01 ജനുവരി 2013

കുറഞ്ഞ ചിലവില്‍ മലയോര ആകാശകാഴ്ചയ്ക്ക് അവസരമൊരുക്കി ഹെലികോപ്ടര്‍ യാത്രയുമായി മുക്കം ഫെസ്റ്റ് 2013.


                      മലയോരത്തിന്റെ ഉത്സവമായി മാറിക്കഴിഞ്ഞ മുക്കം ഫെസ്റ്റിവല്‍ പുതിയ ഭാവങ്ങളോടു കൂടി വീണ്ടും  വരുന്നു. മലയോരജനതയ്ക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് ജനുവരി നാലുമുതല്‍ ആരംഭിക്കുന്ന മുക്കം ഫെസ്റ്റിവലില്‍  സന്ദര്‍ശകര്‍ക്ക് ഹെലികോപ്ടറില്‍ മലയോര ആകാശകാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു. ജനുവരി 5, 6, 7, 8 തിയതികളിലായി രാവിലെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് കുറഞ്ഞ ചിലവില്‍  ആകാശ സഞ്ചാരത്തിന് അവസരമൊരുങ്ങുന്നത്. ബോബി ചെമ്മണ്ണൂര്‍ എയര്‍ ലൈന്‍സിന്റെ ഹെലികോപ്ടറാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. കണ്ണൂരില്‍ മറഡോണ സഞ്ചരിച്ച ഹെലികോപ്ടറാണിത്.  കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ ഗ്രൌണ്ടില്‍ നിന്നും  പറന്നുയരുന്ന ഹെലികോപ്ടര്‍ 30 കി.മീ ചുറ്റളവില്‍ വയനാടന്‍ മലനിര ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ചുറ്റി സഞ്ചരിക്കും.


                    ഒരു ട്രിപ്പില്‍ ആറു പേര്‍ക്കാണ് അവസരം. ഒരു ദിവസം ചുരുങ്ങിയത് പത്തു ട്രിപ്പുകളുണ്ടാവും. ബുക്കിംഗ് അനുസരിച്ചുള്ള മുന്‍ഗണന അടിസ്ഥാനത്തിലാണ് ആകാശ സഞ്ചാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. രണ്ടായിരത്തി അഞ്ഞൂറു രൂപയാണ് ഒരാള്‍ക്കു സഞ്ചരിക്കാനുള്ള നിരക്ക്. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. സിവില്‍ ഏവിയേഷന്‍ നിയമമനുസരിച്ചാണ് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നത്. ബുക്കിംഗിന്  9447089215, 9447119692 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.