20 നവംബർ 2012

മൂന്നു വ്യക്തിഗത ചാമ്പ്യന്‍പട്ടങ്ങള്‍ പുല്ലൂരാംപാറക്ക് സ്വന്തം


             കോഴിക്കോട് റവന്യു ജില്ലാ കായികമേളയില്‍ ആറുവിഭാഗങ്ങളിലായി പത്തോളം വ്യക്തിഗത ചാമ്പ്യന്‍മാര്‍ സ്യഷ്ടിക്കപ്പെട്ടപ്പോള്‍, മൂന്നെണ്ണം പുല്ലൂരാംപാറയ്ക്കു സ്വന്തമായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.അനുവും, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഖില്‍ ബിജുവും, ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജുവാന്‍സ് ജോര്‍ജുമാണ്  വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. ഹൈജമ്പ്, ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി 15 പോയിന്റോടെ എം.അനു വ്യക്തിഗത ചാമ്പ്യനായപ്പോള്‍ ഇതേ ഇനങ്ങളില്‍ തന്നെ ട്രിപ്പിള്‍  സ്വര്‍ണ്ണം നേടി സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഖില്‍ ബിജുവും വ്യക്തിഗത ചാമ്പ്യനായി. അതേ സമയം ​800മീ.ഓട്ടം 1500മീ.ഓട്ടം എന്നീ ഇനങ്ങളില്‍ ഡബിള്‍ സ്വര്‍ണ്ണം നേടിയാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജുവാന്‍സ് ജോര്‍ജ് വ്യക്തിഗത ചാമ്പ്യനായത്. 

        പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കീഴിലെ വര്‍ഷങ്ങളായുള്ള പരിശീലനമാണ് റവന്യു ജില്ലാ കായികമേളയില്‍  ഈ കായികതാരങ്ങളെ വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കാന്‍ പ്രാപ്തരാക്കിയത്. അതേ സമയം പുല്ലൂരാംപാറയുടെ ചില കായികതാരങ്ങള്‍ക്ക് ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിനാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം നഷ്ടമായത്. സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ പുല്ലൂരാംപാറ സ്കൂളിന് ടീം ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കുന്നതില്‍ ഈ കായികതാരങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.