മാരുതി സുസുക്കി മോട്ടോര്‍ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന നാലാമത് ദക്ഷിന്‍ ഡെയര്‍ 2012 റാലിയുടെ ഭാഗമായി ഇന്ന് കക്കാടംപൊയിലില്‍ കാറുകളുടെയും ബൈക്കുകളുടെയും മത്സരങ്ങള്‍ നടന്നു. രാവിലെ 9 മണിയോടെ കക്കാടംപൊയിലിലെ നായാടംപൊയിലില്‍ നിന്നാരംഭിച്ച മത്സരം കക്കാടംപൊയില്‍ സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.സ്കറിയ മങ്കരയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. നായാടം പൊയില്‍ മുതല്‍ അകമ്പാടത്തിനടുത്ത് ഇടിവണ്ണ വരെയുള്ള 15 കിലോ മീറ്ററോളം ദൂരത്തിലാണ് റാലി മത്സരങ്ങള്‍ നടന്നത്.
മലയോരം ഇന്നു വരെ കാണാത്ത തരത്തിലുള്ള ഒരു മത്സരത്തിനാണ് കക്കാടംപൊയില്‍ സാക്ഷ്യം വഹിച്ചത്. ടി.വിയിലും മറ്റും കണ്ടു പരിചയിച്ചിട്ടുള്ള റാലി
കാറുകളുടെയും ബൈക്കുകളുടെയും മുരള്‍ച്ച കക്കാടംപൊയിലില്‍
മുഴങ്ങിയപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ നാട്ടുകാര്‍ക്ക് കൌതുകമായി. റാലി കാണുവാന്‍ മലമുകളില്‍ വരെ ആളുകള്‍ തടിച്ചു കൂടിയിരുന്നു. വാഹനങ്ങള്‍ കടന്നു വരുന്ന വഴികള്‍ അടച്ച് സുരക്ഷിതമാക്കിയാണ്. മത്സരങ്ങള്‍ നടത്തിയത്. മത്സരത്തിനിടയില്‍ നായാടംപൊയില്‍ ഇറക്കത്തില്‍ റാലി ബൈക്ക് അപകടത്തില്‍ പെട്ടത് അല്പ നേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും, ബൈക്ക് റൈഡറെ ആംബുലന്‍സില്‍ വിദ്ഗദ ചികിത്സക്കായി കൊണ്ടു പോയ ശേഷം മത്സരം തുടര്‍ന്നു. റാലിയുടെ മിഴിവ് കൂടുതല്‍ ദ്യശ്യമായ വെണ്ടേക്കുംപൊയില്‍ ഭാഗങ്ങളിലാണ്, ഏറ്റവും കൂടുതല്‍ ആളുകള്‍ തടിച്ചു കൂടിയത്.
മാരുതി സുസുക്കി മോട്ടോര്‍ സ്പോര്‍ട്സ് 2009 മുതല്‍ സംഘടിപ്പിക്കുന്ന ദക്ഷിണ്‍ ഡെയര്‍ റാലി കേരളം തമിഴ് നാട്,കര്‍ണാടക എന്നിവിടങ്ങളിലെ ടീ എസ്റ്റേറ്റുകളിലൂടെയും, മലയോര പ്രദേശങ്ങളിലൂടെയുമാണ്, കടന്നു പോകുന്നത്. ഏകദേശം 2000 ത്തോളം കിലോ മീറ്റര്‍ ഓരോ മത്സരാര്‍ത്ഥിയും ഈ റാലിയില്‍ പിന്നീടേണ്ടതുണ്ട്. നാഷണല്‍ റാലി ചാമ്പ്യനും, ഏഷ്യ പസഫിക്ക് കാര്‍ റാലി മത്സരാര്‍ത്ഥികള്‍ വരെയുള്ള റാലി ഡ്രൈവര്‍മാരാണ് കക്കാടംപൊയിലില്‍ വെച്ചു നടന്ന മത്സരത്തില്‍ പങ്കെടുത്തത്.
ഏപ്രില്‍ 9ം തീയതി മൈസൂരില്‍ നിന്നാരംഭിച്ച ദക്ഷിന്‍ ഡെയര്‍ 2012 റാലിയുടെ രണ്ടാം പാദ മത്സരങ്ങള്‍ വയനാട്ടില്‍ ഇന്നു രാവിലെ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഈ റാലിയുടെ സ്പെഷ്യല്‍ സ്റ്റേജ് മത്സരങ്ങളാണ് ഇന്ന് കക്കാടംപൊയിലില്‍ വെച്ച് നടന്നത്. മാരുതിയുടെയും, മഹീന്ദ്രയുടെയും നാലുചക്ര വാഹനങ്ങളും സുസുക്കി ബൈക്കുകളുമാണ്, റാലിയില്‍ പങ്കെടുത്തത്. ഇവിടെ വെച്ചു നടന്ന സ്പെഷ്യല്‍ സ്റ്റേജ് മത്സരങ്ങള്‍ക്കു ശേഷം റാലി ടീം ഊട്ടിയിലേക്കു പുറപ്പെട്ടു. ഏപ്രില്‍ 14ന് ബാംഗ്ലൂരില്‍ റാലി അവസാനിക്കും.
കൂടുതല്‍ ദ്യശ്യങ്ങള്‍
കൂടുതല്‍ ദ്യശ്യങ്ങള്‍