25 ഓഗസ്റ്റ് 2013

മലയോരത്തിന് ആവേശമായി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം.


      ദക്ഷിണേന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ശനിയാഴ്ച കോടഞ്ചേരിയില്‍  സമാപനമായി.  ചാലിപ്പുഴയിലും, ഇരവഞ്ഞിപ്പുഴയിലുമായി നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്കു പുറമെ, ഇറ്റലി, അമേരിക്ക, ഡെന്‍മാര്‍ക്ക്, ജര്‍മനി, നേപ്പാള്‍, ഇംഗ്ലണ്ട്, ആസ്ട്രേലിയ  എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതോളം കയാക്കര്‍മാരാണ് പങ്കെടുത്തത്. ഓഗസ്റ്റ് 23, 24 തിയതികളിലായി നടന്ന  കയാക്കിംഗ് മത്സരങ്ങളുടെ ഉദ്ഘാടനം ​വെള്ളിയാഴ്ച പുലിക്കയത്ത് മന്ത്രി എ.പി.അനില്‍ കുമാറാണ് നിര്‍വഹിച്ചത്. അദ്ദേഹം കയാക്കിംഗ് ബോട്ടില്‍ കയറി തുഴഞ്ഞത് ആളുകള്‍ക്ക് കൌതുകമായി. സമാപന ദിവസമായ ഇന്നലെ മന്ത്രി പി.കെ. ജയലക്ഷ്മി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


                               റാപ്പിഡ് രാജപട്ടം കരസ്ഥമാക്കിയ അയോധ്യാപ്രസാദ്
        
        പുലിക്കയത്ത് ചാലിപ്പുഴയില്‍ പ്രത്യേകം സജ്ജ്മാക്കിയ സ്റ്റാര്‍ട്ടിംഗ് പോയ്ന്റില്‍ നിന്നുമായിരുന്നു മത്സരങ്ങളുടെ തുടക്കം, ഈ ഭാഗത്തായിരുന്ന മത്സരങ്ങള്‍ പ്രധാനമായും നടന്നത്, അതേ സമയം ഇരവഞ്ഞിപ്പുഴയില്‍ കുറുങ്കയം കൊച്ചരിപ്പാറ എന്നിവിടങ്ങളില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെയും യാക്കിംഗ് മത്സരങ്ങള്‍ നടന്നു. സ്ലോംറേസ്, ഡൌണ്‍ വാട്ടര്‍ റേസ്, ബോട്ടര്‍ ക്രോസ്, ബിഗിനര്‍ റേസ്, സ്‌പ്രിന്റ് റേസ്, ഫണ്‍ റേസ് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത്. മികച്ച കയാക്കര്‍ക്കുള്ള റാപ്പിഡ് രാജ പട്ടം ഉത്തരാഖണ്ഡുകാരനായ അയോധ്യാപ്രസാദ്  കരസ്ഥമാക്കി. മലയാളിയായ  വരുണ്‍.എം.നായര്‍ ബിഗിനര്‍ റേസില്‍ ഒന്നാം സ്ഥനം നേടി. മികച്ച വനിതാ താരമായി ഇംഗ്ലണ്ടു സ്വദേശിനി  ചെല്‍സിലിന്‍ ബോള്‍ തിരഞ്ഞെടുക്കപ്പെട്ടു.


      ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും, ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച കയാക്കിംഗ് മത്സരങ്ങള്‍  കാണുവാനായി നാട്ടുകാരും, കായികപ്രേമികളും,  വിനോദസഞ്ചാരികളുമടക്കം  നൂറുകണക്കിനാളുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുലിക്കയത്തേക്ക് ഒഴുകിയെത്തിയത്. പുലിക്കയത്ത് പുഴയരികില്‍ കെട്ടിയുയര്‍ത്തിയ പ്രത്യേക സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും കയാക്കിംഗ് വഞ്ചിയുടെ പുഴയിലേക്കുള്ള ചാട്ടമായിരുന്നു ആളുകളെ ഏറെ ആകര്‍ഷിച്ചത്. തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ നിന്നും ഒ‍ഴുകിയെത്തുന്ന, പുഴയിലെ കുത്തൊഴുക്കിലൂടെയും, പാറക്കെട്ടുകള്‍ ക്കിടയിലൂടെയും അനായാസം തുഴയെറിഞ്ഞ കയാക്കര്‍മാര്‍ കാണികള്‍ക്ക് സാഹസിക ജലവിനോദ മത്സരത്തിന്റെ എല്ലാ ആവേശവും പകര്‍ന്നു നല്കി.


           ദക്ഷിണേന്ത്യയില്‍ ആദ്യമായി നടക്കുന്ന കയാക്കിംഗ് മത്സരങ്ങളൂടെ ഓരോ ചലനവും ക്യാമറക്കണ്ണുകളിലാക്കി കൊണ്ട് പ്രഫഷണല്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ നിരന്നത് കൌതുകമായി, കയക്കര്‍മാരുടെ ബന്ധുക്കളും സുഹ്യത്തുക്കളും, കയാക്കിംഗ് പരിശീലനത്തിനെത്തിയവരും നാട്ടുകാരും ചേര്‍ന്ന് വലിയൊരു ഉത്സവത്തിന്റെ പ്രതീതിയാണ് പുലിക്കയത്തു സ്യഷ്ടിച്ചത്.


         വിദേശരാജ്യങ്ങളിലും, ഉത്തരേന്ത്യയിലും സാധരണമായ കയാക്കിംഗ് മത്സരങ്ങള്‍ കേരളത്തിലാദ്യമായി നടക്കുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറ്റലിക്കാരനായ യാക്കപ്പോ നൊര്‍ദേരയാണ്, അദ്ദേഹമാണ് ഗൂഗിള്‍ മാപിലൂടെ ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴയിലുമുള്ള കയാക്കിംഗ് സാധ്യതകള്‍ മനസിലാക്കിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ ഈ ഭാഗങ്ങളില്‍ കയാക്കിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് ഇക്കൊല്ലം അധികാരികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ അനുമതി നേടിയെടുക്കുകയുമായിരുന്നു.


         ഉത്തരേന്ത്യയിലെ ഷികേശിനു പുറമെ തുഷാരഗിരിയെ ഇന്ത്യയിലെ മറ്റൊരു കയാക്കിംഗ് സെന്ററാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒളിമ്പിക്സ് ഇനമായ കയാക്കിംഗ് മത്സരങ്ങള്‍ ആദ്യമായി കേരളത്തില്‍ നടക്കുമ്പോള്‍ തുഷാരഗിരിയെ സംബന്ധിച്ച വലിയ നേട്ടമാണ്. ലോക ടൂറിസം ഭൂപടത്തില്‍  തുഷാരഗിരിയെ രേഖപ്പെടുത്തിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സ്വദേശിയരും, വിദേശിയരുമായ സാഹസിക വിനോദ സഞ്ചാരികളെയും മറ്റും  ആകര്‍ഷിക്കുന്നതോടെ ഇവിടം ലോകത്തിലെ മികച്ച കയാക്കിംഗ് സെന്ററും, ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.

 

ഫോട്ടോകള്‍ക്ക് കടപ്പാട് : Jaison KodancherryShebin Ca,   Jct photography,   MiA Studio