02 ഒക്‌ടോബർ 2013

നല്ല സിനിമയുടെ 24 കാതം....


    ഓണം കഴിഞ്ഞാല്‍  കേരളീയരുടെ ദേശീയ ആഘോഷമാണല്ലോ ഹര്‍ത്താല്‍. ജനജീവിതത്തെ മാറ്റിമറിക്കാന്‍ (ദുസ്സഹമാക്കാന്‍) ഇവനുള്ള കഴിവ് മലയാളികള്‍ക്ക് നന്നായറിയാം. അത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ വേറിട്ട കാഴ്ചയാണ് നോര്‍ത്ത് 24 കാതം എന്ന തന്റെ കന്നിച്ചിത്രത്തിലൂടെ അനില്‍  രാധാകൃഷ്ണന്‍ മേനോന്‍  നമുക്ക് സമ്മാനിക്കുന്നത്.
       തിരുവനന്തപുരത്തേക്ക് ട്രെയിനില്‍  യാത്ര ചെയ്യുന്ന മൂന്ന് പേര്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍  പുലര്‍ച്ചെ കൊല്ലത്തിറങ്ങേണ്ടി വരുന്നു. തിരിച്ച് കോഴിക്കോട്ടേക്ക് സഞ്ചരിക്കുന്ന അവര്‍ക്ക് കൂട്ടാകുന്നത് ഒരു ഹര്‍ത്താലിന്റെ തനതായ ബുദ്ധിമുട്ടുകളാണ്.           
     ‘യാത്രകള്‍ ചിലരുടെ ജീവിതത്തില്‍  മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം’ എന്നതാണ് ഈ ചിത്രത്തിന്റെ തലവാചകം. ട്രെയിനില്‍  വച്ച് മാത്രം കണ്ട, തികച്ചും അപരിചിതരായ ഹരികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ മാഷ്, നാരായണി എന്നിവര്‍ കൊല്ലത്തിറങ്ങിയതെന്തിന്?   . ഹര്‍ത്താല്‍  ദിനത്തിന്റെ ദുരിതങ്ങള്‍ക്കിടയിലും അവര്‍ ഒരുമിച്ച് തിരികെ യാത്ര ചെയ്യാന്‍ കാരണമെന്താണ്? മാറ്റങ്ങള്‍ ഇവിടെ തുടങ്ങുന്നു. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകരുടെ മനസ്സുകളെ സ്പര്‍ശിക്കുന്ന മാറ്റങ്ങള്‍.
           'വൃത്തിരാക്ഷസനും' അതിലുപരി ബുദ്ധിരാക്ഷസനുമായ ഹരികൃഷ്ണന്‍ എന്ന സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജീവിതത്തില്‍ വേറിട്ട നിഷ്ഠകളും, വിചിത്രമായ (അമിതമായ) വൃത്തിബോധവും പുലര്‍ത്തുന്നവര്‍ക്കുള്ള Obsessive compulsive disorder എന്ന സ്വഭാവത്തിനുടമയാണിയാള്‍. ആരോടും പ്രത്യേകിച്ച് അടുപ്പമില്ലാത്ത, വീട്ടുകാര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന ഹരിയായിമാറി നമ്മെ വിസ്മയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍.
           'ആമ്മേന്‍' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സ്വാതി റെഡ്ഡി ഫഹദ് ഫാസിലിന്റെ നായികയാകുന്ന സിനിമയാണ് നോര്‍ത്ത് 24 കാതം.  ലാളിത്യവും സ്വാഭാവികതയും നിറഞ്ഞ അഭിനയത്താല്‍  നാരായണിയെന്ന കഥാപാത്രത്തെ സ്വാതി മനോഹരമാക്കി. അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ മികച്ചതാക്കുവാന്‍ നെടുമുടി വേണുവിനുള്ള സിദ്ധി വര്‍ഷങ്ങളായി നാം കാണുന്നതാണ്. ആ ഉരകല്ലില്‍  മാറ്റ് നോക്കുവാന്‍ അടുത്ത കാലത്ത് ലഭിച്ച ചുരുക്കം ചില വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ഗോപാലകൃഷ്ണന്‍ മാഷ്. ചില രംഗങ്ങളില്‍  ഫഹദും നെടുമുടിയും മത്സരിച്ചഭിനയിക്കുന്നു.  ചിത്രത്തിന്റെ അവസാനഭാഗത്ത് കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നതില്‍  നെടുമുടി കാണിക്കുന്ന കൈയ്യടക്കം എടുത്തുപറയണം.
  
          ചെറുതെങ്കിലും വ്യക്തിത്വമുള്ള വേഷങ്ങളുമായി തമിഴ് നടന്‍ പ്രേംജി അമരന്‍, ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ്ഭാസി എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. തലൈവാസല്‍  വിജയ്, ഗീത, ജിനു ജോസ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. ശ്രീനാഥ് ഭാസിയുടെ 'താനാരോ.., എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമാണ്.. സംഗീത സംവിധായകരും, മറ്റ് അണിയറ പ്രവര്‍ത്തകരും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.
      ആദ്യ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ തനിയെ നിര്‍വ്വഹിക്കാന്‍ ധൈര്യം കാണിച്ച അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് താരം. ഇവയില്‍  ഒരു മേഖലയിലും നവാഗത സംവിധായകനാണ് താനെന്ന് ചിന്തിക്കുവാന്‍ ആര്‍ക്കും അവസരം നല്‍കുന്നില്ല എന്നതില്‍  അദ്ദേഹത്തിന് അഭിമാനിക്കാം.തുടക്കത്തില്‍  ഒന്നോ രണ്ടോ രംഗങ്ങളില്‍ അനുഭവപ്പെടുന്ന ഇഴച്ചില്‍  പിന്നീടില്ല.  ഒരു ഹര്‍ത്താലും, യാത്രയും കൂടി കഥാപാത്രങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെ നര്‍മ്മത്തിന്റെ അകമ്പടിയില്‍  ചടുലമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകര്‍ക്കും തീയേറ്ററുകളില്‍ പോയി, സകുടുംബം ആസ്വദിക്കാവുന്ന നല്ല സിനിമയാണ് നോര്‍ത്ത് 24 കാതം.


                    നിരൂപണം
സുദീപ് സെബാസ്റ്റ്യന്‍ കൊടുകപ്പിള്ളില്‍