22 നവംബർ 2013

ഇന്ത്യന്‍ പനോരമയിലെ മലയാള ചിത്രങ്ങള്‍ - ഒരു വിശകലനം


        നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് (നവംബര്‍ 20) ഗോവയില്‍ തിരി തെളിഞ്ഞു. 'ഡെഡ് മാന്‍ വാക്കിങ്ങ്' എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ നേടിയ ഹോളിവുഡ് നടി സൂസന്‍ സാറണ്ടണ്‍ മേള ഉദ്ഘാടനം ചെയ്തു. എഴുപത്തി ആറു രാജ്യങ്ങളില്‍  നിന്നായി 326 ചിത്രങ്ങള്‍ 11 ദിവസം നീളുന്ന മേളയില്‍  പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രമുഖ ചെക്ക് സംവിധായകന്‍ ജിരി മെന്‍സെലിന്റെ 'ഡോണ്‍ ജുവാന്‍സ്' ആണ് ഉദ്ഘാടന ചിത്രം.

         ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍  മത്സരിക്കുന്ന 26 ചിത്രങ്ങളില്‍  6  ചിത്രങ്ങളുമായി മലയാള സിനിമ പങ്കാളിത്തത്തില്‍  മുന്നിലാണ്. പനോരമയിലെ ഉദ്ഘാടന ചിത്രമായ കന്യക ടാക്കീസിനൊപ്പം 101 ചോദ്യങ്ങള്‍, ആര്‍ട്ടിസ്റ്റ്, സെല്ലുലോയ്ഡ്, ഷട്ടര്‍, കുഞ്ഞനന്തന്റെ കട എന്നിവയും മത്സരിക്കുന്നു.

കന്യക ടാക്കീസ്


             ഇനിയും തീയേറ്ററുകളില്‍  എത്താത്ത കന്യക ടാക്കീസാണ് പനോരമയിലെ ആദ്യ ചിത്രം. മികച്ച ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം നേടിയ കെ.ആര്‍ മനോജിന്റെ ആദ്യ സംവിധാന സംരംഭം.തന്റെതന്നെ ചെറുകഥയെ ആധാരമാക്കി പി.വി ഷാജികുമാറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 80-90 കാലഘട്ടങ്ങളിലെ ഒരു ബി ഗ്രെയ്ഡ് തീയേറ്ററുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ ഇതിവൃത്തം രൂപപ്പെടുന്നത്.നിലനില്‍പ്പിനായി 'ബിറ്റു'കളെയും മസാലപ്പടങ്ങളെയും ആശ്രയിച്ചിരുന്ന ഈ ടാക്കീസ് കാലക്രമേണ ഒരു പള്ളിയായി മാറുന്നു. പള്ളിയിലെത്തുന്ന പുരോഹിതന്റെ മനോകല്പനകള്‍, തീയേറ്റര്‍ ഉടമയുടെയും തൊഴിലാളികളുടെയും അതിജീവന സമരങ്ങള്‍, ബിറ്റ് നടിയായി മാറിയ ഒരു നഴ്സിന്റെ ജീവിതം എന്നിവയിലൂടെ കഥാതന്തു വികസിക്കുന്നു.

       മാറ്റങ്ങളെയാണ് കന്യക ടാക്കീസ് പ്രതിനിധാനം ചെയ്യുന്നത്. പഴയ നാടന്‍ ടാക്കീസുകളില്‍  നിന്ന് പുത്തന്‍ സിനിമാ രീതികളിലേക്കുള്ള മാറ്റം. ജീവിത ശൈലികളിലെ മാറ്റം. ലൈഗികത, പാപം, ആസക്തി,പരിത്രാണം, മരണം,മതം, രാഷ്ടീയം,ഇന്റര്‍നെറ്റ്,സിനിമ എന്നിങ്ങനെ വിവിധ തലങ്ങള്‍ ചിത്രത്തില്‍  വിശകലനം ചെയ്യപ്പെടുന്നു.

