23 ജൂൺ 2013

വൈറ്റ് വാട്ടര്‍ കയാക്കിംഗ് പരിശീലനം പുല്ലൂരാംപാറയില്‍  നടന്നു.


          മലയോര മേഖലയില്‍ ആദ്യമായി നടക്കാന്‍ പോകുന്ന  സാഹസിക ജലകായിക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ന്     രാവിലെ മുതല്‍  ഇരവഞ്ഞിപ്പുഴയില്‍ പുല്ലൂരാംപാറ ഭാഗത്ത് കയാക്കിംഗ് പരിശീലനം നടന്നു. ഇന്നലെ കോടഞ്ചേരി ഭാഗത്ത് ചാലിപ്പുഴയില്‍ പരിശീലനം നടത്തിയ പത്തോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് പുല്ലൂരാംപാറയിലെത്തിയത്.  ഇരവഞ്ഞിപ്പുഴയിലെ ശക്തമായ ഒഴുക്കിനൊപ്പം കയാക്കിംഗ് ബോട്ടുകള്‍ തുഴഞ്ഞു നീങ്ങിയ സംഘാംഗങ്ങള്‍ കുമ്പിടാന്‍ ഭാഗത്തെ ചുഴികളില്‍ കുരുങ്ങിയത് ആശങ്കയുളവാക്കിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല.   ഇലന്തു കടവിനു മുകളില്‍ നിന്നാരംഭിച്ച പരിശീലനം   കുമ്പിടാന്‍ കടവു വരെ നടത്തിയ സംഘം നാലുമണിയോടെ മടങ്ങി. 


             തുഷാരഗിരി കേന്ദ്രീകരിച്ച് ആഗസ്റ്റ് 23,24.25 തിയതികളില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ നടക്കുന്ന വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ക്ക് മുന്നോട്ടിയായി ബാംഗ്ലൂരിലെ സതേണ്‍ റിവര്‍ റണ്ണേഴ്സ് എന്ന കയാക്കിംഗ് ക്ലബ്ബിലെ സംഘമാണ് ഇറ്റാലിയന്‍ കയാക്കറായ ജോക്കപ്പോ നോര്‍ദറയുടെ നേത്യത്വത്തില്‍  ഇവിടെ കയാക്കിംഗ് പരിശീലനം നടത്തിയത്.   മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ മുഖ്യ സം ഘാടകര്‍. കൂടിയായ സതേണ്‍ റിവേഴ്സ് ക്ലബ്ബ് കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍  ഇരവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും പരിശീലനം നടത്തിയിരുന്നു. ഇവര്‍ കയാക്കിംഗ് പരിശീലനത്തിനായി കോടഞ്ചേരിയില്‍ ഒരു അക്കാദമി തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഒളിമ്പിക്സ് ഇനമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ മലയോര മേഖലയില്‍ ആദ്യമായി അരങ്ങേറുമ്പോള്‍ ലോകപ്രശസ്തരായ കയാക്കിംഗ് താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു.

ഇരവഞ്ഞിപ്പുഴയിലെ കയാക്കിംഗിന്റെ വീഡിയോ ദ്യശ്യം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

                                          
                                            പത്തായപ്പാറയില്‍ നിന്നുള്ള ദ്യശ്യങ്ങള്‍ 





ചാലിപ്പുഴയിലെ കയാക്കിംഗിന്റെ ഫോട്ടോസ് കാണാന്‍ ഈ ഫെയ്സ് ബുക്ക് ലിങ്ക് സന്ദര്‍ശിക്കുക.





2012 ജൂലായ് മാസത്തില്‍ കയാക്കിംഗിനെക്കുറിച്ചുള്ള വാര്‍ത്ത  പുല്ലൂരാംപാറ വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍. 

'വിസ്മയക്കാഴ്ചയൊരുക്കി പുല്ലൂരാംപാറയില്‍ ഇരവഞ്ഞിപ്പുഴയിലൂടെ കയാക്കിംഗ് ....'