06 ജനുവരി 2013

മുക്കം ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം. ​


          മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് 2013ന് വര്‍ണ്ണാഭമായ തുടക്കം. ശാസ്ത്ര, വിദ്യാഭ്യാസ, ആരോഗ്യ വ്യാവസായിക, ഐ.ടി.. കാര്‍ഷിക പ്രദര്‍ശനങ്ങള്‍, കലാസായാഹ്നങ്ങള്‍   ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്ന മുക്കം ഫെസ്റ്റിന് സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് തുടക്കം കുറിച്ചത്. അഗസ്ത്യന്‍മുഴിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികളും വിവിധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും വളണ്ടിയര്‍മാര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങള്‍  അണിനിരന്നു. നിശ്ചല ദ്യശ്യങ്ങളും, ബാന്‍ഡ് വാദ്യങ്ങളും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും, ശിങ്കാരിമേളവും, മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.


       അരീക്കോട് റോഡില്‍ പി.സി. ജംഗ്ഷനു സമീപമായി നടക്കുന്ന മുക്കം ഫെസ്റ്റിന്റെ ഉദ്ഘാടനം സാംസ്ക്കാരിക ഘോഷയാത്രയ്ക്കു ശേഷം ​എം.ഐ. ഷാനവാസ് എം.പി. നിര്‍വഹിച്ചു.  മുക്കം ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദര്‍ശനങ്ങളില്‍ പൊതുസ്ഥാപനങ്ങടക്കമുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ പങ്കെടുക്കുന്നുണ്ട്. ആകാശ യാത്രക്കായി കുറഞ്ഞ ചിലവില്‍ ഹെലികോപ്ടര്‍ സൌകര്യവും ,   മരണക്കിണറും, ജയന്റ് വീലും ഉള്‍പ്പെടെയുള്ള വിനോദ സൌകര്യങ്ങളും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.


            മഴവില്‍ മനോരമയിലെ  വിനോദ് കോവൂരും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികളും, ഗാനമേള, ഡാന്‍സുകള്‍, കോമഡി ഷോകള്‍, കരോക്കെ ഗാനമേള, മാപ്പിളപ്പാട്ടുകള്‍  ഓര്‍ക്കസ്ട്ര, നാടന്‍ പാട്ടുകളുടെ അവതരണം എന്നിവ   മുക്കം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള കലാസായഹ്നങ്ങളില്‍ അരങ്ങേറും.  മത്തായി ചാക്കോ പഠനഗവേഷണ കേന്ദ്രം കഴിഞ്ഞ വര്‍ഷം മുതല്‍ സംഘടിപ്പിച്ചിട്ടുള്ള മുക്കം ഫെസ്റ്റ്  മലയോര മേഖലയിലെ ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച പ്രദര്‍ശനം ആസ്വദിക്കുവാനും, അറിവുകള്‍ നേടുവാനുമുള്ള അവസരമാണ് ഒരുക്കുന്നത്. ജനുവരി 5 മുതല്‍ 20 വരെയുള്ള തിയതികളിലാണ് മുക്കം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്.



                                        സാംസ്ക്കാരിക ഘോഷയാത്രയില്‍ നിന്ന്