന്നതിന്, 20 രൂപ വെച്ചും ശേഷിക്കുന്ന തെങ്ങുകളെ പരിപാലിക്കുന്നതിന്, തെങ്ങൊന്നിന് 100 രൂപയുടെ വളവുമാണ് 1597 ഏക്കര്‍ സ്ഥലത്തെ ക്യഷിക്ക് ലഭിക്കുന്നത്.
            കേരളത്തിലെ 99% ഇനം തെങ്ങുകളും ഉയരം കൂടിയ നെടിയ ഇനം തെങ്ങുകളാണ്. തെങ്ങുകയറ്റ തൊഴിലാളികളുടെ സഹായമില്ലാതെ  വിളവെടുക്കുവാനോ, നീര ടാപ്പ് ചെയ്യുവാനോ സാധ്യമല്ല. നാളികേര  വികസന  ബോര്‍ഡിന്റെ  തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം  കേരളത്തിലെ ഉല്‍പ്പാദനം കുറഞ്ഞ  18 ലക്ഷം  തെങ്ങുകള്‍ നാലുവര്‍ഷം കൊണ്ട് വെട്ടി മാറ്റേണ്ടതുണ്ട്. ഇവയുടെ സ്ഥാനത്ത് കുറിയ ഇനം  തെങ്ങുകളാണ് വെച്ച് പിടിപ്പിക്കേണ്ടതെന്ന് മനസിലാക്കിയ, കേരമിത്ര ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്  ശ്രീ. സണ്ണി കൊടുകപ്പള്ളിയുടെ  നേത്യത്വത്തില്‍  മലയന്‍ കുറിയ പച്ചയുടെ വിപുലമായ നഴ്‌സറി പരിപാലിച്ചു വരുന്നുണ്ട്.
        നിലത്തു നിന്ന് നീര ചെത്താനും, ഇളനീരും,തേങ്ങയും  പറിക്കുവാനും  കഴിയുന്ന കുറിയ ഇനം തെങ്ങുകളാണ്. തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം  വെട്ടിമാറ്റുന്ന തെങ്ങുകള്‍ക്ക് പകരം നട്ടുപിടിപ്പിക്കേണ്ടത്. ഈ വര്‍ഷം തന്നെ ചാവക്കാടന്‍ കുറിയ ഇനങ്ങളും, മലയന്‍ കുറിയ ഇനങ്ങളും, സങ്കര ഇനങ്ങളായ  കേരശ്രീ (WCT X MYD), ചന്ദ്ര സങ്കര (COD X WCT), കല്‍പ സമ്യദ്ധി ( MYD X WCT) എന്നിവയുടെ നഴ്‌സറിയും ആരംഭിക്കുവാനുള്ള നടപടികള്‍ ഫെഡറേഷന്‍ സ്വീകരിച്ചുണ്ട്.
       ഫെഡറേഷന്റെ കീഴിലുള്ള എല്ലാ ഉല്‍പാദക സംഘങ്ങളിലും വളം വിതരണം നടത്തുന്നത് കര്‍മ്മ സേനയാണ്. കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല ഇരുപതു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുണ്ട്. ക്യഷി പ്രത്യേകിച്ചും കേരക്യഷി സുഗമമായി കൊണ്ടു പോകണമെങ്കില്‍ കര്‍ഷകര്‍ക്ക് ക്യഷിയില്‍ താല്‍പര്യം വേണം. ക്യഷിയില്‍ നിന്നു വരുമാനം വേണം . തെങ്ങുക്യഷി പരിചരണം, വിളവെടുപ്പ്, കീട നിയന്ത്രണം, സംസ്‌ക്കരണം എന്നിവയില്‍ വിദഗ്ദ പരിശീലനം നല്കി  17 നാളികേര ഉല്‍പാദന സംഘങ്ങളിലും ക്യഷിക്കാരുടെ കര്‍മ്മ സേന രൂപീകരിക്കാനുള്ള  കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ കേരമിത്ര ഫെഡറേഷന്‍  തുടക്കമിട്ടിട്ടുണ്ട്.

മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത

കേര കര്‍ഷകര്‍ക്ക് താങ്ങായി പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി.

Read more ...

04 ജനുവരി 2014

മീറ്റര്‍ പയര്‍ ക്യഷിയില്‍ നൂറുമേനി വിളവുമായി ഒരു കര്‍ഷകന്‍.


              പച്ചക്കറികള്‍ നമ്മുടെ നിത്യജീവിതത്തിലെ ആഹാരക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണപദാര്‍ത്ഥമാണ്. പച്ചക്കറികളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും,  ഇനിയും സ്വയം പര്യാപ്തത നേടാന്‍ സാധിക്കാത്ത നമുക്ക് അന്യസംസ്ഥാനങ്ങളെ തുടര്‍ന്നും ആശ്രയിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍  സ്വന്തം ക്യഷിയിടത്തില്‍ പച്ചക്കറികളുടെ ഉല്പാദനം നടത്തി മാത്യകയാവുകയാണ് പുല്ലൂരാംപാറ ഇലന്തുകടവ് സ്വദേശി എ.കെ.ജോസ് (ബാബു) ആക്കാട്ടുമുണ്ടക്കല്‍.


              പരീക്ഷണാടിസ്ഥാനത്തില്‍ അരയേക്കറോളം വരുന്ന ക്യഷിടത്തില്‍ മീറ്റര്‍ പയര്‍, കോളിഫ്ലവര്‍, കാബേജ് എന്നിവയാണ് ക്യഷി ചെയ്തിരിക്കുന്നത്. കൂടാതെ ചേമ്പ്, ചേന, വാഴ, കാച്ചില്‍, കപ്പ എന്നിവയും ഇടവിളയായി തന്റെ ക്യഷിയിടത്തിന്റെ മറ്റു ഭാഗങ്ങളില്‍   ക്യഷി ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് വിത്തുകളാണ് ഇവിടെ ക്യഷിക്കായി ഉപയോഗിച്ചിരിക്കുന്നത്  പ്രധാനമായും പയര്‍ ക്യഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഒക്ടോബര്‍ മാസം ആരംഭത്തോടെ തുടക്കം കുറിച്ച മീറ്റര്‍ പയര്‍ ക്യഷിയില്‍ ഒരു മാസം രണ്ടു ക്വിന്റലിലധികം പയര്‍ ഉല്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.   പുല്ലൂരാംപാറയിലെ തന്നെ കടകളില്‍ വില്പ്പനക്കായി എത്തിച്ചിരിക്കുന്ന മീറ്റര്‍ പയറിന് ധാരാളം ആവശ്യക്കാരുണ്ട്.
  
               പയര്‍ വിത്ത്  നട്ട് ഒന്നരമാസമാകുന്നതോടെ വിളവെടുപ്പിന് പാകമാവും. തുറസായ, ധാരാളം വെള്ളവും  സൂര്യപ്രശവും ലഭിക്കുന്ന സ്ഥലത്ത് നിലമൊരുക്കി പന്തലിട്ടാണ് പയറുക്യഷി ആരംഭിക്കുന്നത്. ചാണക സ്ലറിയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. കൂടാതെ ആഴ്ച്ചയിലൊരിക്കല്‍  വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിക്കും.  എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വെള്ളം നനയ്ക്കുകയും ചെയ്യുന്നുണ്ട്. ഒന്നര ദിവസം കൂടുമ്പോള്‍ വിളവെടുക്കുന്ന പയര്‍ ക്യഷി മെയ് മാസം വരെ തുടരാന്‍ സാധിക്കുമെന്നാണ് ജോസ് കരുതുന്നത്.



