07 ഏപ്രിൽ 2013

അവധിക്കാല ചിത്രങ്ങള്‍ തിയേറ്ററുകള്‍ നിറഞ്ഞോടുന്നു.

                                മുക്കത്തെ റോസ് തിയേറ്ററിനു മുന്‍പില്‍ ഇന്നുണ്ടായ തിരക്ക്

             അന്യഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചു നില്ക്കാനാവാതെ പിന്തള്ളപ്പെട്ടു പോയ മലയാള സിനിമയുടെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2012. അക്കൊല്ലം എകദേശം 127 മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. അതിനു മുന്‍പുള്ള കുറേ വര്‍ഷങ്ങളായി നൂറില്‍ താഴെ ചിത്രങ്ങള്‍ മാത്രമായിരുന്നു റിലീസ് ചെയ്തു കൊണ്ടിരുന്നത്. 2012ന്റെ തുടര്‍ച്ചയെന്നോണം ഇക്കൊല്ലം ഇതുവരെ 49 മലയാള സിനിമകളാണ് റിലീസ് ചെയ്തത്. അവധിക്കാല റിലീസുകളായ സൌണ്ട് തോമയും, ഇമ്മാനുവേലും പ്രേഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഈസ്റ്റര്‍ റിലീസുകളില്‍ ആമേന്‍ വലിയ വിജയമാണ് നേടിയത്. എന്നാല്‍ ത്രീ ഡോട്ട്സ്, റെഡ് വൈന്‍  ആവറേജ് വിജയം മാത്രമാണ് നേടിയത്. മലയോര മേഖലയിലെ പ്രധാന റിലീസിംഗ് സെന്ററായ മുക്കത്തെ റോസ് തിയേറ്ററില്‍ സൌണ്ട് തോമയുടെയും, അഭിലാഷില്‍ ഇമ്മാനുവേലിന്റെയും റിലീസിംഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‍ക്കും വന്‍ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഞയാറാഴ്ച ദിവസമായ ഇന്ന് സൌണ്ട് തോമയുടെ എല്ലാ പ്രദര്‍ശനവും മുക്കത്ത് ഹൌസ് ഫുള്ളായിരുന്നു. ആളുകളുടെ തള്ളിക്കയറ്റം മൂലം അഗസ്ത്യന്‍ മുഴി ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതി വരെയുണ്ടായി.

                                                         തിരുവമ്പാടി ഹാരിസണ്‍ തിയേറ്റര്‍
         തിരുവമ്പാടി ഹാരിസണില്‍ ഫെബ്രുവരി മാസം റിലീസ് ചെയ്ത ഡ്രാക്കുള 3D ഏകദേശം ഒരു മാസത്തോളം ഓടി. ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഡബ്ബ് ചിത്രമായ നായക്കിന് യുവ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. മലയോര മേഖലയിലെ സിനിമാ പ്രേമികള്‍ മുക്കത്തേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. മികച്ച പാര്‍ക്കിംഗ് സൌകര്യവും തിയേറ്ററുകള്‍ എയര്‍കണ്ടീഷന്‍ ചെയ്തതിട്ടുള്ളതും പ്രേക്ഷകരെ മുക്കത്തേക്കാകര്‍ഷിക്കുന്നു. മലയോര മേഖലയില്‍ ആദ്യമായി എയര്‍ക്കണ്ടീഷന്‍ ചെയ്ത തിയേറ്ററുകളാണ് റോസും, ലിറ്റില്‍ റോസും. ഇതില്‍ ലിറ്റില്‍ റോസ് മള്‍ട്ടിപ്ലെക്സുകളെ കവച്ചു വെക്കുന്ന രീതിയില്‍ മികച്ച സീറ്റിംഗും, സൌണ്ട് സിസ്റ്റവും, വ്യത്തിയും ഉള്ളതാണ്. മറ്റ് മള്‍ട്ടിപ്ലെക്സുകളില്‍ ഇതിനെക്കാള്‍ കുറഞ്ഞ സൌകര്യത്തിന് 150 രൂപ മുതല്‍ നല്കേണ്ടി വരുമ്പോള്‍ ലിറ്റില്‍ റോസില്‍ 80 രൂപ മാത്രം നല്കിയാല്‍ മതിയെന്നതും എല്ലാത്തരം പ്രേക്ഷകരേയും മുക്കത്തേക്കാകര്‍ഷിക്കുന്നു.