08 സെപ്റ്റംബർ 2013

പുല്ലൂരാംപാറ അങ്ങാടിക്കു സമീപം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു.

         
             പുല്ലൂരാംപാറ അങ്ങാടിക്കു സമീപം  മാരുതി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടി ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ പുല്ലൂരാംപാറ അങ്ങാടി കഴിഞ്ഞുള്ള കയറ്റത്തില്‍ (ഓലിക്കമാക്കല്‍ വീടിനു മുന്‍പില്‍)   നിയന്ത്രണം വിട്ട് 11 കെ. വി. ലൈന്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം   തടസ്സപ്പെട്ടു. തുടര്‍ന്ന് ബസുകളടക്കമുള്ള വാഹനങ്ങള്‍ ബഥാനിയ്ക്കു മുന്‍പിലുള്ള വഴിയിലൂടെയാണ് കടന്നു പോയത്. 


         അപകടമുണ്ടായ ഉടന്‍  സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തുകയും കാര്‍ യാത്രക്കാരായ രണ്ടു പേരെയും നിസാര പരിക്കുകളോടെ രക്ഷപെടുത്തുകയുമായിരുന്നു.  പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍, ഒടിഞ്ഞ പോസ്റ്റ് താല്ക്കാലികമായി വലിച്ചു കെട്ടി നിര്‍ത്തി വെച്ചാണ് ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതു മൂലം പള്ളിപ്പടി ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിക്കേണ്ടി വന്നു. ഇന്നുച്ചയോടെ പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി. 

റിപ്പോര്‍ട്ട് : ബിജു വള്ളിയാംപൊയ്കയില്‍