04 ജനുവരി 2014

മീറ്റര്‍ പയര്‍ ക്യഷിയില്‍ നൂറുമേനി വിളവുമായി ഒരു കര്‍ഷകന്‍.


              പച്ചക്കറികള്‍ നമ്മുടെ നിത്യജീവിതത്തിലെ ആഹാരക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണപദാര്‍ത്ഥമാണ്. പച്ചക്കറികളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും,  ഇനിയും സ്വയം പര്യാപ്തത നേടാന്‍ സാധിക്കാത്ത നമുക്ക് അന്യസംസ്ഥാനങ്ങളെ തുടര്‍ന്നും ആശ്രയിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍  സ്വന്തം ക്യഷിയിടത്തില്‍ പച്ചക്കറികളുടെ ഉല്പാദനം നടത്തി മാത്യകയാവുകയാണ് പുല്ലൂരാംപാറ ഇലന്തുകടവ് സ്വദേശി എ.കെ.ജോസ് (ബാബു) ആക്കാട്ടുമുണ്ടക്കല്‍.


              പരീക്ഷണാടിസ്ഥാനത്തില്‍ അരയേക്കറോളം വരുന്ന ക്യഷിടത്തില്‍ മീറ്റര്‍ പയര്‍, കോളിഫ്ലവര്‍, കാബേജ് എന്നിവയാണ് ക്യഷി ചെയ്തിരിക്കുന്നത്. കൂടാതെ ചേമ്പ്, ചേന, വാഴ, കാച്ചില്‍, കപ്പ എന്നിവയും ഇടവിളയായി തന്റെ ക്യഷിയിടത്തിന്റെ മറ്റു ഭാഗങ്ങളില്‍   ക്യഷി ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് വിത്തുകളാണ് ഇവിടെ ക്യഷിക്കായി ഉപയോഗിച്ചിരിക്കുന്നത്  പ്രധാനമായും പയര്‍ ക്യഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഒക്ടോബര്‍ മാസം ആരംഭത്തോടെ തുടക്കം കുറിച്ച മീറ്റര്‍ പയര്‍ ക്യഷിയില്‍ ഒരു മാസം രണ്ടു ക്വിന്റലിലധികം പയര്‍ ഉല്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.   പുല്ലൂരാംപാറയിലെ തന്നെ കടകളില്‍ വില്പ്പനക്കായി എത്തിച്ചിരിക്കുന്ന മീറ്റര്‍ പയറിന് ധാരാളം ആവശ്യക്കാരുണ്ട്.
  
               പയര്‍ വിത്ത്  നട്ട് ഒന്നരമാസമാകുന്നതോടെ വിളവെടുപ്പിന് പാകമാവും. തുറസായ, ധാരാളം വെള്ളവും  സൂര്യപ്രശവും ലഭിക്കുന്ന സ്ഥലത്ത് നിലമൊരുക്കി പന്തലിട്ടാണ് പയറുക്യഷി ആരംഭിക്കുന്നത്. ചാണക സ്ലറിയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. കൂടാതെ ആഴ്ച്ചയിലൊരിക്കല്‍  വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിക്കും.  എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വെള്ളം നനയ്ക്കുകയും ചെയ്യുന്നുണ്ട്. ഒന്നര ദിവസം കൂടുമ്പോള്‍ വിളവെടുക്കുന്ന പയര്‍ ക്യഷി മെയ് മാസം വരെ തുടരാന്‍ സാധിക്കുമെന്നാണ് ജോസ് കരുതുന്നത്.         വിളവെടുപ്പിനു പാകമാകുമ്പോഴേക്കും പയറു കൊത്തി തിന്നാനെത്തുന്ന തത്തകള്‍ ക്യഷിക്ക് ഭീക്ഷണിയായിരുന്നെങ്കിലും തോട്ടത്തില്‍ എഫ്.എം. റേഡിയോ സ്ഥാപിച്ച് ഇതിന് പരിഹാരം കണ്ടു. എങ്കിലും മുള്ളന്‍ പന്നിയുടെ ശല്യവും ഈ പ്രദേശത്ത് ക്യഷിക്ക് ഭീക്ഷണിയാവുന്നുണ്ട്. മീറ്റര്‍ പയര്‍ ക്യഷിയില്‍  ഫംഗസ് ബാധയും, പുഴു ശല്യവും വര്‍ധിച്ചു വരുന്നത് കാഫലം കുറയുമോയെന്ന ആശങ്കയും ജോസിനുണ്ട്. തോട്ടത്തില്‍ ക്യഷിഭവന്റെ സഹായത്തോടെ പുതിയതായി  ചെറിയ ഉള്ളി, കക്കിരി, കാപ്സിക്കം എന്നിവയുടെ വിത്തു കൂടി  പാകിയിട്ടുണ്ട്. പച്ചക്കറി ക്യഷിയില്‍ ജോസിനെ സഹായിക്കാനായി ഭാര്യ ആന്‍സിയും, ഇളയ മകന്‍ നോയലും കൂടെയുണ്ട്.