         വിളവെടുപ്പിനു പാകമാകുമ്പോഴേക്കും പയറു കൊത്തി തിന്നാനെത്തുന്ന തത്തകള്‍ ക്യഷിക്ക് ഭീക്ഷണിയായിരുന്നെങ്കിലും തോട്ടത്തില്‍ എഫ്.എം. റേഡിയോ സ്ഥാപിച്ച് ഇതിന് പരിഹാരം കണ്ടു. എങ്കിലും മുള്ളന്‍ പന്നിയുടെ ശല്യവും ഈ പ്രദേശത്ത് ക്യഷിക്ക് ഭീക്ഷണിയാവുന്നുണ്ട്. മീറ്റര്‍ പയര്‍ ക്യഷിയില്‍  ഫംഗസ് ബാധയും, പുഴു ശല്യവും വര്‍ധിച്ചു വരുന്നത് കാഫലം കുറയുമോയെന്ന ആശങ്കയും ജോസിനുണ്ട്. തോട്ടത്തില്‍ ക്യഷിഭവന്റെ സഹായത്തോടെ പുതിയതായി  ചെറിയ ഉള്ളി, കക്കിരി, കാപ്സിക്കം എന്നിവയുടെ വിത്തു കൂടി  പാകിയിട്ടുണ്ട്. പച്ചക്കറി ക്യഷിയില്‍ ജോസിനെ സഹായിക്കാനായി ഭാര്യ ആന്‍സിയും, ഇളയ മകന്‍ നോയലും കൂടെയുണ്ട്.


Read more ...

23 നവംബർ 2013

'കസ്തൂരി രംഗന്‍ (HLWG)' റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ ഡൌണ്‍ലോഡ് ചെയ്യാം.

    
       കേരള സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ മലയാളം പരിഭാഷ തയ്യാറാക്കിയിരിക്കുന്നു, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (KSBB) ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആണ് ഇത് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.' പശ്ചിമ ഘട്ട ഉന്നതതല സമിതി(HLWG) അവലോകനം ' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും' കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തമ്മിലുള്ള വിത്യാസം മാപുകളിലൂടെ വിശദമാക്കിയിട്ടുണ്ട്.

കസ്തൂരിരംഗന്‍ (HLWG) റിപ്പോര്‍ട്ട് മലയാളത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക



http://keralabiodiversity.org/

 കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു കസ്തൂരിരംഗന്‍ (HLWG) റിപ്പോര്‍ട്ട് മലയാളത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Read more ...

13 നവംബർ 2013

മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗാഡ്ഗില്‍ റിപോര്‍ട്ട്.

  മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഓണ്‍ലൈനായി  ഡൌണ്‍ലോഡ് ചെയ്യാം. കേരള സംസ്ഥാന ജൈവ വൈവിധ്യ  ബോര്‍ഡ് ' പശ്ചിമഘട്ട പരിസ്ഥിതി വിദ്ഗ്ദ സമിതി റിപ്പോര്‍ട്ട് - കേരളത്തിന് പ്രസക്തമായ ഭാഗങ്ങള്‍ ' എന്ന പേരില്‍  പുറത്തിറക്കിയ ഗാഡ്ഗില്‍ റിപോര്‍ട്ടിന്റെ പകര്‍പ്പാണ് വിവിധ വെബ്സൈറ്റുകളിലൂടെ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മലയോര മേഖലയിലെ ഒട്ടു മിക്ക ഫോട്ടോസ്റ്റാറ്റ് കടകളിലും ഇപ്പോള്‍ ഇതിന്റെ കോപ്പികള്‍  ലഭ്യമാണ്. ഇവയ്ക്ക് ധാരാളം ആവശ്യക്കാരുമുണ്ട്. എകദേശം അഞ്ഞൂറോളം  പേജുകള്‍ വരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രസക്തമായ ഭാഗങ്ങള്‍  58 പേജുകളിലാക്കിയുള്ള മലയാള പരിഭാഷയാണ് തയാറാക്കിയിരിക്കുന്നത്.  ഇവയുടെ പകര്‍പ്പുകള്‍ ലഭിക്കുന്ന രണ്ടു ലിങ്കുകള്‍ താഴെ നല്കിയിരിക്കുന്നു.

