പുല്ലൂരാംപാറയെക്കുറിച്ച്           കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് പുല്ലൂരാംപാറ. കോഴിക്കോട്-തിരുവമ്പാടി-ആനക്കാംപൊയില്‍ ജില്ലാ റോഡില്‍ തിരുവമ്പാടിക്കും ആനക്കാംപൊയിലിനും ഇടക്കാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പുല്ലൂരാംപാറ പ്രദേശത്ത് 1940 കളിലാണ് കുടിയേറ്റം  ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് തിരുവതാംകൂറില്‍ നിന്നും മലബാറിലേക്ക് ആളുകള്‍ കുടിയേറി തുടങ്ങിയതോടെയാണ് പുല്ലൂരാംപാറയിലും കുടിയേറ്റം ആരംഭിക്കുന്നത്.
  കോഴിക്കോടു നിന്ന് പുല്ലൂരാംപാറയിലേക്കുള്ള വഴി രേഖപ്പെടുത്തിയ ഗൂഗിള്‍ മാപ്

 

ചരിത്രം

1926 ല്‍  തുടങ്ങിയ മലബാര്‍ കുടിയേറ്റത്തോടെയാണ`പുല്ലൂരാംപാറയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് ആദ്യ കാലത്ത് മലബാറില്‍  കുടിയേറിയ ആളുകള്‍ വന്‍ തോട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ മണ്ണ് തേടി എത്തിയവരായിരുന്നു .ഇവരാണ് തിരുവതാംകൂര്‍ പ്രദേശത്ത് മലബാറിലെ കുടിയേറ്റ സാധ്യത അറിയിച്ചത്. 1940-55 കാലഘട്ടത്തിലാണ് കുടിയേറ്റത്തിനു വേഗത കൂടിയത് ഇതിനു കാരണങ്ങള്‍ പലതാണ്. ലോകമഹായുദ്ധാനന്തരമുണ്ടായ ക്ഷാമവും, രാഷ്ട്രീയ പ്രശ്നങ്ങളും കുടിയേറ്റത്തിനു വേഗത കൂട്ടി.

1940 കളിലാണ് പുല്ലൂരാംപാറ‍ പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുന്നത് .അക്കാലത്തു തിരുവമ്പാടി പ്രദേശത്തിന്റെ ജന്മി കല്പകശ്ശേരി തറവാട്ടുകാരും, ജനവാസമില്ലാത്ത മലയോര മേഖലയുടെ ജന്മി മണ്ണിലേടത്തു തറവാട്ടുകാരും ആയിരുന്നു .ജന്മിക്കു പ്രതിഫലം നല്‍ കിയാണ്‌ ഭൂമി അവകാശമായി മേടിക്കുന്നത് .അവകാശമായി ലഭിക്കുന്ന ഭൂമിക്കു കാല കാലങ്ങളില്‍  പാട്ടം നല്‍ കുകയും ജന്മിയുടെ പേരില്‍ സര്‍ക്കാരില്‍  നികുതി അടക്കുകയും വേണമായിരുന്നു .ഈ വ്യവസ്ഥകളില്‍  ലംഘനം വരുത്തിയാല്‍ കുടിയാന്‍ ഒഴിഞ്ഞു പോകണമായിരുന്നു .അതോടൊപ്പം ജന്മി ആരെന്നറിയാതെ ഇടജന്മി മുഖേന കാര്യസ്ഥന്മാര്‍ വഴി ഭൂമി വാങ്ങിയ പലരും കബളിക്കപ്പെടുകയും ,യഥാർത്ഥ ഉടമക്ക് വീണ്ടും ഭൂമിയുടെ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് .

1947 ല്‍ നീണ്ടുക്കുന്നേല്‍  വര്‍ക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേര്‍ന്ന് ) ഏക്കര്‍ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ്‌ പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം. അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പകല്‍  സമയങ്ങളില്‍  പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല. എന്നാല്‍  രാത്രിയില്‍  സ്ഥിതി മറിച്ചായിരുന്നു .ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവര്‍ക്ക് സരംക്ഷണമായി ഉണ്ടായിരുന്നത്. പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേര്‍ന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത്.അക്കാലത്ത് പലരും ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത്.

അവലംബം : പുല്ലൂരാംപാറ ഇടവക സുവര്‍ണ ജൂബിലി സ്മരണിക 2004