       മുരളി ഗോപി, ലെന, അലെന്‍സിയര്‍ ലെ, മണിയന്‍പിള്ള രാജു, നന്ദു ഇന്ദ്രന്‍സ്, സുധീര്‍ കരമന, സുനില്‍ സുഖദ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വിവിധ ഫിലിം മേളകളിലേക്ക് ചിത്രം ഇതിനുള്ളില്‍  തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.(* കടപ്പാട്: ചിത്രത്തെക്കുറിച്ച് വന്ന വിവിധ വാര്‍ത്തകള്‍)

101 ചോദ്യങ്ങള്‍



             മറിമായത്തിലൂടെയും, നിരവധി സിനിമകളിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ സിദ്ധാര്‍ഥ്ശിവയുടെ ആദ്യ സംവിധാന സംരംഭമാണ് 101 ചോദ്യങ്ങള്‍. ഇതിനോടകം നിരവധി സിനിമാ മേളകളില്‍ നിരൂപക പ്രശംസയേറ്റു വാങ്ങിയ ചിത്രം ഈ വര്‍ഷത്തെ നല്ല മലയാള ചിത്രങ്ങളിലൊന്നു കൂടിയാണ്.

             ഒരു സാധാരണ കുടുംബത്തില്‍, പ്രാരാബ്ധങ്ങളുടെ നടുവില്‍ ജീവിക്കുന്ന അനില്‍കുമാര്‍ ബൊക്കാറോ എന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനിലിനെ, അവന്റെ പ്രിയപ്പെട്ട അധ്യാപകന്‍, ട്രെയിനില്‍ വില്‍ക്കാനായി തയ്യാറാക്കുന്ന പുസ്തകത്തിനുവേണ്ടി 101 ചോദ്യങ്ങള്‍  തയ്യാറാക്കുക എന്ന ജോലി ഏല്‍പ്പിക്കുന്നു. കൊച്ചു കുട്ടികളുടെ സഹജമായ ജിജ്ഞാസയോടെ തന്റെ തന്നെ ചുറ്റുപാടുകളില്‍നിന്ന് അവന്‍ ചോദ്യങ്ങള്‍ കണ്ടെത്തുന്നു. നൂറ്റി ഒന്നാമത്തെ ചോദ്യവും കണ്ടെത്തുന്നിടത്താണ് സിനിമയുടെ സമാപ്തി.

              ഈ ചിത്രത്തെ കുട്ടികളുടെ ചിത്രമെന്ന് പറഞ്ഞൊതുക്കുന്നത് ശരിയല്ല. മുതിര്‍ന്നവര്‍ ജീവിത വ്യഗ്രതയില്‍ മറക്കുന്ന ചില സത്യങ്ങളാണ് അനില്‍ കണ്ടെത്തുന്ന ചോദ്യങ്ങളെല്ലാംതന്നെ. ചില ഭാഗങ്ങളിലെ  അനാവശ്യമായ വലിച്ചു നീട്ടലുകള്‍ ഒഴിവാക്കാമായിരുന്നു. അനില്‍ കുമാറും, ഇന്ദ്രജിത്തിന്റെ അദ്ധ്യാപകനും സമകാലീന ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പബ്ലിസിറ്റി,അവതരണം, ചില ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്റെ ആദ്യചിത്രം കറതീര്‍ന്ന ഒന്നാക്കാന്‍ സിദ്ധാര്‍ഥ് ശിവക്ക് സാധിച്ചേനെ.

