06 ഓഗസ്റ്റ് 2013

മലയോര മേഖലയെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു വയസ്സ്.


   ഇന്ന് ആഗസ്റ്റ് 6 മലയോരമേഖലയെ നടുക്കിയ മഹാ ദുരന്തത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ദിനം. പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം ഒരാണ്ടു പിന്നിടുമ്പോള്‍ സര്‍വ്വതും നഷ്ടമായ ഒരു ജനത ആ ഞെട്ടലില്‍ നിന്നും ഇനിയും മോചിതമായിട്ടില്ല. പുല്ലൂരാംപാറയുടെ ചരിത്രത്തിലെ കറുത്ത ദിനമായ അന്ന് മേഖലയിലാകെ എട്ടു ജീവനുകളാണ് പൊലിഞ്ഞു പോയത്. നൂറുകണക്കിനാളുകളുടെ ആയിരക്കണക്കിന് ഏക്കര്‍ ക്യഷി സ്ഥലം ഒലിച്ചു പോയി, 24 വീടുകള്‍ പൂര്‍ണ്ണമായും 65 വീടുകള്‍ ഭാഗികമായും തകര്‍ക്കപ്പെട്ടു, പ്രദേശത്തെ നിരവധി റോഡുകള്‍,  കലുങ്കുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക്  നാശം  സംഭവിച്ചു.


         2012 ആഗസ്റ്റ് 6നു വൈകുന്നേരം 5.45ഓടു കൂടി കേരള ചരിത്രത്തിലെ ഏറ്റവും വലുതും, ദക്ഷിണേന്ത്യയിലെ രണ്ടാമത്തേതുമായ പ്രക്യതി ദുരന്തത്തിനാണ് പുല്ലൂരാംപാറ സാക്ഷ്യം വഹിച്ചത്. അന്നേ ദിവസം വൈകിട്ടോടെ ചെറുതും വലുതുമായ മുപ്പതിലധികം വരുന്ന ഉരുള്‍ പൊട്ടലുകളാണ് പുല്ലൂരാംപാറ പ്രദേശത്തെ ചുറ്റിയുള്ള മലനിരകളില്‍ നിന്നും താഴേക്ക് ഒഴുകിയെത്തിയത്. പുല്ലൂരാംപാറ ടൌണിനപ്പുറത്തേക്കുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തതിനാല്‍  മലനിരകളില്‍ എന്താണ് സംഭവിച്ചതെന്നും , അപകടത്തിന്റെ തീവ്രത വെളിവാകാനും പിറ്റേന്നു രാവിലെ മാത്രമാണ് സാധിച്ചത്. അതിരാവിലെയോടെ മാത്രമാണ് പുറം ലോകത്തിന് ഉരുള്‍ പൊട്ടലിന്റെ ഭീകരമുഖം ദര്‍ശിക്കാനായത്. 


        തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് പ്രദേശം സന്ദര്‍ശിക്കാനെത്തിയത്. മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹ്യ-മത-സാം സ്ക്കാരിക രംഗത്തെ പ്രമുഖരടക്കമുള്ള നിരവധി ആളുകള്‍ ഇവിടെയെത്തി. മാധ്യമ ശ്രദ്ധ മുഴുവന്‍ ഇങ്ങോട്ടേക്കായി. ലൈവ് സംപ്രേക്ഷണത്തിനുള്ള ഒ.ബി. വാനുകളുമായി ചാനലുകള്‍ ഇവിടെ ദിവസങ്ങളോളം തമ്പടിച്ചു.  പുല്ലൂരാംപാറയിലുണ്ടായ പ്രക്യതി ദുരന്തം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും, ചര്‍ച്ചകളുമായി ആഴ്ചകളോളം നിറഞ്ഞു നിന്നു. തകര്‍ന്നു പോയ ഗതാഗത സംവിധാനങ്ങളും, വൈദ്യുതി-ടെലഫോണ്‍ ബന്ധങ്ങളും നന്നാക്കി മേഖലയെ സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ അധിക്യതര്‍  ശ്രമിക്കുന്നുന്നുണ്ട്, ഇനിയും കുറച്ചു കാര്യങ്ങള്‍ കൂടിചെയ്തു തീര്‍ക്കാനായി ബാക്കിയുണ്ടെങ്കിലും,   ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതമാകാത്ത ഒരു ജനതയെയാണ് ഇപ്പോഴും ഇവിടങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. 
                         മാവിന്‍ ചുവട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ ആദ്യ ദ്യശ്യങ്ങള്‍
 

ഉരുള്‍പൊട്ടലിന്റെ ദ്യശ്യങ്ങള്‍ മികച്ച രീതിയില്‍ യുട്യൂബിലൂടെ കാണാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 പുല്ലൂരാംപാറ ദുരന്തത്തെക്കുറിച്ച്   ' പുല്ലൂരാംപാറ വാര്‍ത്തകളില്‍ '  പ്രസിദ്ധീകരിച്ച  വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

                                  ദുരന്ത ദിവസത്തെ കാഴ്ചകളിലൂടെ ഒരിക്കല്‍ കൂടി