23 ഓഗസ്റ്റ് 2013

പെരുന്നാള്‍ ചിത്രങ്ങള്‍ ഒരു തിരിഞ്ഞു നോട്ടം.


      പെരുന്നാളിന് വന്നവരെത്ര? നിന്നവരെത്ര? എന്നൊരു ചോദ്യം പലരും എന്നോട് ചോദിച്ചു. "മുമ്പന്മാര്‍  പിമ്പന്മാരും, മിണ്ടാതിരുന്ന പിള്ളേര്‍ മുമ്പന്മാരും ആയി" എന്നതാണ് എനിക്കവരോടുള്ള മറുപടി. 
           നാലു മലയാള ചിത്രങ്ങളാണ് ഈ ഉത്സവ കാലത്ത് നമ്മുടെ മുമ്പിലെത്തിയത്. മത്സരത്തിന് കൊഴുപ്പേകാന്‍ രണ്ട് അന്യ ഭാഷാ ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാ
ല്‍ രഞ്ജ്ജിത്ത് 'കടല്‍ കടത്തി കൊണ്ടുവന്ന മാത്തുക്കുട്ടിയും', ലാല്‍ജോസ് കെണിവച്ചു പിടിച്ചോണ്ടു വന്ന 'പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും' നിരാശപ്പെടുത്തി.  'മെമ്മറീസ്' അവിസ്മരണീയമാക്കിയ ജീത്തു ജോസഫും,  'നീലാകാശവും, പച്ചക്കടലും, ചുവന്ന ഭൂമിയും' സമ്മാനിച്ച സമീര്‍  താഹിറും മുന്നിലെത്തി. ബെല്ലും ബ്രേക്കുമില്ലാതെ വന്ന 'ചെന്നൈ എക്സ്പ്രെസ്സിനോ', തലയും വാലുമില്ലാതെ വന്ന 'തലൈവാ' യ്ക്കോ കാര്യമായ ചലനം സൃഷ്ടിക്കാനായതുമില്ല.


ഏതാണ്ടെല്ലാ തലത്തിലുമുള്ള ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന 'മെമ്മറീസാണ്' മുന്നില്‍. ഒരു കുറ്റാന്വേഷണ ചിത്രത്തെ, സാങ്കേതിക തികവോടെ, 
  കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഥയും, തിരക്കഥയും,സംഭാഷണവും ഒരുക്കിയ സംവിധായകനു സാധിച്ചു. ചടുലമായ ആഖ്യാന ശൈലിയും എഡിറ്റിങ്ങും, മികച്ച ദൃശ്യാവിഷ്കാരം, പശ്ചാത്തല സംഗീതം എന്നിവയും ചില രംഗങ്ങളിലെങ്കിലും ഒരു ഹോളിവുഡ് സിനിമാനുഭവം നല്‍കുന്നുണ്ട്. തന്റെ മുന്‍ ചിത്രങ്ങളായ ഡിക്റ്ററ്റീവ്, മമ്മി & മി, മൈ ബോസ്സ് എന്നിവയെ അപേക്ഷിച്ച് സംവിധായകന്‍ എന്ന നിലയില്‍വളരെയേറെ മുന്നോട്ടു പോകാന്‍ ജീത്തു ജോസഫിനു കഴിഞ്ഞിട്ടുണ്ട്.
 