           നായകനെ അവതരിപ്പിച്ച മാസ്റ്റര്‍ മിനോണ്‍, ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും മികച്ച ബാലനടനുള്ള പുരസ്കാരം നേടിയത് വെറുതെയല്ല എന്ന് ചിത്രം കാണുമ്പോള്‍ ബോധ്യമാകും. ഇന്ദ്രജിത്ത്, ലെന, മുരുകന്‍, നിഷാന്ത് സാഗര്‍, രചന നാരായണന്‍കുട്ടി, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

സെല്ലുലോയ്ഡ്

          മലയാള സിനിമാ ചരിത്രത്തോട് നീതി പുലര്‍ത്തുവാന്‍ കമല്‍ എന്ന സംവിധായകന്‍ നടത്തിയ ചുവടുവയ്പ്പാണ് സെല്ലുലോയ്ഡ് എന്ന മികച്ച ചിത്രം. മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ ജീവിതവും, അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ വിഗതകുമാരന്റെ നിര്‍മ്മാണവുമാണ് ചിത്രത്തിന്റെ കാതല്‍. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ. സി. ഡാനിയലിന്‍റെ ആത്മകഥയും, മലയാളത്തിലെ ആദ്യനായിക റോസിയെ അന്വേഷിക്കുന്ന വിനു അബ്രഹാമിന്റെ നഷ്ട്നായിക എന്ന നോവലും ഈ ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്.

        വെറും ജീവചരിത്ര വിവരണമായി ഒതുങ്ങിപ്പോകാവുന്ന തലത്തില്‍ നിന്ന്‌ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടുന്ന ചലച്ചിത്രാനുഭവത്തിലേയ്ക്ക്‌ ഉയരാന്‍ സാധിച്ചു എന്നതാണ് ഈ സിനിമയുടെ വ്യത്യസ്ഥത. കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പുകളെ മറികടന്ന് മലയാള സിനിമയ്ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിക്ക് നാം എന്താണ് തിരികെ നല്‍കിയതെന്ന ചോദ്യം ചിത്രം ഉയര്‍ത്തുന്നുമുണ്ട്. കെ.കരുണാകരനെയും, മലയാറ്റൂരിനെയും ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ചിത്രത്തിന്റെ ഉദ്ദേശ്യശുദ്ധി പരിഗണിക്കുമ്പോള്‍ ഗൗരവം കാണേണ്ടതില്ല. എം.ജയചന്ദ്രന്റെ രണ്ടു മനോഹര ഗാനങ്ങളും, വേഷാലങ്കാരങ്ങളും, സംഭാഷണ ശൈലിയും ചിത്രത്തിന്റെ കാലഘട്ട രൂപീകരണത്തില്‍ ഏറെ സഹായകമായിട്ടുണ്ട്. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഡാനിയേല്‍. വിവിധ ജീവിതഘട്ടങ്ങളിലെ ഭാവ വ്യതിയാനങ്ങളും, വേഷപ്പകര്‍ച്ചകളും, സംഭാഷണ ശൈലിയും പൃഥ്വി മികച്ചതാക്കി. ഭാര്യയായ ജാനറ്റിന്റെ വേഷത്തോട് മംതാ മോഹന്‍ദാസ് പരമാവധി നീതി പുലര്‍ത്തി.റോസിയായെത്തിയ ചാന്ദ്നി, ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി മാറിയ ശ്രീനിവാസന്‍, നെടുമുടി വേണു, ശ്രീജിത്ത് രവി, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ജീവചരിത്ര വിവരണത്തിന്റേതായ ഇഴച്ചിലുകള്‍ മറക്കാം. കേട്ടറിഞ്ഞ കാര്യങ്ങള്‍ക്കപ്പുറം വേറിട്ട അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ ചില കഥാപാത്രങ്ങള്‍ക്ക് കുറെക്കൂടി ജീവന്‍ ലഭിച്ചേനെ.
    ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍. സംസ്ഥാന തലത്തില്‍ മികച്ച നടനുള്ളതുള്‍പ്പെടെ മറ്റ് ആറു പുരസ്കാരങ്ങള്‍ എന്നിവ ചിത്രം ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ഷട്ടര്‍

            ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന സിനിമയിലെ നായകന്‍ ജോയ് മാത്യു തന്റെ ആദ്യ സംവിധാന സംരംഭമായ ഷട്ടര്‍ സമര്‍പ്പിക്കുന്നത് ജോണിനു തന്നെയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ നാട്ടില്‍ വരുന്നതും കുടുംബ, സാമൂഹിക, സുഹൃദ് ബന്ധങ്ങളിലെ വൈരുധ്യങ്ങള്‍ അയാളെ ഒരു സങ്കീര്‍ണ്ണമായ പ്രശ്നത്തില്‍ പെടുത്തുന്നതുമാണ് ഷട്ടറിന്റെ പ്രമേയം.  ബന്ധങ്ങളുടെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കേണ്ടതെവിടെയെന്ന് ചിത്രം വ്യക്തമാക്കുന്നു. മലയാള സിനിമയില്‍ ഇതു വരെ കാണാത്ത പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത. ആശയപരമായി അവാര്‍ഡ് സിനിമകളുടെ ഗണത്തില്‍ പെടുത്താമെങ്കിലും, പ്രേക്ഷകരെ കുറച്ച് നേരത്തേക്ക് മുൾമുനയില്‍ നിറുത്താനും രണ്ടരമണിക്കൂറിലധികം സമയം തിയേറ്ററിനുള്ളില്‍ പിടിച്ചിരുത്തുവാനും പ്രമേയത്തിലെ വ്യത്യസ്ഥത സഹായിച്ചിട്ടുണ്ട്

        ഒരു ഷട്ടറിനുള്ളില്‍ അകപ്പെടുന്ന രണ്ടു വ്യക്തികളുടെ വ്യവഹാരങ്ങളെ മികവോടെ അവതരിപ്പിച്ച ലാലും, സജിത മഠത്തിലും അഭിനന്ദനമര്‍ഹിക്കുന്നു. ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, റിയ സൈറ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭദ്രമാക്കി. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ പ്രേക്ഷകപ്രീതിക്കുള്ള രജതചകോരം നേടിയ ചിത്രം കൂടിയാണ് ഷട്ടര്‍.

ആര്‍ട്ടിസ്റ്റ്

         ചിത്രകാരനായ മൈക്കല്‍ അഞ്ചലോയും, എഴുത്തുകാരിയായ ഗായത്രിയും ഒരുമിച്ചു ജീവിക്കാന്‍(വിവാഹമല്ല) തീരുമാനിക്കുന്നു. പ്രണയം യാഥാര്‍ത്ഥ്യത്തിനു വഴി മാറുമ്പോള്‍ ഗായത്രി കോള്‍ സെന്റര്‍ ജീവനക്കാരിയാകേണ്ടി വരുന്നു. അവിചാരിതമായി കാഴ്ച നഷ്ടപ്പെടുന്ന മൈക്കല്‍ കഥയെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. കലയും ജീവിതവും തമ്മിലുള്ള സംഘര്‍ഷം, കാണികള്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് എന്നിവ ചിത്രത്തെ സംവിധായക്ന്റെ സിനിമയാക്കുന്നു. കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ പരാജയ ഭാരം കുറക്കാന്‍ ശ്യാമപ്രസാദ് എന്ന സംവിധായകന് ആര്‍ട്ടിസ്റ്റ് സഹായകമായി എന്നേ പറയാന്‍ കഴിയൂ. വര്‍ണ്ണങ്ങളുടെ ലോകത്ത് ഭ്രാന്തമായി ജീവിക്കുന്ന മൈക്കലിനെ ഫഹദ് മനോഹരമാക്കി. ഗായത്രിയെ പ്രേക്ഷകമനസ്സുകളില്‍ നിറക്കാന്‍ന്‍ അഗസ്റ്റിനു കഴിഞ്ഞോയെന്നത് സംശയമാണ്.  വളരെ ചുരുക്കം ചില പാത്രസൃഷ്ടികളില്‍ വികസിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ കഥാപാത്രം ഓര്‍മ്മയില്‍ നില്‍ക്കും. പ്രേക്ഷകര്‍ അവാര്‍ഡ് എന്ന ഗണത്തിലേക്ക് ഒതുക്കിയ ചിത്രം പക്ഷെ കലാപരതയില്‍ മികച്ചതാണ്.

