05 ഒക്‌ടോബർ 2013

കേര കര്‍ഷകര്‍ രണ്ടാം വരവിനൊരുങ്ങുന്നു...

           സണ്ണി കൊടുകപ്പള്ളിയുടെ നേഴ്സറിയില്‍ പാകിയിരിക്കുന്ന വിത്തു തേങ്ങകള്‍           
          തെങ്ങ് ചതിക്കില്ല എന്ന പഴമൊഴിയെ മുറുകെ പിടിച്ചു കൊണ്ട് പുല്ലൂരാംപാറയിലെ കേര കര്‍ഷകര്‍ പുതിയൊരു കേര വിപ്ലവത്തിന് ഒരുങ്ങുന്നു.  1940കളില്‍ പുല്ലൂരാംപാറയില്‍ കുടിയേറിയ കര്‍ഷകര്‍ മുഖ്യവിളയായി ക്യഷിഭൂമിയില്‍ തെങ്ങ് വെച്ചു പിടിപ്പിച്ചു. പക്ഷെ പില്ക്കാലത്ത്  നാളികേരത്തിനുണ്ടായ രൂക്ഷമായ വിലത്തകര്‍ച്ച കര്‍ഷകരുടെ പിന്‍ തലമുറയെ  തെങ്ങു ക്യഷിയില്‍ നിന്നകറ്റി. 

       
           ആദായം തരുന്ന ജാതി, റബര്‍,  കമുക് തുടങ്ങിയ വിളകളിലേക്ക്  വഴി തിരിച്ചു വിട്ടു. എന്നാല്‍ വെളിച്ചെണ്ണയെ മാത്രം ആശ്രയിക്കാതെ  കോക്കനട്ട് ചിപ്സ്, കോക്കനട്ട് പൌഡര്‍,  പാം ഷുഗര്‍, കോക്കനട്ട് ഹണി, തെങ്ങിന്‍ ശര്‍ക്കര തുടങ്ങിയ വൈവിധ്യമാര്‍ന്ന  ഉത്പന്നങ്ങള്‍ വഴിയായി, കര്‍ഷകന് മികച്ച  ആദായം ലഭിക്കുമെന്ന അറിവില്‍, പുല്ലൂരാംപാറയിലെ കര്‍ഷക സംഘങ്ങള്‍  ഉയരം കുറഞ്ഞതും  ഉത്പാദന ശേഷി കൂടിയതുമായ പതിനായിരത്തോളം  തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച്  വിതരണം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു.
                       കേരം തിങ്ങുന്ന  നാട്ടിലെ ഈ രണ്ടാം കേരവിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്  അത്യുല്പാദന ശേഷിയുള്ള മലേഷ്യന്‍ ഇനമായ മലയന്‍ കുറിയ പച്ച (MDG) എന്ന ഇനം തെങ്ങാണ്. ഉയരം കുറവാണെന്നതും, വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും  കാറ്റു വീഴ്ച്ചയെ  പ്രതിരോധിക്കുന്നതു കൂടുതലാണെന്നതുമാണ് തമിഴ്‌നാട്ടില്‍  നിന്നും  വിത്തു തേങ്ങ സംഭരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കൂടാതെ 'നീര' എന്ന പേരിലുള്ള പോഷക സമ്യദ്ധമായ  പാനീയം  വിപണിയിലിറങ്ങുന്നതോടെ കേരകര്‍ഷകര്‍ക്ക് മികച്ച ആദായം തെങ്ങില്‍ നിന്നു കിട്ടുമെന്നതും, വീണ്ടും തെങ്ങുക്യഷിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. സിറിയക്ക് മണലോടി, സണ്ണി കൊടുകപ്പള്ളി, ബിജു ചോക്കാട്ട്, സിബി കാടംകുളത്ത് തുടങ്ങിയവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കുന്നത്.
 റിപ്പോര്‍ട്ട് : റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