16 ഓഗസ്റ്റ് 2013

' ജയന്റ് റോബോട്ട് 'ഒരു തലമുറ നെഞ്ചിലേറ്റിയ കുട്ടികളുടെ ഹീറോ.

      
      ഓര്‍മയുണ്ടോ ഈ ജയന്റ് റോബോട്ടിനെ.. എണ്‍പതുകളില്‍  ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ' ജയന്റ് റോബോട്ട്  ' എന്ന കുട്ടികള്‍ക്കായുള്ള ഈ ജപ്പാന്‍  സീരിയല്‍ കാണാത്തവരും അനുകരിക്കാത്തവരും കുറവാണ്. ഇത് കാണുമ്പോള്‍ പലരുടെ മനസുകളില്‍  കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഓടിയെത്തും. എല്ലാ ശനിയാഴ്ച്ചകളിലും (പിന്നീട് ഞായറാഴ്ചകളില്‍) വൈകുന്നേരത്തെ സിനിമയ്ക്കു മുന്‍പ് 5 മണിക്കാണ് കുട്ടികള്‍ക്കായുള്ള ഈ സീരിയല്‍ വരാറുള്ളത്. ഇംഗ്ലീഷിലാണ് സംഭാഷണമെങ്കിലും,  ഇതു കാണാന്‍ വേണ്ടി അക്കാലങ്ങളില്‍ കളികളെല്ലാം  മാറ്റിവെച്ച്,  വളരെ നേരത്തെ തന്നെ, ദൂരദര്‍ശന്‍ തുറക്കുന്നതും കാത്ത് ടിവിക്കു മുന്‍പില്‍ കുട്ടികള്‍ കുത്തിയിരിക്കുന്ന കാഴ്ച്ച ഇന്നും മറക്കാന്‍ സാധിക്കില്ല. 

                                           ജയന്റ് റോബോട്ട് സീരിയല്‍ ഒരു എപ്പിസോഡ്
          
       ജയന്റ് റോബോട്ട് എന്ന റോബോട്ടിനെയും ജോണി എന്ന കുട്ടിയെയും കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ചിരിക്കുന്ന ഈ സീരിയല്‍ അക്കാലങ്ങളില്‍ കുട്ടികള്‍ക്ക് വിസ്മയവും, ആവേശവുമായിരുന്നു. ജോണി അപകടത്തില്‍ പെടുമ്പോള്‍ വാച്ച് തിരിച്ച് റോബോട്ടിനെ വിളിക്കുന്നതം​, റോബോട്ട് ആകാശത്തേക്കുയരുന്നതും അന്ന് അനുകരിച്ചു കാണിക്കാത്ത കുട്ടികള്‍  വിരളമായിരുന്നു. 1967-68 കാലഘട്ടങ്ങളില്‍ 26 എപ്പിസോഡുകളായി ജപ്പാനിലാണ് കുട്ടികള്‍ക്കായുള്ള ഈ സീരിയല്‍  ആദ്യമായി ടെലിവിഷനില്‍ സംപ്രേഷണം തുടങ്ങിയത്. തുടര്‍ന്ന് പലപേരുകളില്‍, പലഭാഷകളിലായി മൊഴിമാറ്റം ചെയ്തു കൊണ്ട് രണ്ടു പതിറ്റാണ്ടുകളിലായി ലോകത്തൊട്ടാകെയുള്ള കുട്ടികളുടെ പ്രിയ കൂട്ടുകാരനായി മാറാന്‍ ജയന്റ് റോബോട്ടിനു സാധിച്ചു.