കുഞ്ഞനന്തന്റെ കട

               നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിം അഹമ്മദ് സംവിധാനം നിര്‍വഹിച്ച കുഞ്ഞനന്തന്റെ കട ഗൗരവമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശത്തെ വികസനത്തിന്റെ ഭാഗമായി വരുന്ന റോഡ് അവിടെയുള്ള കുറച്ച് ചെറുകിട കച്ചവടക്കാരുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രതിസന്ധിയാണ് കഥയുടെ കാതല്‍. കുഞ്ഞനന്തന്റെ പലചരക്ക് കട പ്രശ്നത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നിടത്ത് കഥ വികസിക്കുന്നു. കുടുംബമാണോ കടയാണോ കുഞ്ഞനന്തനു പ്രധാനം എന്നത് ആദ്യ പകുതിയില്‍ വ്യക്തമാകുന്നു. വികസനവും, ഏറ്റെടുക്കലുകളും, പ്രധിഷേധങ്ങളും സമകാലികമായി ചേര്‍ത്തു വക്കുന്നത് രണ്ടാം പകുതിയിലാണ്.

         തന്റെ കടയെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന, വികസന വിരോധിയായ കുഞ്ഞനന്തനായി മമ്മൂട്ടി ചിത്രത്തില്‍ ജീവിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കെല്ലാമൊടുവില്‍ നായകന്‍ നല്ലവനാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. എന്നാല്‍ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായത് എങ്ങനെ എന്നത് വ്യക്തമാകുന്നുമില്ല.. കുഞ്ഞനന്തന്റെ ഭാര്യ ചിത്തിരയെ  പുതുമുഖം നൈല ഉഷ മികച്ചതാക്കി. സിദ്ദിഖ്, ബാലചന്ദ്രമേനോന്‍, സലിംകുമാര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ ഒതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

        വികസനത്തിനു തുരങ്കം വക്കുന്നവരുടെ നിരയെ ഒരു ചെറുകിട കച്ചവടക്കാരനായ കുഞ്ഞനന്തനില്‍ ഒതുക്കി എന്നത് കഥയുടെ സ്വീകാര്യതയെ പരിമിതപ്പെടുത്തുന്നു. ചില രംഗങ്ങളില്‍ പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരം അസ്വസ്ഥത ജനിപ്പിക്കുന്നു. ചെറിയൊരു കഥാതന്തുവിനെ വിശദീകരിക്കാനെടുത്ത സമയ ദൈര്‍ഘ്യം വിരസത സൃഷ്ടിക്കുന്നുമുണ്ട്.
             സാങ്കേതികമായി ഈ വര്‍ഷം പുറത്തിറങ്ങിയ (കന്യക ടാക്കീസും ചേര്‍ത്ത്) മലയാള ചിത്രങ്ങളില്‍ മികച്ച  ആറെണ്ണം തന്നെ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍  കേരളത്തിനു സന്തോഷിക്കാം. ഹിന്ദിയിലെ ഭാഗ് മില്‍ഖാ ഭാഗും, പാന്‍സിംഗ് തോമറും, തമിഴിലെ തങ്ക മീങ്കളും, ബംഗാളിലെ സത്യാന്വേഷിയും, മറാഠിയിലെ തപാലുമൊക്കെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍അതിജീവിക്കാന്‍ ഇവക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

                        
  
                      നിരൂപണം 
 സുദീപ് സെബാസ്റ്റ്യന്‍ കൊടുകപ്പിള്ളില്‍