        ഒരു കാലത്ത് കര്‍ത്തവ്യ നിരതനായിരുന്ന, എന്നാല്‍ ഇപ്പോള്‍ മദ്യപനും അലസനുമായ പോലീസ് ഉദ്യോഗസ്ഥന്‍ സാം അലക്സിന്റെ ഓര്‍മ്മകളും ജീവിതവുമാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്.  ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ വീണ്ടും കുറ്റാന്വേഷണത്തിനായി മടങ്ങിയെത്തുന്നു. തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന നായകന്‍ ഒരു സുപ്രഭാതത്തില്‍ മാനസാന്തരപ്പെട്ട് അമാനുഷികനാകുന്നില്ല എന്നത് ചിത്രത്തെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാകും. ചില വിശ്വാസ സംഹിതകളെ ചോദ്യം ചെയ്യുന്ന ചിത്രം പക്ഷെ വിശ്വാസികളെ നിരാശപ്പെടുത്തുന്നുമില്ല. മികച്ച സസ്പെന്‍സും, ക്ലൈമാക്സും മെമ്മറീസിനെ അടുത്ത കാലത്തിറങ്ങിയ കുറ്റാന്വേഷണ ചിത്രങ്ങളില്‍ വ്യത്യസ്തമാക്കുന്നു.
       യുക്തിയെ ചോദ്യം ചെയ്യുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാവുന്ന ഒന്നോ രണ്ടോ രംഗങ്ങ
ള്‍പോലും സംവിധാന മികവില്‍ വിസ്മരിക്കപ്പെടും. കൊലപാതകം ചെയ്യാനുള്ള കാരണം ബലവത്താണോ എന്ന സംശയം ചിലര്‍ക്കുണ്ടാകാം. എന്നാല്‍ ഇന്നു നാം കാണുന്ന പല കൊലപാതകങ്ങള്‍ക്കും പറയാനൊരു കാരണം പോലുമുണ്ടാകാറില്ല എന്നതാണ് യാഥാര്‍ത്യം.
          നായകനായ പൃഥ്വിരാജ്, തന്റെ അഭിനയ മികവു വീണ്ടും വെളിപ്പെടുത്തുന്ന ചിത്രം കൂടിയാണിത്. സാം അലക്സിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്കും, യുക്തി ഭദ്രമായ കുറ്റാന്വേഷണ രീതികളിലേക്കും ഒരേപോലെ പ്രേക്ഷകരെ നയിക്കാന്‍ പൃഥ്വിക്കായി. ചെറിയ കുട്ടികളൊഴിച്ചുള്ള എല്ലാ പ്രേക്ഷകവിഭാഗങ്ങള്‍ക്കും ചിത്രം ആസ്വാദ്യകരമാകും


      ചാപ്പാ കുരിശിനും, അഞ്ചു സുന്ദരികളിലെ ഇഷക്കും ശേഷം സമീര്‍  താഹിര്‍ ഒരുക്കിയ 'നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി' പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്
             മലയാളത്തിലെ ആദ്യ റോഡ് മൂവിയാണ് ഈ ചിത്രമെന്നു പറയാം. നായകനായ കാസി, തന്റെ കാമുകിയെ തേടി കേരളത്തില്‍ നിന്ന് നാഗാലാന്‍ഡ് വരെ ബുള്ളറ്റില്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. കൂട്ടിന് ആത്മ സുഹൃത്ത് സുനിയുമുണ്ട്. യാത്രയില്‍ പല ദേശങ്ങളില്‍ അവര്‍ കാണുന്ന ജീവിതങ്ങളും, അതിലൂടെ ലഭിക്കുന്ന തിരിച്ചറിവുകളുമാണ് ചിത്രത്തിന്റെ ജീവന്‍. അഞ്ചു സുന്ദരികളില്‍ നിരാശപ്പെടുത്തിയ സമീര്‍ താഹിറിന്റെ തിരിച്ചു വരവാണ് ചിത്രം. ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ ദൃശ്യഭംഗി അപ്പാടെ ഒപ്പിയെടുക്കാന്‍ ചായാഗ്രഹകനു കഴിഞ്ഞിട്ടുണ്ട്. ജീവിതഗന്ധിയായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുടനീളം കാണാനാകും. രണ്ടു പകുതിയിലും ഇടക്കെപ്പൊഴൊ കടന്നു വരുന്ന ഡോക്കുമെന്ററി സ്വഭാവം അല്പം അരോചകമായി. ഓടിച്ചിട്ടു തീര്‍ത്ത ക്ലൈമാക്സ് കുറേക്കൂടി മികച്ചതാക്കാമായിരുന്നു. എങ്കിലും പ്രണയത്തിന്റെ തീവ്രതയും, കുടുംബ ബന്ധങ്ങളുടെ മൂല്യവും ബാലന്‍സ് ചെയ്യുവാന്‍ സംവിധായകനായിട്ടുണ്ട്. തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട എ.ബി.സി.ഡി യുടെ വിജയത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാനു ലഭിച്ച മികച്ച വേഷമാണ് കാസി.  സണ്ണി വെയ്ന്‍ നായകനു മികച്ച പിന്തുണ നല്‍കുന്നു. യുവാക്കളെയും, വ്യത്യസ്തത ആഗ്രഹിക്കുന്നവരെയും ചിത്രം ആകര്‍ഷിക്കുന്നു.


