02 ഡിസംബർ 2011

ആനക്കല്ലുംപാറ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ മാടി വിളിക്കുന്നു.

           
          കൂടരഞ്ഞിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പൂവാറന്‍തോടിലെ  ആനക്കല്ലുംപാറ വെള്ളച്ചാട്ടം വശ്യ മനോഹരിയായി വിനോദ സഞ്ചാരികളെ  കാത്തിരിക്കുന്നു. ഉറുമി ജലവൈദ്യുത പദ്ധതിയുടെ മുകള്‍ ഭാഗത്തായി കാടോത്തികൂന്നിനേയും പൂവാറന്‍തോടിനേയും വിഭജിച്ചു കൊണ്ട്   വശ്യ സുന്ദരമായി ഒഴുകുന്ന പൊയിലങ്ങാപുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ആനക്കല്ലുംപാറ എന്ന പേരിനെ സൂചിപ്പിച്ചു കൊണ്ട് രണ്ടു വലിയ പാറക്കല്ലുകള്‍ വെള്ളച്ചാട്ടത്തിന്. മുകളിലായി കാണാന്‍ സാധിക്കുന്നതാണ്.






           എല്ലാവരുടെയും കണ്ണിന് കുളിര്‍മയേകുന്ന ഈ വെള്ളച്ചാട്ടം  ഇനിയും അറിയപ്പെടാനേറെയുള്ള പൂവാറംതോടിന്റെ വിനോദ സഞ്ചാര സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേട്ടും അറിഞ്ഞും  ഇപ്പോള്‍ കൂടുതല്‍  വിനോദ സഞ്ചാരികള്‍ ആനക്കല്ലുംപാറയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ വെള്ളച്ചാട്ടത്തിന് മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിരയില്‍ ഇനിയും അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല.


        ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരുവാന്‍ കൂടരഞ്ഞിയില്‍ നിന്ന് പൂവാറംതോട് അങ്ങാടിയിലെത്തി കല്ലംപുല്ലു റോഡില്‍  ആനക്കല്ലുംപാറ ജംഗ്ഷനില്‍ നിന്നും ഇടതു വശത്തുള്ള മണ്‍പാതയിലൂടെ  നൂറു മീറ്റര്‍  സഞ്ചരിച്ചാല്‍ മതി. കൂടരഞ്ഞിയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകളും   ടാക്സി ജീപ്പുകളും  ഈ പ്രദേശത്തേക്ക്  സര്‍വീസ് നടത്തുന്നുണ്ട്.


തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