02 നവംബർ 2012

ദുരിതങ്ങളുടെ നടുവില്‍ നിന്നും അശ്വതി ഓടിയെത്തിയത് നേട്ടത്തിന്റെ നെറുകയിലേക്ക്.


                 ഇക്കൊല്ലത്തെ ദേശീയ  ജൂനിയര്‍ അത് ലറ്റിക് മീറ്റ് ചാമ്പ്യന്‍മാരായ കേരളത്തിന്റെ ഏക ദേശീയ റെക്കോര്‍ഡ് ഇക്കുറി പുല്ലൂരാംപാറയില്‍ നിന്നുമായിരുന്നു. അണ്ടര്‍ 20 വിഭാഗം പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പുല്ലൂരാംപാറ സ്വദേശിനി അശ്വതി സി.എല്‍. ആണ് ദേശീയ റെക്കോര്‍ഡു കൂടി സ്വര്‍ണ്ണം നേടിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഈ മിടുക്കി ദേശീയ മീറ്റില്‍ കൂടെ മത്സരിച്ച നിലവിലെ റെക്കോര്‍ഡുകാരികളായ കേരള താരങ്ങളെ  നിഷ് പ്രഭമാക്കിക്കൊണ്ടാണ്  സുവര്‍ണ്ണ നേട്ടത്തിനുടമയായത്.

                     ജില്ലാ, സംസ്ഥാന തലങ്ങളില്‍  1500 മീറ്ററില്‍  മികച്ച വിജയങ്ങള്‍ നേടിയിടുള്ള അശ്വതിയുടെ  ഹൈസ്കൂള്‍ വിദ്യാഭ്യാസം കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലായിരുന്നു ഇവിടെ നിന്നുള്ള പരിശീലനത്തിലൂടെയായിരുന്നു അശ്വതിയുടെ നേട്ടങ്ങളുടെ തുടക്കം. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേര്‍ന്നതോടു കൂടി പരിശീലനം മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കീഴിലേക്കു മാറ്റുകയായിരുന്നു. അക്കാദമിയിലെ മുഖ്യ ശീലകനും സ്പോര്‍ട്സ് ഡിവിഷനിലെ മുന്‍ കോച്ചുമായ ടോമി ചെറിയാന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് അശ്വതിയുടെ നേട്ടത്തിനു പുറകില്‍. ഒരു കായികതാരത്തിനു വേണ്ട പ്രത്യേക പോഷകാഹാരങ്ങളോ, സൌകര്യങ്ങളൊ ലഭിക്കാതെ വളര്‍ന്ന അശ്വതിക്ക് അക്കാദമിയിലെ നിരന്തര പരിശീലനവും നിശ്ചയദാര്‍ഢ്യവും നേട്ടത്തിലേക്കുള്ള വഴിയില്‍ തുണയായി.
                          കാളിയാമ്പുഴ തുമ്പക്കോട് മലയില്‍ താമസിക്കുന്ന ചെറുകരയില്‍ ലക്ഷ്മണന്റെയും ഉഷയുടെയും മകളായ അശ്വതി ദുരിതങ്ങളും ദുരന്തങ്ങളും  നിറഞ്ഞ ജീവിതത്തില്‍ നിന്നുമാണ് നേട്ടത്തിന്റെ നെറുകയിലേക്ക് ഓടിയെത്തിയിരിക്കുന്നത്. അശ്വതി ജനിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അച്ഛന്‍ ലക്ഷ്മണന്   കിണറു പണിക്കിടയില്‍ സംഭവിച്ച ഗുരുതര പരിക്ക്  കുടുംബത്തെ വിഷമ സന്ധിയിലാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ചയും നഷ്ടപ്പെട്ടപ്പോള്‍ അമ്മ ഉഷയാണ് കൂലിപ്പണി ചെയ്തു  കുടുംബം പോറ്റിയിരുന്നത്. മകള്‍ വളര്‍ന്നതും, മികച്ച അത് ലറ്റായതും ദേശീയ റെക്കോര്‍ഡുകാരിയായതും നേരില്‍ കാണാനുള്ള ഭാഗ്യമില്ലാത്ത ലക്ഷ്മണന്‍ മകളുടെ നേട്ടത്തില്‍  അഭിമാനം കൊള്ളുന്നെങ്കിലും അശ്വതിയുടെ തുടര്‍പഠനവും  പരിശീലനവുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.