      ഇമ്മാനുവലിന്റെ വിജയത്തിനു ശേഷം ലാല്‍ ജോസില്‍ നിന്ന് മറ്റൊരു മികവുറ്റ ചിത്രം പ്രതീക്ഷിച്ചവരെ ആട്ടിന്‍കുട്ടിയും കൂട്ടുകാരും ശരിക്കും പറ്റിച്ചു. 'ബുദ്ധി വീട്ടില്‍ വച്ചു കാണാന്‍ വരൂ' എന്നു സംവിധായകന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പല രംഗങ്ങളും സ്കൂള്‍ നാടകങ്ങളേക്കാള്‍ താണ നിലവാരത്തിലായിപ്പോയി എന്നു പറയാതെ വയ്യ. സിന്ധുരാജിന്റെ തിരക്കഥയില്‍ പുതുമയില്ല, സസ്പെന്‍സില്ല, വ്യത്യസ്തമായി ഒന്നുമില്ല. ചിത്രം തീയേറ്ററുകളി
ല്‍ ഓടുന്നതിനു ലാല്‍ജോസ് നന്ദി പറയേണ്ടത് കുട്ടികളോടാണ്. പരസ്യങ്ങളിലെ ആനിമേഷനും, തമാശയും, തരക്കേടില്ലാത്ത ഗാനങ്ങളും അതിനു സഹായിച്ചിട്ടുമുണ്ട്.  
        മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് അല്പമെങ്കിലും നായികാ പ്രധാന്യമുള്ള ചിത്രമാണ് ഇതെന്നു പറയാം. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകൊണ്ട് കുഞ്ചാക്കോ ബോബന്‍ ആട് ഗോപനെ നന്നാക്കി.  കൈനകരി ജയശ്രീ ആയി നമിത പ്രമോദും തിളങ്ങി. രണ്ടര മണിക്കൂറില്‍ കുറച്ചു കഷ്ടപ്പെട്ട്  ചിരിക്കാനും, എന്തൊക്കെയോ കണ്ട് ചിരിക്കുന്ന കുട്ടികളെ നോക്കി നെടുവീര്‍പ്പിടാനും താല്പര്യമുള്ളവര്‍ക്ക് ലാല്‍ ജോസിന്റെ ഈ വെല്ലുവിളി സ്വീകരിക്കാം.


