05 ഒക്‌ടോബർ 2012

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (NPR) : ബയോമെട്രിക് വിവര ശേഖരണം പുല്ലൂരാംപാറയില്‍ ആരംഭിച്ചു.


               അതീവ ദേശീയ പ്രാധാന്യമുള്ളതും, അതിവിപുലവുമായ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയറാക്കലുമായി ബന്ധപ്പെട്ടുള്ള 2010 ല്‍ നടന്ന ആദ്യ ഘട്ട ( സെന്‍സസ്) പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം  രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഓരോ പ്രദേശങ്ങളിലും ക്യാമ്പുകള്‍ നടത്തി ആളുകളുടെ ബയോമെട്രിക് വിവരശേഖരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ക്യാമ്പുകള്‍ വഴി മാത്രമെ ഓരോ പൌരനും  Uniqe Identity Number അടങ്ങിയ ബയോ മെട്രിക് കാര്‍ഡുകള്‍ ലഭ്യമാവുകയുള്ളു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ ഇതുമായി ബന്ധപ്പെട്ട് ക്യാമ്പുകള്‍ ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രദേശത്തെ 5 വയസ്സു മുതല്‍ മുകളിലേക്ക് പ്രായമുള്ള എല്ലാ ആളുകളുടെയും ബയോമെട്രിക് വിവരശേഖരണം നടത്തുന്നുണ്ട്.  സെന്‍സസ് ഡയറക്ടറേറ്റ്, കേന്ദ്ര അഭ്യന്തരവകുപ്പ്, വിവിധ സംസ്ഥാന സര്‍ക്കാറുകള്‍  സംയുക്തമായാണ്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയറാക്കലുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ കഞ്ചിക്കോട്ടുള്ള ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് ബയോമെട്രിക് വിവരശേഖരണത്തിനാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് നിയോഗിച്ചിട്ടുള്ളത്.


              ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള ബയോമെട്രിക് വിവരശേഖരണം ഈ പ്രദേശങ്ങളില്‍ നടത്തിയതിനാല്‍ നിലവില്‍ ആധാര്‍ കാര്‍ഡ് എടുത്തവരും  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ക്യാമ്പില്‍ പങ്കെടുത്ത്     സ്മാര്‍ട്ട് കാര്‍ഡ് കരസ്ഥമാക്കണം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല പക്ഷേ ദേശീയ ജനസംഖ്യ രജിസ്റ്റര്‍  സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഭാവിയില്‍ റസിഡന്‍സ് രേഖയായും,   വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും  ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഈ സ്മാര്‍ട്ട് കാര്‍ഡായിരിക്കും. നിലവില്‍ സ്ഥലത്ത് ഇല്ലാത്തവര്‍ക്കും, ഇപ്പോള്‍ വിവര ശേഖരണത്തിനായുള്ള ക്യാമ്പില്‍ എത്താന്‍ സാധിക്കാത്തവര്‍ക്കും, 2010നു ശേഷം പ്രദേശത്ത് പുതിയതായി താമസിക്കാനെത്തിയവര്‍ക്കും 6 മാസത്തിനു ശേഷം  ഇതേ സ്ഥലത്ത് വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ വീണ്ടും ഒരവസരം നല്കുന്നതായിരിക്കും. ഇതിനായി NPR ലിസ്റ്റില്‍ ഇല്ലാത്തവര്‍ ക്യാമ്പില്‍ ചെല്ലുകയും അല്ലെങ്കില്‍ എന്യുമേറ്ററുമായി ബന്ധപ്പെട്ട് NPR ഷെഡ്യൂള്‍  പൂരിപ്പിക്കേണ്ടതാണ്.

                 2010ല്‍ നടന്ന ആദ്യ ഘട്ട വിവരശേഖരണത്തില്‍ എന്യുമേറ്റര്‍മാര്‍ വീട് വീടാന്തരം കയറി NPR ഷെഡ്യൂളുകള്‍ പൂരിപ്പിച്ചു നല്കുകയും അതിന് രസീതികള്‍ നല്കിയിട്ടുള്ളവയുമാണ്. എങ്കിലും ഈ രസീതികള്‍ നഷ്ടപ്പെട്ടു പോയിരിക്കാമെന്ന നിഗമനത്തില്‍  NPR ഷെഡ്യൂളുകള്‍  പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കാന്‍ ചെയ്തു തയാറാക്കിയ സ്ലിപ്പുകള്‍  രണ്ടാം ഘട്ട ബയോമെട്രിക് വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്. ഈ സ്ലിപ്പുകള്‍ അന്ന് എന്യുമറേറ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ തന്നെ അതതു വീടുകളില്‍  വിതരണം ചെയ്യുന്നതാണ്. കൂടാതെ KYR ഫോമുകളും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട് ഈ ഫോം ബയോ മെട്രിക് വിവര ശേഖരണത്തിനായി ക്യാമ്പില്‍ എത്തുമ്പോള്‍ പൂരിപ്പിച്ച് കൊണ്ടു വരേണ്ടതാണ്. ഇതോടൊപ്പം  ക്യാമ്പില്‍  ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ രേഖകളും ഒറിജിനല്‍ (കോപ്പി ആവശ്യമില്ല) കൊണ്ടു വരേണ്ടതാണ്. ഉദാ: റേഷന്‍ കാര്‍ ഡ് വോട്ടേഴ്സ് ID കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് etc...

          ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയറാക്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍
  • 5 വയസ്സു മുതല്‍ മുകളിലേക്ക് പ്രായമുള്ള ആളുകളുടെ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്.
  • 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ 64 kb ചിപ് ഘടിപ്പിച്ച  സ്മാര്‍ട്ട് കാര്‍ഡ് നല്കുകയുള്ളു.
  •  ഇന്ത്യയില്‍ സ്ഥിരതാമസമുള്ളതും 5 വയസ്സിനുമേല്‍ പ്രായമുള്ളതും സാധാരണ കുടുംബത്തില്‍ ഉള്‍പ്പെട്ടതുമായ ആളുകളുടെ രണ്ടു കൈകളുടെ വിരലുകളുടെയും,കണ്ണുകളുടെ ഐറിസ് ഇമേജ് അടക്കം 15 ലധികം വിവരങ്ങള്‍ ശേഖരിക്കുന്നു.
  •  ക്യാമ്പില്‍ വരുന്നവര്‍ സ്ലിപ്പിനോടൊപ്പം നല്കിയിട്ടുള്ള KYR ഫോം പൂരിപ്പിച്ച് എത്തണം. കൂടാതെ അതില്‍ സൂചിപ്പിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ (ഒറിജിനല്‍ ) എല്ലാം തന്നെ കൊണ്ടു വരണം. എങ്കില്‍ മാത്രമേ ഇവ സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്താന്‍ സാധിക്കൂ.
  • ഇപ്പോള്‍ വിവര ശേഖരണത്തിനായുള്ള ക്യാമ്പില്‍ എത്താന്‍ സാധിക്കാത്തവര്‍ ക്കും, 2010നു ശേഷം പ്രദേശത്ത് പുതിയതായി താമസിക്കാനെത്തിയവര്‍ക്കും 6 മാസത്തിനു ശേഷം  ഇതേ സ്ഥലത്ത് വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ വീണ്ടും ഒരവസരം നല്കുന്നതായിരിക്കും. ഇതിനായി ക്യാമ്പില്‍ ചെല്ലുകയും അല്ലെങ്കില്‍ എന്യുമേറ്ററുമായി ബന്ധപ്പെട്ട് NPR ഷെഡ്യൂള്‍  പൂരിപ്പിക്കേണ്ടതാണ്. പിന്നീടാണെങ്കില്‍ താലൂക്കിലോ ജില്ലാ ആസ്ഥാനങ്ങളിലോ പോകേണ്ടതായി വരും.
  •  2010ല്‍ നടന്ന വിവര ശേഖരണത്തില്‍ കുടുംബത്തിലെ ഏതെങ്കിലും ആളുകളുടെ പേരുവിവരം നല്കിയിലെങ്കില്‍  കുടുംബത്തിന്റെ ക്രമ നമ്പര്‍ കണ്ടെത്തി അതിന്റെ തുടര്‍ച്ചയായി NPR ഷെഡ്യൂള്‍ പൂരിപ്പിച്ചു നല്കിയാല്‍ അത്തരം ആളുകള്‍ക്ക് അപ്പോള്‍  തന്നെ ക്യാമ്പില്‍ പങ്കെടുക്കാം.
  •  ഏതെങ്കിലും കുടുംബം താമസം മാറിയെങ്കിലും അതേ സ്ഥലത്തിന്റെ അഡ്രസ്സില്‍ തന്നെയാണ് ഇപ്പോഴും  അറിയപ്പെടുന്നതെങ്കില്‍ അവര്‍ക്ക് ഈ ക്യാമ്പില്‍ വിവര ശേഖരണം നടത്താം ഇല്ലെങ്കില്‍ മുന്‍പ് സൂചിപ്പിച്ച പോലെ പുതിയ NPR ഷെഡ്യൂള്‍ പൂരിപ്പിച്ച് ആറു മാസത്തിനു ശേഷമുള്ള പ്രത്യേക ക്യാമ്പില്‍ പങ്കെടുക്കണം.  
  •   ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ രേഖകളും ഒറിജിനല്‍ (കോപ്പി ആവശ്യമില്ല) ക്യാമ്പില്‍ കൊണ്ടു വരേണ്ടതാണ്. ഉദാ: റേഷന്‍ കാര്‍ഡ്, വോട്ടേഴ്സ് ID കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്.etc....
  •  തന്നിട്ടുള്ള സ്ലിപ്പില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ തെറ്റാണെങ്കില്‍ അവ തിരുത്തുവാനുള്ള സൌകര്യം ക്യാമ്പില്‍ ഉണ്ടായിരിക്കും .
  • ക്യാമ്പിലെ വിവരശേഖരണത്തില്‍  എല്ലാം ശരിയെന്നുറപ്പു വരുത്തിയ ശേഷം ഈ വിവരങ്ങള്‍ രേഖപ്പെടുത്തി acknowledgment സ്ലിപ്പ് ഓരോ ആളുകള്‍ക്കും നല്കുന്നതായിരിക്കും.
  •  ബയോ മെട്രിക് വിവരശേഖരണത്തിനു ശേഷം പിന്നീട് ആളുകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും.
          ദേശീയ ജനസംഖ്യ രജിസ്റ്ററില്‍  ഭാഗഭാക്കാകുവാനും  ആധാര്‍ നമ്പറോടു കൂടിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നേടാനുമുള്ള ഈ അവസരം യാതൊരു കാരണവശാലും നഷ്ടപ്പെടുത്താതിരിക്കുക. കാരണം ഇത് നിയമ പ്രകാരം നിര്‍ബന്ധിതമാണ്. ബയോ മെട്രി എടുക്കുവാനുള്ള ഈ അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍ അവര്‍ക്ക് പിന്നീട് താലൂക്ക് കേന്ദ്രങ്ങളോ ജില്ലാ കേന്ദ്രങ്ങളോ സന്ദര്‍ശിക്കേണ്ടതായി വരും.