06 മാർച്ച് 2014

നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി അജിത് സ്റ്റാന്‍ലി.

ഇടത്തു നിന്ന് മൂന്നാമതായി അജിത് സ്റ്റാന്‍ലി  
             മുംബൈയില്‍ ഈ മാസം നടക്കുന്ന നടക്കുന്ന  നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍  പുല്ലൂരാംപാറ സ്വദേശിയായ അജിത് സ്റ്റാന്‍ലി ഇടക്കളത്തൂര്‍  യോഗ്യത നേടി.  കോയമ്പത്തൂര്‍ സി.എം.എസ്. കോളേജില്‍ എം.സി.എ. വിദ്യാര്‍ത്ഥിയായ അജിത്  പുല്ലൂരാംപാറ ഇടക്കളത്തൂര്‍ പരേതനായ സ്റ്റാന്‍ലിയുടെയും, സാലിയുടെയും മകനാണ്.  മുംബൈ ഐ.ഐ.എടിയും എ.ആര്‍.കെ. സൊലുഷനും സംയുക്തമായി ഇന്ത്യയിലെ വിവിധ കോളേജുകള്‍ക്കായി സംഘടിപ്പിച്ച നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പിലെ തമിഴ്‌നാട് സോണല്‍ ലെവല്‍  മത്സരങ്ങളില്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ്  അജിത് നയിച്ച അഞ്ചംഗ സംഘം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. 


                ഐ.ടി. മേഖലയിലെ നിരവധി സ്ഥാപനങ്ങളില്‍  പ്രവര്‍ ത്തന പരിചയമുള്ള അജിത് ഉന്നത പഠനം ​നടത്തുന്നതിനിടക്കാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റോബോട്ടുകളുടെ അസംബ്ലിംഗും, പ്രോഗ്രാമിംഗുമാണ് റോബോട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകള്‍  കൈകാര്യം ചെയ്യുന്നത്.
നാഷണല്‍ റോബോട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ടീമിന് നാല്പ്പതിനായിരം രൂപയും, ടീമിലെ ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്റേന്‍ഷിപ്പുമാണ് ലഭിക്കുക. കൂടാതെ റോബോട്ടിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി സാധ്യതയും ഉറപ്പു നല്കുന്നു. ജെറിന്‍ (കോട്ടയം ), ശ്രീഹരി (കണ്ണൂര്‍) ശീതള്‍ (ത്യശ്ശൂര്‍), പൂജ (പാലക്കാട്) എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അജിത്തിന്റെ കൂടെ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. അജിത്തിന് പുല്ലൂരാംപാറ വാര്‍ത്തകളുടെ വിജയാശംസകള്‍ .

                                                      റോബോട്ടിന്റെ മാത്യക