19 ജൂലൈ 2013

ജൈവവൈവിധ്യങ്ങള്‍ തേടി കക്കാടംപൊയിലില്‍ ' മഴ സഹവാസം '

      
    പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ഫ്രന്‍ഡ്സ് ഓഫ് നേച്വറും ചേര്‍ന്ന് കക്കാടംപൊയില്‍ ചെമ്പോത്തിമലയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ മഴ സഹവാസം വേറിട്ട അനുഭവമായി. വിവിധ ജില്ലകളില്‍ നിന്നുമുള്ള 35 പേരാണ് ചെമ്പോത്തി മലയിലും, വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലുമായി നടന്ന പ്രക്യതിപഠന  ക്യാമ്പിലെത്തിയത്.

          മലപ്പുറം ജില്ലയില്‍ കോഴിക്കോട് ജില്ലയോട് അതിരിട്ടു കിടക്കുന്ന ചാലിയാര്‍ പഞ്ചായത്തിന്റെ ഭാഗമായ വാളംതോട്, നായാടംപൊയില്‍, തോട്ടപ്പള്ളി പ്രദേശങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ പന്തീരായിരം വനമേഖലയിലെ ചെമ്പോത്തിമലയില്‍  നടന്ന ക്യാമ്പില്‍ മഴക്കാലത്തു മാത്രം വളരുന്ന അപൂര്‍വ സസ്യങ്ങളെ സംഘം പഠനവിധേയമാക്കി. പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യങ്ങളില്‍ സവിശേഷമായ പൂമ്പാറ്റകളെയും തുമ്പികളെയും, പക്ഷികളെയും  പഠന സംഘം നിരീക്ഷിച്ചു.

          
         സംസ്ഥാനത്തെ ജൈവപ്രാധാന്യമുള്ള മേഖലകളില്‍ ക്യാമ്പുകള്‍ നടത്തുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുള്ള മലബാര്‍ നാച്വുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രവര്‍ ത്തനങ്ങളാണ് ജൈവവൈവിധ്യ കേന്ദ്രങ്ങളും പക്ഷി സങ്കേതങ്ങളും സംരക്ഷിക്കാന്‍ അധിക്യതര്‍ക്കു പ്രേരണയായിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സംഘാടകന്‍ ഫ്രന്‍ഡ്സ് ഓഫ് നേച്വര്‍  ചെയര്‍മാന്‍ ഹാമിദലി വാഴക്കാടാണ്. സുവോളജിക്കല്‍  സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജാഫര്‍ പാലോട്, പൂമ്പാറ്റ നിരീക്ഷകന്‍ ബാലക്യഷ്ണന്‍ വളപ്പില്‍, സസ്യ നിരീക്ഷകന്‍ വി.സി.ബാലക്യഷ്ണന്‍, പക്ഷി നിരീക്ഷകരായ നരേന്ദ്രനാഥ് മാഹി, മുജീബ് താമരശ്ശേരി എന്നീ പ്രമുഖരും മഴ സവാസത്തിനെത്തിയിരുന്നു.