14 ഓഗസ്റ്റ് 2013

യാത്രികരുടെ മനം കുളിര്‍പ്പിച്ച് 'പീടികപ്പാറ വെള്ളച്ചാട്ടം'


              
     ഈ മഴക്കാലത്ത് കൂമ്പാറ നിന്നും കക്കാടംപൊയിലിലേക്ക് യാത്ര ചെയ്യുന്ന ഏവരുടെയും മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയാണ്, മലനിരകള്‍ക്കിടയില്‍ കൂടി നുരഞ്ഞ് പതഞ്ഞൊഴുകി താഴേക്കു പതിക്കുന്ന 'പീടികപ്പാറ  വെള്ളച്ചാട്ടം'. മഴക്കാലത്തു മാത്രം സജീവമാകുന്ന ഈ വെള്ളച്ചാട്ടം കക്കാടംപൊയില്‍ റോഡില്‍ പീടികപ്പാറക്കു താഴെയുള്ള ഹെയര്‍ പിന്‍വളവുകള്‍ക്കരികിലാണ്  സ്ഥിതി  ചെയ്യുന്നത്. കോടമഞ്ഞു മൂടിയ വഴികളിലൂടെ കയറ്റം കയറി വരുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് മതിവരിവോളം ഈ മനോഹര കാഴ്ച ആസ്വദിക്കാന്‍ സാധിക്കും.  

                             കക്കാടംപൊയില്‍ റോഡില്‍ പാമ്പിന്‍കാവില്‍ നിന്നുള്ള ദ്യശ്യം
               
         വാഹനം നിര്‍ത്തി അടുത്തു പോകാമെന്നു കരുതിയാലോ, ഇത്തിരി ബുദ്ധിമുട്ടാണ്, റോഡരികില്‍ തന്നെയാണെങ്കിലും, ഇടക്ക് കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ക്യത്യമായ വഴിയില്ല. എങ്ങിനെയെങ്കിലും അടുത്തു ചെന്നാല്‍ കൂടി നില്‍ക്കാന്‍ സാധിക്കാത്ത വിധം വഴുക്കലുള്ള പാറക്കല്ലുകളും മറ്റും  സഞ്ചാരിക്കള്‍ക്ക് ഈ വെള്ളച്ചാട്ടം അപ്രാപ്യമാക്കുന്നു. എങ്കിലും റോഡരികില്‍ നിന്നും ഈ മനോഹര കാഴ്ച ക്യാമറയിലാക്കുന്നവര്‍ ഏറെയാണ്. കക്കാടംപൊയില്‍ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കൂമ്പാറ പുഴയാണ്, യാത്രികര്‍ക്ക്  നയന മനോഹര കാഴ്ച സമ്മാനിക്കുന്ന വെള്ളച്ചാട്ടത്തിനു കാരണക്കാരന്‍. മഴ ഒഴിയുന്നതോടു കൂടി വറ്റി വരണ്ടു പോകുന്ന പീടികപ്പാറ വെള്ളച്ചാട്ടം അതുകൊണ്ടു തന്നെ അത്ര പ്രസിദ്ധമല്ല.