02 ഓഗസ്റ്റ് 2013

സര്‍വതും തൂത്തെറിഞ്ഞ് ചുഴലിക്കാറ്റ് കലി തീര്‍ത്തു.

                   
  മലയോര മേഖലയെ നടുക്കിയ പുല്ലൂരാംപാറ ദുരന്തം ഒരാണ്ടു പിന്നിടുമ്പോഴേക്കും വീണ്ടും ഈ കാലവര്‍ഷക്കാലം  മലയോര മേഖലക്കു കെടുതികള്‍ സമ്മാനിക്കുകയാണ്. മലയോര മേഖലയില്‍ ഈ മഴക്കാലത്ത് രാത്രിയിലും പകലുമായി വീശിയടിച്ചു കൊണ്ടിരുന്ന കാറ്റ് ഭീകര രൂപം പൂണ്ട് ചെമ്പുകടവില്‍  വീശിയടിച്ചപ്പോള്‍ ഒരു ജനതയുടെ ആയുഷ്ക്കാല സമ്പാദ്യങ്ങളെയാണ് പറത്തിക്കൊണ്ടു പോയത് .


         ചെമ്പുകടവില്‍ യഥാര്‍ ത്ഥത്തില്‍ പ്രക്യതി സര്‍വതും തൂത്തു വരുകയായിരുന്നു. തെങ്ങുകള്‍ വട്ടം ഒടിക്കുകയും, വന്‍ മരങ്ങള്‍ കടപുഴക്കുകയും, വീടുകളുടെ ഓടുകള്‍ പറത്തിക്കൊണ്ടു പോവുകയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തെറിയുകയും   ചെയ്ത ചുഴലിക്കാറ്റ് മരങ്ങളെ പത്തു മീറ്ററോളം ദൂരത്തേക്കു പറത്തിക്കൊണ്ടു പോയന്നാണ് പറയപ്പെടുന്നത്. രണ്ടു മിനിറ്റു മാത്രം നീണ്ടു നിന്ന കാറ്റ് മലയോര മേഖലയെ പിടിച്ചു കുലുക്കുകയായിരുന്നു.


          പ്രക്യതി സംഹാര താണ്ഡവമാടിയപ്പോള്‍ സകലതും നഷ്ടപ്പെട്ട് 125 ഓളം വരുന്ന ആളുകള്‍ അഭയാര്‍ ത്ഥികളായി മാറുകയായിരുന്നു. ഒരു വ്യക്തിയുടെ തന്നെ മൂവായിരത്തോളം വരുന്ന തെങ്ങുകളും റബറുകളുമാണ് ചുഴലിക്കാറ്റില്‍ നശിച്ചത്. കൂടാതെ അറുപത്തിയഞ്ചോളം വീടുകള്‍ തകര്‍ന്നു. അങ്ങനെ നിരവധിയാളുകളുടെ വസ്തുവകകളാണ് സര്‍വതും തച്ചുടച്ചു പോയത്.


      ചെമ്പുകടവില്‍ ചുഴലിക്കാറ്റ്  വീശിയടിച്ചപ്പോള്‍ മലയോര മേഖലയിലെ കക്കാടംപൊയില്‍ കൂടരഞ്ഞി, പുല്ലൂരാംപാറ, നെല്ലിപ്പൊയില്‍ പ്രദേശങ്ങളില്‍ രാത്രി മുഴുവനും അതി ശക്തമായ രീതിയില്‍ കാറ്റും മഴയും അനുഭവപ്പെട്ടു.