Google Document ലെ ഡൌണ്‍ലോഡ് ലിങ്ക്
 ഇംഗ്ലീഷിലുള്ള  ഗാഡ്ഗില്‍ റിപ്പോര്‍ട്ട്

             കേരള ശാസ്ത്ര സാഹിത്യ പരിഷത് പരിഭാഷ നിര്‍വഹിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. 500 പേജുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 321 പേജുകളിലായാണ് മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത് പരിഭാഷ നിര്‍വഹിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ലിങ്ക് 
Read more ...

09 നവംബർ 2013

കേര കര്‍ഷകര്‍ക്ക് താങ്ങായി പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി.

      
           2010 ല്‍ പുല്ലൂരാംപാറ ഇടവകയില്‍ പള്ളിപ്പാലത്തിന് അക്കരയുള്ള വാര്‍ഡുകളിലെ അറുപത്തഞ്ചോളം തെങ്ങുക്യഷിക്കാര്‍ ശ്രീ സണ്ണി കൊടുകപ്പള്ളിയുടെ നേത്യത്വത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി, നാളികേര വികസന ബോര്‍ഡിന്റെ അംഗീകാരവും നേടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘമാണ്. സൊസൈറ്റിയുടെ തുടക്കകാലത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല, എങ്കിലും ഭരണ സമിതി എല്ലാ മാസങ്ങളിലും ചേരുകയും ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നാളികേര വികസന ബോര്‍ഡ് നല്കുന്ന പരിശീലന പരിപാടികളില്‍  പരമാവധി പങ്കെടുക്കുകയും ബോര്‍ഡുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുകയും ചെയ്തിരുന്നു.

              2012 ലെ കൊപ്ര വിലയിടിവു കാലത്ത് സൊസൈറ്റിയിലെ ക്യഷിക്കാരില്‍ നിന്നും  ശേഖരിച്ച കൊപ്ര കേര ഫെഡിനു നല്കിയത് മൂലം ക്യഷിക്കാര്‍ക്ക് അധിക വരുമാനം നേടി കൊടുക്കാനും, സൊസൈറ്റിക്ക് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാനും കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം സൊസൈറ്റിയിലെ  69 ക്യഷിക്കാരുടെ  4269 തെങ്ങുകള്‍ക്ക് വളത്തിനും ഇടവിളക്യഷിക്കുമായി തെങ്ങൊന്നിന് നൂറു രൂപ പ്രകാരം നാലു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യം നേടികൊടുക്കാന്‍ സൊസൈറ്റിക്കു സാധിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തന മികവിന് നാളികേര വികസന ബോര്‍ഡ് നല്കിയ അംഗീകാരമാണ് ഈ സഹായം.
               ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന തെങ്ങു ക്യഷി പുനരുദ്ധാരണ പദ്ധതിക്ക് സൊസൈറ്റി തയാറെടുത്തു കഴിഞ്ഞു. രോഗം  ബാധിച്ചതും കായ് ഫലം കുറഞ്ഞതും  മുറിച്ചു മാറ്റേണ്ടതുമായ  തെങ്ങുകളുടെ കണക്കെടുപ്പ് ആരംഭിച്ചു. പദ്ധതിയില്‍ തെങ്ങു മുറിച്ചു മാറ്റുന്നതിന്, തെങ്ങൊന്നിന് 500 രൂപയും തൈ വെക്കാന്‍ 20 രൂപയുടെയും സഹായം ലഭ്യമാക്കാന്‍  ബോര്‍ഡിന്റെ അംഗീകാരമുള്ള നഴ്സറിയിലെ തൈകള്‍ ആവശ്യമായതിനാല്‍ സൊസൈറ്റി ഉള്‍പ്പെടുന്ന കേരമിത്ര ഫെഡറേഷന്റെ കീഴില്‍ ഗുണമേന്മയുള്ള പതിനായിരത്തിലധികം വരുന്ന മലയന്‍ കുറിയ പച്ച തൈകള്‍ തയ്യാറായിട്ടുണ്ട് .
              നീര ടാപ്പിംഗിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതേ സമയം തൊണ്ടു തല്ലുന്ന ഒരു പോര്‍ട്ടബിള്‍ മെഷ്യന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരുന്നു. ഭാവിയില്‍ ക്യഷിയുമായി ബന്ധപ്പെട്ട് ചെറികിട യന്ത്രങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് നല്കാനും വലിയ മുതല്‍ മുടക്കില്ലാത  തേങ്ങ അനുബന്ധ സംരംഭങ്ങളും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായി പാട്ടത്തിനെടുത്ത സ്ഥലത്ത് ക്യഷിക്കാരുടെ മുതല്‍ മുടക്കില്‍ ഓഫീസ് കെട്ടിടം  ജനുവരി 31 നു മുന്‍പായി നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
          സൊസൈറ്റിയുടെ  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായി മുന്നില്‍ നില്ക്കുന്നത് പ്രസിഡന്റ് സണ്ണി കൊടുകപ്പിള്ളിയില്‍, സെക്രട്ടറി  ജോസഫ് ചാക്കോ (ബിജു) ചോക്കാട്ട്, സ്കറിയ മണിയങ്ങാട്ട്, ബേബി പൂവത്തിങ്കല്‍  ഷാജി മിറ്റത്താനി, സാജു കളത്തൂര്‍, സാജന്‍ കൂടുങ്കല്‍, ജോര്‍ജ് വിളക്കുന്നേല്‍,  ജോജോ നങ്ങ്യാകുളം  എന്നിവരടങ്ങുന്ന ഭരണ സമിതിയാണ്. കൂടാതെ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും പൊതുയോഗങ്ങളില്‍ മറ്റെല്ലാ  കാര്യങ്ങളും മാറ്റി വെച്ച് കടന്നും വരുന്ന അംഗങ്ങളുമാണ് സൊസൈറ്റിയുടെ ഊര്‍ജ്ജം.
                

