01 നവംബർ 2012

ദേശീയ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണത്തിളക്കവുമായി തെരേസ ജോസഫ്


         ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ സ്വദേശിനി തെരേസ ജോസഫ് ഇരട്ട സ്വര്‍ണ്ണത്തിളക്കവുമായി ചരിത്രം കുറിച്ചു. ഒക്ടോബര്‍ 27 മുതല്‍ 31 വരെയുള്ള തിയതികളില്‍  ലക്നൌവില്‍ വെച്ച് നടന്ന  മീറ്റില്‍ അണ്ടര്‍ 16 വിഭാഗം പെണ്‍കുട്ടികളുടെ 1000 മീറ്ററിലും, മെഡ് ലെ റിലേയിലും  സ്വര്‍ണ്ണം നേടിയാണ്  തെരേസ മികച്ച പ്രകടനം  നടത്തിയത്.
                    ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള തെരേസ 2010ല്‍ ബാംഗ്ലൂരില്‍ വെച്ചു നടന്ന ദേശീയ ജുനിയര്‍ അത് ലറ്റിക് മീറ്റില്‍ അണ്ടര്‍ 14 വിഭാഗം പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടു  കൂടിയാണ്  സ്വര്‍ണ്ണം നേടിയത്. ഈ ദേശീയ റെക്കോര്‍ഡ് ഇപ്പോഴും തെരേസയുടെ പേരില്‍ തന്നെയാണ്. ദേശീയതലത്തില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ തന്നെ ദേശീയ റെക്കോര്‍ഡിനുടമയാകുകയെന്ന അപൂര്‍വ നേട്ടത്തിനാണ് അന്ന് തെരേസ അര്‍ഹയായത്. മധ്യദൂര ഓട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന തെരേസ തന്നെക്കാള്‍ പ്രായം കുറഞ്ഞവരുമായി മത്സരിച്ചാണ് വിവിധ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്.
          പുല്ലൂരാംപാറ തോട്ടുംമുഴി ചെമ്പാനിക്കല്‍ ജോസഫിന്റെയും സൂസമ്മയുടെയും മകളായ തെരേസ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കായിക രംഗത്തേക്കു കടന്നു വരുന്നത്. പുല്ലൂരാംപാറ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ കുര്യന്‍ തുണ്ടത്തിലാണ്, തെരേസയിലെ കായിക പ്രതിഭയെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. കഴിഞ്ഞ രണ്ടു വര്‍ഷമായി പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍  ശ്രീ ടോമി ചെറിയാന്റെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കയാണ് ദേശീയ തലത്തിലുള്ള നേട്ടങ്ങള്‍ തെരേസയെ തേടിയെത്തിയിരിക്കുന്നത്. 400 മീ. 800 മീ 1500 മീ എന്നീ ഇനങ്ങളില്‍ പ്രത്യേക പരിശീലനം നേടുന്ന തെരേസ ഇപ്പോള്‍  800 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
             പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ്  വിദ്യാര്‍ത്ഥിനിയായ തെരേസ കായികരംഗത്ത് എന്ന പോലെ അക്കാദമിക രംഗത്തും ഒരേ പോലെ മുന്‍പന്തിയിലാണ്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ളതാണ് തെരേസയുടെ കുടുംബം. വളരെ ബുദ്ധിമുട്ടിയാണ് മാതാപിതാക്കള്‍ മൂന്നു മക്കളുള്ള കുടുംബത്തെ പോറ്റുന്നത്. ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്തെ കൊച്ചുപുരയില്‍ പരാധീനതകള്‍ക്കിടയില്‍  വളര്‍ന്നു വരുന്ന ഈ ദേശീയ കായികതാരത്തിന്  വേണ്ട സഹായങ്ങള്‍ നല്കി വരുന്നത് പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയാണ്.