21 നവംബർ 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ വജ്ര ജൂബിലി സമാപനം ഫെബ്രുവരിയില്‍


                  കോഴിക്കോട് ജില്ലയില്‍  മലയോര മേഖലയിലെ ആദ്യകാല പ്രൈമറി വിദ്യാലയങ്ങളിലൊന്നായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം 2013 ഫെബ്രുവരി മാസം നടത്താന്‍ തീരുമാനമായി. ഇക്കഴിഞ്ഞ ദിവസം പുല്ലൂരാംപാറ യു.പി.സ്കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.  സ്വാഗത സംഘം യോഗത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട്, ആഘോഷ കമ്മറ്റി കണ്‍വീനറും സ്കൂള്‍ ഹെഡ്മിസ്ട്രസ്സുമായ എം.സി. മേരി,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ സ്കറിയ, ശ്രീ ജോസ് മാത്യു, പി.റ്റി.എ. പ്രസിഡന്റും ആഘോഷ കമ്മറ്റി ചെയര്‍മാനുമായ ബാബു തീക്കുഴിവയലില്‍, വൈസ് ചെയര്‍മാന്‍ സോണി ഇടവാക്കല്‍, ജോയിന്റ് കണ്‍വീനര്‍ ബേബി നെല്ലുവേലിയില്‍,  പി.റ്റി.എ. പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു. യോഗത്തില്‍ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് വിവിധ കമ്മറ്റികളുടെ രൂപീകരണം നടന്നു.

               വജ്ര ജൂബിലി സമാപനാഘോഷ ദിവസം സാംസ്ക്കാരിക സമ്മേളനവും, കലാപരിപാടികളും, വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ഫ്ലോട്ടുകളും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  അണിനിരക്കുന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 4ന് സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് ത്രിബിള്‍സ് വോളി മത്സരവും നടത്തുന്നുണ്ട്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്  1001 രൂപ ഒന്നാം സമ്മാനവും, 501 രൂപ രണ്ടാം സമ്മാനവുമായി നല്കും. ഡിസംബര്‍ മാസത്തില്‍ രൂപതയിലെ എല്ലാ സ്കൂളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും നല്കും. ഫെബ്രുവരി 17നു വാര്‍ഷികാഘോഷം നടത്താനാണ് ഇപ്പോള്‍ തീരുമായതെങ്കിലും തിയതിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.