08 ഒക്‌ടോബർ 2013

സംസ്ഥാന മീറ്റില്‍ ചരിത്ര നേട്ടവുമായി പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി.

           എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന ജൂനിയര്‍ അമേച്ച്വര്‍ അത്ലറ്റിക് മീറ്റില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ താരങ്ങള്‍ക്ക് സുവര്‍ണ നേട്ടം. കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി 7 സ്വര്‍ണ്ണവും, 7 വെള്ളിയും, 2 വെങ്കലവും നേടി ചരിത്ര നേട്ടമാണ് സംഘം കാഴ്ചവച്ചത്. അഖില്‍ ബിജു, അപര്‍ണ റോയി, എന്നിവര്‍ ഇരട്ട സ്വര്‍ണ നേടിയപ്പോള്‍ 2000 മീ. സ്റ്റീപ്പിള്‍ ചേയ്സില്‍ ശ്രുതി എം.എസ്. മീറ്റ് റെക്കാഡോടെയാണ് സ്വര്‍ണം നേടിയത്. സംസ്ഥാന മീറ്റില്‍ കോഴിക്കോട് ജില്ലയെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ അക്കാദമിയുടെ കായിക താരങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അഖില്‍ ബിജു ഡെക്കത്ത്ലണ്‍ , ട്രിപ്പിള്‍ ജമ്പ് എന്നിവയിലും അപര്‍ണ്ണ റോയി 100 മീ, 4 x 100 മീ റിലെ എന്നിവയിലാണ് ഇരട്ട സ്വര്‍ണം നേടിയത്. 
 മെഡല്‍ നേട്ടം കൈവരിച്ച മറ്റുള്ള താരങ്ങളും, ഇനങ്ങളും: തെരേസ ജോസഫ് - (4 x 100 മീ റിലെ സ്വര്‍ണം, 8000 മീ വെള്ളി), വിനിജ വിജയന്‍ - (4x100 മീ. റിലെ സ്വര്‍ണം ഹെപ്ററാത്ത്ലണ്‍ വെങ്കലം), അമല്‍ തോമസ് - (800 മീ വെള്ളി, 4x400 മീ റിലേ വെള്ളി), മുഹമ്മദ് റാഷിദ്-(800 മീ വെള്ളി, 4 x 400 മീ റിലേ വെള്ളി),അഭിലാഷ് - (4 x 400 മീ റിലേ വെള്ളി), മരിയ തോമസ് -(ഷോട്ട്പുട്ട് വെള്ളി),  ലെബിന്‍ മാനുവല്‍ - (10000 മീ നടത്തം വെള്ളി), സുജിത് കെ ആര്‍ -(10000 മീ നടത്തം വെങ്കലം). മുഖ്യ കോച്ച് ടോമി ചെറിയാന്റെ നേത്യത്വത്തില്‍  സി.കെ.സത്യന്‍ , ടി.ടി. ജോസഫ്, ജോണ്‍സണ്‍ പുളിമൂട്ടില്‍, ജോസഫ് ജോണ്‍ എന്നിവരാണ് അക്കാദമിയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.