               നീര ഉല്പാദനം, മറ്റു പല മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മാണം തുടങ്ങിയ പല സംരംഭങ്ങളും പത്തില്‍ കുറയാത്ത സൊസൈറ്റികള്‍ ഉള്‍പ്പെടുന്ന ഫെഡറേഷനുകള്‍, കമ്പനികള്‍ വഴിയാണ്, ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്നത്. അതിനാല്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വലിയൊരു വരുമാന മാര്‍ഗം  നേടിയെടുക്കാന്‍ എല്ലാ സൊസൈറ്റികളുടെയും സജീവമായ പ്രവര്‍ത്തനം ആവശ്യമാണ്. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമായ തെങ്ങുക്യഷിയുടെ വികസനത്തിന് പള്ളിപ്പാലം നാളികേര വികസന സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ മറ്റു സൊസൈറ്റികള്‍ക്ക് വഴിക്കാട്ടുന്നതാണ്.


Read more ...

18 ഒക്‌ടോബർ 2013

കാര്‍ഷിക രംഗത്ത് ഉണര്‍വേകി പുല്ലൂരാംപാറയില്‍ ' കേരകര്‍ഷക സംഗമം ' നടന്നു.

           
      പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ കേരകര്‍ഷക സംഗമം സെപതംബര്‍ 27ം തിയതി വെള്ളിയാഴ്ച രാവിലെ 10-ന് പാരിഷ് ഹാളില്‍ നടന്നു. സി. മോയിന്‍ കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോര്‍ഡിന്റെ സഹായത്തോടെ കേരമിത്ര ഫെഡറേഷന്‍ ഉയരം കുറഞ്ഞ ഇനത്തില്‍പ്പെട്ട 10,000 'മലയന്‍ കുറിയപ്പച്ച' തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള നഴ്‌സറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് നിര്‍വഹിച്ചു.


               കൃഷിവകുപ്പിന്റെ ജില്ലാ അവാര്‍ഡ് നേടിയ തിരുവമ്പാടി കൃഷി ഓഫീസര്‍ പി. പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു. നീര ഉത്പാദനം സംബന്ധിച്ച് നാളികേര വികസന ബോര്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍ എം. മൃദുല ക്ലാസ്സെടുത്തു.  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ്, ഇ
.കെ. വിജയന്‍, സണ്ണി കൊടുകപ്പിള്ളി, ബേബി കട്ടിക്കാന, മേഴ്‌സി പുളിക്കാട്ട്, സിറിയക് മണലോടി എന്നിവര്‍ പ്രസംഗിച്ചു. 
                                         കൂടുതല്‍ ചിത്രങ്ങള്‍

Read more ...

