പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചുള്ള കേരള കത്തോലിക്കാ സഭയുടെ നയരേഖയുടെയും പ്രവര്‍ത്തന പദ്ധതിയുടെയും ഭാഗമായി പരിസ്ഥിതി സൌഹ്യദ സന്ദേശം വിളിച്ചോതി പുല്ലൂരാംപാറ ദേവാലയവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. പുതുവര്‍ഷാരംഭത്തില്‍ തുടക്കം കുറിച്ചിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍ ഒഴിവാക്കി പ്രക്യതിദത്തമായവ മാത്രം ഉപയോഗിക്കുവാന്‍ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ ദേവാലയ പരിസരങ്ങളിലും പ്രത്യേകിച്ച് സെമിത്തേരിയിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് പൂക്കളും മറ്റും എടുത്തു മാറ്റി പകരം ജനുവരി ഒന്നാം തിയതി മുതല്‍ പ്രക്യതി ദത്തമായ പൂക്കള്‍ മാത്രം ഇവിടങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുല്ലൂരാംപാറ പള്ളി വികാരിയായ റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് ഈ ഉദ്യമത്തിന് എല്ലാ ആളുകളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ പരിസ്ഥിതിയും പ്രക്യതിയും തകര്‍ച്ച നേരിടുന്ന ഈ സാഹചര്യത്തില്‍ പ്രക്യതി സംരക്ഷണത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതി സൌഹ്യദ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാനുള്ള സഭാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്.
