മലയോര മേഖലയിലെ എട്ടു ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മലയോര മഹോത്സവം ഏപ്രില്‍ 5 മുതല്‍ 14 വരെ തിരുവമ്പാടിയില്‍ നടക്കും. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, മലയോരത്തിന്റെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സാമ്പത്തിക, കാര്‍ഷിക മേഖലകളിലുണ്ടായ മരവിപ്പ് മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മലയോര മഹോത്സവം തിരുവമ്പാടിയില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ഒന്‍പതു ദിവസം നീളുന്ന മലയോര മഹോത്സവത്തിന്റെ ഭാഗമായി കാര്‍ഷിക, വ്യാവസായിക, ആരോഗ്യ പ്രദര്‍ശനം, കായികമത്സരങ്ങള്‍, ടൂര്‍ പ്രോഗ്രാമുകള്‍, കലാപരിപാടികള്‍, ഫിലിം ഫെസ്റ്റ്, ഫോട്ടോ പ്രദര്‍ശനം, എന്നിവ അരങ്ങേറും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി, മുക്കം, കാരശ്ശേരി, പുതുപ്പാടി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 26നു നടക്കുന്ന സ്വാഗത സംഘം രൂപവത്ക്കരണത്തിനു മുന്നോടിയായി തിരുവമ്പാടിയില്‍ വെച്ച് മലയോര മേഖലയിലെ ജനപ്രതിനിധികളുടെ സംഗമം നടന്നു. സംഗമം സി.മോയിന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.