26 നവംബർ 2013

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ എട്ടാം സ്ഥാനത്ത്.


    എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പുല്ലൂരാംപാറയ്ക്ക് മികച്ച നേട്ടം.  രണ്ടു സ്വര്‍ണ്ണവും നാലു വെള്ളിയും 2 വെങ്കലവുമടക്കം 24  പോയിന്റു നേടി സ്കൂള്‍ വിഭാഗത്തില്‍  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എട്ടാം സ്ഥാനത്തെത്തി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍  80 മീ. ഹര്‍ഡില്‍സിലും, 200 മീ. ഓട്ട മത്സരത്തിലും ഒന്നാമതെത്തി അപര്‍ണ റോയി ഇരട്ട സ്വര്‍ണ്ണമാണ് പുല്ലൂരാംപാറയ്ക്കായി നേടിയെടുത്തത്. കൂടാതെ റിലേ മത്സരത്തില്‍ ജില്ലക്കു വേണ്ടി മത്സരിച്ച് മൂന്നാമത് സ്വര്‍ണ്ണവും കരസ്ഥമാക്കി.



     അതേ സമയം ​സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്റര്‍ മത്സരത്തില്‍ തെരേസ ജോസഫ് ദേശീയ റെക്കോര്‍ഡോടെയാണ് വെള്ളി മെഡലിനര്‍ഹയായത്. കൂടാതെ 400 മീറ്ററിലും 800 മീറ്ററിലും  ഓരോ വെള്ളി മെഡല്‍ കൂടി നേടുകയുണ്ടായി. സബ് ജൂനിയര്‍ ഗേള്‍സിന്റെ ലോംഗ്ജമ്പില്‍ പുല്ലൂരാംപാറയുടെ എലിസബത്ത് കരോളിന്‍ വെള്ളി നേടിയപ്പോള്‍ തൊട്ടു പിറകെ ചാടി അനുപ്രിയ ഷാജു പുല്ലൂരാംപാറയ്ക്ക് ഒരു വെങ്കല മെഡല്‍ കൂടി സമ്മാനിച്ചു.



   സീനിയര്‍ ആണ്‍ കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് റാഷിദിലൂടെയാണ് പുല്ലൂരാംപാറയ്ക്ക് മറ്റൊരു വെള്ളി മെഡല്‍ കൂടി ലഭിച്ചത്. കൂടാതെ സീനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ സുജിത് കെ.ആര്‍. വെങ്കലം കരസ്ഥമാക്കി. അതേ സമയം 3 സ്വര്‍ണ്ണവും ഒരോ വെള്ളിയും വെങ്കലവും നേടി നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ 19 പോയിന്റു നേടി സ്കൂള്‍ വിഭാഗത്തില്‍ ഒന്‍പതാം  സ്ഥാനത്തെത്തി.