12 മാർച്ച് 2014

' മെമ്മറീസ് 79 ' പുല്ലൂരാംപാറയിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമം നടന്നു.

         
        പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ (1978-79) സംഗമം നടന്നു. ഇക്കഴിഞ്ഞ ക്രിസ്‌മസിനു പിറ്റേന്ന് സ്കൂള്‍ ഹാളില്‍ വെച്ചു നടന്ന ഒത്തുചേരലില്‍ അറുപതോളം പൂര്‍വ്വവിദ്യാര്‍ത്ഥികളും, അധ്യാപകരും  പങ്കെടുത്തു. പുല്ലൂരാംപാറയില്‍ ഹൈസ്കൂള്‍ സ്ഥാപിതമായ ശേഷം  1979ലാണ്   ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തു വരുന്നത്. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം  നടന്ന ആദ്യ സംഗമത്തിനെത്തിയവര്‍ക്ക് സഹപാഠികളില്‍ പലരെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.


                        2006 ല്‍  ലാല്‍ ജോസിന്റെ ' ക്ലാസ്‌മേറ്റ്സ് ' എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സമയത്താണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തെ കുറിച്ച് ആദ്യമായി ആലോചിച്ചു തുടങ്ങിയത്.   നാളുകളായി ആഗ്രഹിക്കുന്ന ആ പങ്കുവയ്ക്കലിന്റെയും  കണ്ടുമുട്ടലിന്റെയും സംഗമം ഗംഭീരമായി നടത്തിയ സന്തോഷത്തിലാണ് ഇതിന്റെ സംഘാടകര്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന  തങ്കച്ചന്‍ മണ്ഡപത്തിലാണ് ഈ സംഗമത്തിനായി  മുന്‍കൈ എടുത്തത് തുടര്‍ന്ന് ബോബന്‍ മുരിങ്ങയില്‍, ബെന്നി മൂഴിക്കുഴിയില്‍, സെബാസ്യന്‍ ചക്കുംമൂട്ടില്‍,  തങ്കച്ചന്‍ കാക്കനാട്ട്  എന്നിവരുടെ നേത്യത്വത്തില്‍  വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. നിരവധി പ്രാവശ്യം യോഗങ്ങള്‍ ചേര്‍ന്ന കമ്മറ്റി അംഗങ്ങള്‍ തങ്ങളുടെ സഹപാഠികളുടെ  വിലാസവും ഫോണ്‍ നമ്പറുകളും വളരെയധികം കഷ്ടപ്പെട്ട് ശേഖരിച്ചാണ് സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിയത്.


          1979ല്‍  ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങുമ്പോള്‍ 86 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം  ദേശത്തും,വിദേശത്തുമായി  വിവിധ നാടുകളില്‍ താമസമുറപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിളില്‍   ഭൂരിഭാഗവും ഈ ഒത്തുചേരലിനായി തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിലേക്ക് തിരക്കുകളെല്ലം മാറ്റി വെച്ച് ഓടിയെത്തുകയായിരുന്നു. പലരും  കുടുംബാംഗങ്ങളൊടൊപ്പം നേരത്തെ തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു. സൌഹ്യദം പങ്കിട്ടും, പരിചയം പുതുക്കലുമായി എല്ലാവരും തിരക്കിലായിരുന്നെങ്കിലും  രാവിലെ പത്തുമണിയോടെ തന്നെ കാര്യപരിപാടികള്‍ ആരംഭിച്ചു.   സംഘാടക സമിതി കണ്‍വീനര്‍  സി.പി. സെബാസ്റ്റ്യന്‍ ചക്കുംമൂട്ടിലാണ് ചടങ്ങുകള്‍ക്ക് അധ്യക്ഷം വഹിച്ചത്.


            വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ ഗുരുക്കന്‍മാര്‍ക്ക് പൂക്കള്‍ നല്കിയാണ്  വേദിയിലേക്ക് സ്നേഹപൂര്‍വ്വം  ആനയിയിച്ചത്.   ഈ ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന, ഇപ്പോള്‍ ഈ ലോകത്തോടു വിടപറഞ്ഞ മേരി വെട്ടിക്കല്‍, നാന്‍സി മണിമലത്തറപ്പില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അധ്യാപകരെ മൊമന്റം നല്കി ആദരിക്കുകയുണ്ടായി. അടുത്ത സെഷനില്‍ എല്ലാവരും തങ്ങളെ  മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി 1979 മുതല്‍ ഇന്നു വരെയുള്ള കാര്യങ്ങള്‍, വന്ന വഴികള്‍ ഓരോരുത്തരും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു. അധ്യാപകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.


         ഉച്ചയ്ക്ക് വിഭവ സമ്യദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഉച്ച ഭക്ഷണത്തിനു മുന്‍പ് എല്ലാവരും ഒത്തൊരുമ്മിച്ചുള്ള ഫോട്ടോ എടുക്കുകയും, സംഗമം അവസാനിക്കുന്നതിനു മുന്‍പ് എല്ലാവര്‍ക്കും അത് കലണ്ടര്‍ രൂപത്തില്‍ നല്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള (6 മക്കള്‍ ) ജോസ് പറപ്പന്താനത്തെ  ആദരിക്കുകയുണ്ടായി. ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ പഴയകാല ഫോട്ടോ വലുതാക്കി ഫ്ലെക്സിലാക്കി ചുമരില്‍ തൂക്കിയിട്ടിട്ടത് ഏവരിലും  ഗ്യഹാതുര സ്മരണകള്‍ ഉണര്‍ത്തി. 


            ഓരോരുത്തരും  കൊണ്ടു വന്ന സമ്മാനങ്ങള്‍ കൈമാറിക്കൊണ്ടാണ് ചടങ്ങുകള്‍  അവസാനിച്ചത്. പണ്ടുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹ്യത്തുക്കള്‍ക്ക് കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ ഫോണ്‍ വഴിയുള്ള ബന്ധം പോലും സാധിച്ചിരുന്നില്ല, മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഒത്തുചേരല്‍  ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചതോടൊപ്പം  അവരുടെ സൌഹ്യദം തുടരാനുള്ള വേദിയും കൂടിയുമായി മാറുകയായിരുന്നു.

                                ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമക്കാഴ്ച്ചകള്‍