    ജര്‍മ്മനിയില്‍ നിന്നും ഒരു പ്രത്യേക ഉദ്ദേശ്യവുമായി നാട്ടിലെത്തുന്ന പ്രവാസി മലയാളിയാകാന്‍ മമ്മൂട്ടി മീശയെടുത്തു എന്നതാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ പ്രധാന വിശേഷം.
     രഞ്ചിത്തും മമ്മൂട്ടിയും ചേരുമ്പോള്‍ വിശേഷപ്പെട്ടതെന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നന്മയില്‍ ബാവൂട്ടിയെ കുറച്ച് പ്രാഞ്ചിയേട്ടാദി ലേഹ്യം കഴിപ്പിച്ചപ്പോള്‍ ഉണ്ടായതാണോ മാത്തുക്കുട്ടിയെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കൂട്ടിനു കുറേ താരങ്ങളും, തട്ടിക്കൂട്ടിയ കഥയും. സംവിധാനത്തില്‍ രഞ്ചിത്തിന്റെ കയ്യൊപ്പില്ല എന്നതാണ് ചിത്രത്തിന്റെ പോരായ്മ. മമ്മൂട്ടി തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ലല്ലോ.
    ‘മാത്തുക്കുട്ടി പണി കൊടുത്തിരിക്കുവാ’ എന്നു സുരേഷ് കൃഷ്ണയുടെ കഥാപാത്രം പറയുന്നുണ്ട് ചിത്രത്തില്‍ . കാണികള്‍ക്കൊപ്പം പണികിട്ടിയത് നിര്‍മ്മാതാവായ പൃഥ്വിരാജിനു കൂടിയാണ്. മമ്മൂട്ടി ആരാധകരേയും, പ്രവാസി മലയാളികളേയും, പിന്നെ കുറച്ച് പുല്ലൂരാംപാറക്കാരെയും ആകര്‍ഷിക്കാന്‍ മാത്തുക്കുട്ടിക്കായാല്‍ നല്ലത്.



     തന്റെ പതിവു ശൈലിയുടെ ചില മിന്നലാട്ടങ്ങള്‍ക്കപ്പുറം പ്രത്യേകിച്ച് ഒന്നും നല്‍കാന്‍ ഷാറൂഖിന്റെ ചെന്നൈ എക്സ് പ്രെസ്സിന് കഴിഞ്ഞിട്ടില്ല. തന്റെ റോളിനോട് നീതി പുലര്‍ത്താന്‍ ദീപിക പദുക്കോണിനായി എന്നതാണു ഏക ആശ്വാസം. എങ്കിലും മൂന്ന് മണിക്കൂറിലെ ബഹളത്തിനപ്പുറം ഒന്നുമില്ല ഈ ഷാറൂഖ് ചിത്രത്തില്‍. ലോക വ്യാപകമായ റിലീസ് ചിത്രത്തെ ബോക്സ് ഓഫീസ് വിജയമാക്കുമെന്ന് മാത്രം.


     സന്താനത്തിന്റെ കോമഡിക്കും, അമലാ പോളിന്റെയും, രാജീവ് പിള്ളയുടെയും സാന്നിധ്യത്തിനുമപ്പുറം തലൈവാ നമുക്കൊരു സ്ഥിരം വിജയ് മസാലപ്പടം മാത്രമാകുന്നു. രണ്ടാം പകുതി കുറച്ചധികം അസഹനീയവുമാണ്. യുക്തിയെ പുറത്തു നിറുത്തി സമയം പോക്കിനായി മാത്രം തീയേറ്ററില്‍ എത്തുന്ന വിജയ് ഫാന്‍സിലാണ് സംവിധായകന്റെ പ്രതീക്ഷ.
    ഇനി ഗര്‍ഭ കാലമാണ്. കളിമണ്ണിന്റെയും, സഖറിയയുടെ ഗര്‍ഭിണികളുടെയും വിശേഷങ്ങളുമായി വീണ്ടും കാണാം.

              
       

   
സുദീപ് സെബാസ്റ്റ്യന്‍ കൊടുകപ്പിള്ളില്‍




( പുല്ലൂരാംപാറ വാര്‍ത്തകളില്‍ ആരംഭിച്ചിരിക്കുന്ന  ഫിലിം കോര്‍ണര്‍ കൈകാര്യം ചെയ്യുന്നത്   പുല്ലൂരാംപാറ കൊടുകപ്പിള്ളില്‍ കുടുംബാംഗമായ ശ്രീ സുദീപ് സെബാസ്റ്റ്യനാണ്. അദ്ദേഹം ബ്ലോഗ് എഴുത്തുകാരനും , പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനറുമാണ് )