05 ഒക്‌ടോബർ 2013

കേര കര്‍ഷകര്‍ രണ്ടാം വരവിനൊരുങ്ങുന്നു...

           സണ്ണി കൊടുകപ്പള്ളിയുടെ നേഴ്സറിയില്‍ പാകിയിരിക്കുന്ന വിത്തു തേങ്ങകള്‍           
          തെങ്ങ് ചതിക്കില്ല എന്ന പഴമൊഴിയെ മുറുകെ പിടിച്ചു കൊണ്ട് പുല്ലൂരാംപാറയിലെ കേര കര്‍ഷകര്‍ പുതിയൊരു കേര വിപ്ലവത്തിന് ഒരുങ്ങുന്നു.  1940കളില്‍ പുല്ലൂരാംപാറയില്‍ കുടിയേറിയ കര്‍ഷകര്‍ മുഖ്യവിളയായി ക്യഷിഭൂമിയില്‍ തെങ്ങ് വെച്ചു പിടിപ്പിച്ചു. പക്ഷെ പില്ക്കാലത്ത്  നാളികേരത്തിനുണ്ടായ രൂക്ഷമായ വിലത്തകര്‍ച്ച കര്‍ഷകരുടെ പിന്‍ തലമുറയെ  തെങ്ങു ക്യഷിയില്‍ നിന്നകറ്റി. 

       
           ആദായം തരുന്ന ജാതി, റബര്‍,  കമുക് തുടങ്ങിയ വിളകളിലേക്ക്  വഴി തിരിച്ചു വിട്ടു. എന്നാല്‍ വെളിച്ചെണ്ണയെ മാത്രം ആശ്രയിക്കാതെ  കോക്കനട്ട് ചിപ്സ്, കോക്കനട്ട് പൌഡര്‍,  പാം ഷുഗര്‍, കോക്കനട്ട് ഹണി, തെങ്ങിന്‍ ശര്‍ക്കര തുടങ്ങിയ വൈവിധ്യമാര്‍ന്ന  ഉത്പന്നങ്ങള്‍ വഴിയായി, കര്‍ഷകന് മികച്ച  ആദായം ലഭിക്കുമെന്ന അറിവില്‍, പുല്ലൂരാംപാറയിലെ കര്‍ഷക സംഘങ്ങള്‍  ഉയരം കുറഞ്ഞതും  ഉത്പാദന ശേഷി കൂടിയതുമായ പതിനായിരത്തോളം  തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച്  വിതരണം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു.
                       കേരം തിങ്ങുന്ന  നാട്ടിലെ ഈ രണ്ടാം കേരവിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്  അത്യുല്പാദന ശേഷിയുള്ള മലേഷ്യന്‍ ഇനമായ മലയന്‍ കുറിയ പച്ച (MDG) എന്ന ഇനം തെങ്ങാണ്. ഉയരം കുറവാണെന്നതും, വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും  കാറ്റു വീഴ്ച്ചയെ  പ്രതിരോധിക്കുന്നതു കൂടുതലാണെന്നതുമാണ് തമിഴ്‌നാട്ടില്‍  നിന്നും  വിത്തു തേങ്ങ സംഭരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കൂടാതെ 'നീര' എന്ന പേരിലുള്ള പോഷക സമ്യദ്ധമായ  പാനീയം  വിപണിയിലിറങ്ങുന്നതോടെ കേരകര്‍ഷകര്‍ക്ക് മികച്ച ആദായം തെങ്ങില്‍ നിന്നു കിട്ടുമെന്നതും, വീണ്ടും തെങ്ങുക്യഷിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. സിറിയക്ക് മണലോടി, സണ്ണി കൊടുകപ്പള്ളി, ബിജു ചോക്കാട്ട്, സിബി കാടംകുളത്ത് തുടങ്ങിയവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കുന്നത്.
 റിപ്പോര്‍ട്ട് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍
Read more ...

