16 നവംബർ 2012

മുക്കത്തിന് തിലകക്കുറിയാവാന്‍ വ്യത്യസ്ഥമായ ഡിസൈനില്‍ പുതിയൊരു പാലം


മുക്കം കടവില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖ
              മുക്കത്ത് ആലിന്‍ ചുവട്ടില്‍ നിന്ന് ഓര്‍ഫനേജ് റോഡു വഴി അല്പ ദൂരം സഞ്ചരിച്ചാല്‍ കാണാം, മുക്കത്തിന്റെ ലാന്‍ഡ് മാര്‍ക്ക് എന്നു വിശേഷിപ്പിക്കാവുന്ന മുക്കം കടവിലെ വെന്റ് പൈപ്പ് പാലം. മഴക്കാലത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന ചണ്ടികള്‍ അടിഞ്ഞ് പാലത്തിനു മുകളിലൂടെ വെള്ളമൊഴുകും ഇതു മൂലം കാഴ്ചയ്ക്കു മാത്രമെ കൊള്ളുകയുള്ളു എന്ന അവസ്ഥയില്‍ ഈ പാലം ഒരു ബാധ്യതയായി മാറുകയായിരുന്നു. ഈ അവസരത്തില്‍ ഇതിനു പരിഹാരമായി അപൂര്‍വമായ ഡിസൈനിലുള്ള ഒരു പാലം ഇവിടെ  നിര്‍മിക്കാന്‍ അനുമതിയായി. മൂന്നു കരകളെ ബന്ധിപ്പിച്ച് രണ്ടു പുഴകള്‍ക്കു കുറുകെ 17 കോടി രൂപ ചിലവില്‍  നിര്‍മിക്കുന്ന ഒരു കോണ്‍ക്രീറ്റ് പാലം.    ഈ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടക്കുകയാണ്,  നവംബര്‍ 19ന് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിക്കുന്നത്.

മുക്കം കടവില്‍ നിലവിലുള്ള വെന്റ് പൈപ്പ് പാലം

            മുക്കം കടവില്‍ നിലവിലുള്ള വെന്റ് പൈപ്പ് പാലം 2002-03 കാലഘട്ടത്തില്‍ അരക്കോടിയോളം രൂപ ചിലവിട്ട് നിര്‍മിച്ചതാണ്. മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ഈ പാലം ശ്രദ്ധയാകര്‍ഷിക്കുന്നത് മലയോര മേഖലയില്‍ വെന്റ് പൈപ്പ് ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള ഏക  പാലം എന്ന നിലയിലും ഒരേ സമയം രണ്ടു പുഴകളെയും കടന്ന് മൂന്നു കരകളെ ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകത മൂലവുമായിരുന്നു. ഈ പാലം കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് മുക്കം ടൌണുമായി ബന്ധപ്പെടാന്‍ ഏറെ അനുഗ്രഹമായിരുന്നു. എന്നാല്‍ മഴക്കാലത്ത് പാലം ​വെള്ളത്തില്‍ മുങ്ങി ഗതാഗത തടസ്സം നേരിട്ടത്തോടെ തിരുവമ്പാടിയില്‍ നിന്നും കൂടരഞ്ഞിയില്‍  നിന്നും ഈ വഴി വരുന്നവര്‍ക്ക് പാലത്തിനു മുകളില്‍ വെള്ളം പൊങ്ങിയാല്‍ വന്ന വഴി വീണ്ടും തിരിച്ചു പോയി മറ്റൊരു വഴിയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി. ഇതോടു കൂടി മുക്കം കടവില്‍ കോണ്‍ക്രീറ്റ് പാലമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രാഷ്ട്രീയ കഷികളും രംഗത്തെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ്. മലയോര നിവാസികളുടെ സ്വപ്നമായ കോണ്‍ക്രീറ്റ് പാലത്തിന് സര്‍ക്കാര്‍ അനുമതി നല്കിയത്.

                ഇതു വരെയും കാണാത്ത ഒരു മാത്യകയിലാണ്  പാലം നിര്‍മിക്കുന്നത്. മുക്കം ഓര്‍ഫനേജ് റോഡ്, കൂടരഞ്ഞി-തിരുവമ്പാടി റോഡ്, ആനയാംകുന്ന് റോഡ് എന്നീ പ്രധാന റോഡുകളെയും ഇരവഞ്ഞിപ്പുഴ, ചെറുപുഴ  എന്നീ രണ്ടു പുഴകളെയും ബന്ധിപ്പിച്ചു നിര്‍മിക്കുന്ന പാലത്തിനു നടുവില്‍ മൂന്നു കരകളെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് ഒരു സെന്‍ട്രല്‍ ഐലന്‍ഡ് സ്ഥാപിക്കും. നിലവിലുള്ള ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും  നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയെന്ന് കരാറേറ്റെടുത്തിട്ടൂള്ള ഓരാളുങ്കല്‍ സൊസൈറ്റി അധിക്യതര്‍  പറയുന്നു.