25 സെപ്റ്റംബർ 2013

ആനക്കാംപൊയിലിലെ ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു.

   
        ആനക്കാംപൊയില്‍ പുനര്‍ജനി അവയവ-രക്തദാന സന്നദ്ധ കൂട്ടായ്മയുടെയും ,കോഴിക്കോട് ട്രോമ കെയര്‍  യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍  ചെന്നൈ  ശ്രീസായി ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സഹകരണത്തോടെ രണ്ടു ദിവസമായി ആനക്കാം പൊയിലില്‍ നടന്നു വന്ന ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തി രണ്ടോളം ആളുകള്‍ പരിശീലനത്തിനെത്തി. കൂടാതെ പുനര്‍ജനി അംഗങ്ങളായ 31 പേരും പരിശീലനത്തില്‍  പങ്കെടുത്തു.


       ഉരുള്‍പൊട്ടല്‍ മേഖലയിലും ഇരുവഞ്ഞിപ്പുഴയിലും നടന്ന പരിശീലനത്തിന് റിട്ട. എസ്.പി.മാരായ ജനാര്‍ദനന്‍, സി.എം. പ്രദീപ്, ചെന്നൈ ശ്രീസായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ഗോപാലകൃഷ്ണന്‍, രാംദയാല്‍, വെങ്കിടേഷ് എന്നിരുടെ നേത്യത്വത്തിലുള്ള 25 വിദഗ്ദരും പരിശീലനത്തിന് നേത്യത്വം നല്കി. താമരശ്ശേരി സി.ഐ. ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു.


         പുനര്‍ജനി പ്രവര്‍ത്തകരായ വില്‍സണ്‍ നമ്പൂരിക്കുന്നേല്‍, ജോണ്‍സണ്‍ പുത്തൂര്‍, ജോസ് റാപുഴ, പ്രിന്‍സ് കടുത്താനം, സാബു പുതുപ്പറമ്പില്‍, ഷുക്കൂര്‍  എന്നിവര്‍ നേതൃത്വം നല്കി. ആനക്കാംപൊയില്‍ സെന്റ് മേരീസ് ദേവാലയ വികാരി ഫാ.സെബാസ്റ്റ്യന്‍ വടക്കേല്‍ പരിശീലനം നേടിയവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകളും , ജാക്കറ്റുകളും വിതരണം ചെയ്തു.

           മൂന്നുമാസം മുമ്പ് 'പുനര്‍ജനി' പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ദുരന്തനിവാരണ പരിശീലനം നടന്നിരുന്നു. ചെമ്പുകടവില്‍  ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചപ്പോള്‍ പരിശീലനം നേടിയ  പുനര്‍ജനി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയും ഒട്ടേറെ പേര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു.മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ പേരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനാണ് 'പുനര്‍ജനി'യുടെ ശ്രമം.