19 മേയ് 2013

ഫലവ്യക്ഷത്തൈകള്‍ വിതരണം ചെയ്തു....



                കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കുള്ള ഫലവ്യക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിച്ചു. കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിബ ഷാഹിദ്, മെംബര്‍മാരായ ജാന്‍സി ബാബു, സരോജിനി കാരിക്കുന്ന്, സൂസമ്മ മാത്യു, കാര്‍ഷിക വികസന സമിതി അംഗം തോമസ് ആലനോലിക്കല്‍, ക്യഷി അസ്സിസ്റ്റന്റുമാരായ ജോഷി കെ, മോഹന്‍ദാസ് കെ, മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.  ഗുണഭോക്ത്യ വിഹിതം അടച്ച വനിത കര്‍ഷകര്‍ക്കാണ്  പദ്ധതി പ്രകാരം ഫലവ്യക്ഷ തൈകളായ അല്‍ഫോന്‍സ മാവിന്‍തൈ, ഹൈബ്രിഡ് സപ്പോട്ട, നെല്ലി എന്നിവ വിതരണം ചെയ്തത്.


Read more ...

മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം എന്‍. കെ. ഹരികുമാറിലൂടെ തിരുവമ്പാടി ക്യഷിഭവനിലേക്ക് ....

              
എന്‍. കെ. ഹരികുമാര്‍
                   തിരുവമ്പാടിക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരു അവാര്‍ഡ് കൂടി. ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരമാണ് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി അസ്സിസ്റ്റന്റായ എന്‍. കെ. ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനവും പരിശ്രമവും കൈമുതലായി കര്‍ഷകര്‍ക്ക് വേണ്ടി ക്യഷിഭവനില്‍ സേവനം ചെയ്തതിനുള്ള പുരസ്കാരമാണ് ജില്ലാതലത്തില്‍ ഹരികുമാറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ക്യഷിനാശം ചിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതിന്  അവിശ്രമം സേവനം ചെയ്തും  ക്യഷിഭവനുകളിലെ നിരവധി പദ്ധതികള്‍ മികച്ചരീതിയില്‍ നടത്തുന്നതിന് ക്യഷി ഓഫീസറായ പി പ്രകാശിനൊപ്പം പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഹരികുമാര്‍ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ മാനിപുരത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂളിലാണ് അദ്ദേഹം പഠിച്ചതെന്ന് പുല്ലൂരാംപാറക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ക്യഷി അസ്സിസ്റ്റന്റുമാര്‍ക്ക്  ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഈ ജില്ലയില്‍ ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പുരസ്കാരത്തിനുണ്ട്.
Read more ...

10 ഏപ്രിൽ 2013

വൈവിധ്യമാര്‍ന്ന വിളകളുമായി കാര്‍ഷിക മേള ആരംഭിച്ചു.


         തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക മേള ആരംഭിച്ചു. മേളയുടെ ഭാഗമായി കാര്‍ഷിക വിളകളുടെ മത്സരവും പ്രദര്‍ശനവും  നടന്നു. ക്യഷിവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തിയ മേളയില്‍ എല്ലാ  കര്‍ഷകര്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്പനനടത്താനും  അവസരമുണ്ട്. 61.5 കിലോ ഭാരമുള്ള കപ്പയാണ് കാര്‍ഷിക പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം.50 കിലോയുടെ കാച്ചിലും, 15 കിലോ തൂക്കമുള്ള ഒറ്റച്ചുവട് ഇഞ്ചിയും കൗതുകമായി. മികച്ച നാളികേര കുല, മികച്ചവാഴക്കുല, കപ്പ, ചേന, കാച്ചില്‍, ഇഞ്ചി എന്നീ വിഭാഗങ്ങളില്‍  മത്സരം നടന്നു.



Read more ...