27 ഒക്‌ടോബർ 2012

രാജ്യത്തെ എല്ലാ പഞ്ചായത്തുകളെയും അതിവേഗ ബ്രോഡ് ബാന്‍ഡ് ശ്യംഖലയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടു


          ഇന്ത്യയിലെ രണ്ടരലക്ഷത്തോളം വരുന്ന   പഞ്ചായത്തുകളെ അതിവേഗ ബ്രോഡ്ബാന്‍ഡ് ശ്യംഖലയില്‍ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുകളും വിവിധ സംസ്ഥാന സര്‍ക്കാറുകളും, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യേശ്യ സംവിധാനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് (BBNL)  ലിമിറ്റഡുമായി  ത്രികക്ഷിധാരണാപത്രം ഒപ്പിട്ടു. 2013 നവംബറോടു കൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്ന ദേശീയ ബ്രോഡ് ബാന്‍ഡ്  ശ്യംഖലയില്‍ (NOFN-National Optical Fibre Network) കേരളവും ഒപ്പിട്ടതോടു കൂടി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജിഗാബൈറ്റ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ശ്യംഖല നിലവില്‍ വരും. പദ്ധതി നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളിലും 80 ചതു. അടി സ്ഥലവും അനുബന്ധ യന്ത്ര സാമഗ്രികള്‍ വെയ്ക്കാനുള്ള സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും കൂടാതെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുവാനുള്ള അനുമതിയും നല്കും. ഇതോടു കൂടി രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളും രണ്ടു വര്‍ഷം കൊണ്ടു ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖലയുടെ  (NOFN) ഭാഗമാകും.
                      ദേശീയ ബ്രോഡ് ബാന്‍ഡ് ശ്രംഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ ചിലവു വരും ഇത് മുഴുവനും  കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നിലവില്‍ ഫൈബര്‍ ഒപ്റ്റിക് ശ്യംഖലകള്‍ സ്വന്തമായുള്ള ബി.എസ്.എന്‍.എല്‍., പവര്‍ഗ്രിഡ്, റെയില്‍ടെക് തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാന പങ്കാണുള്ളത്. ഇതില്‍ ആറു ലക്ഷത്തോളം കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്റ്റിക് ശ്യംഖല സ്വന്തമായുള്ള ബി.എസ്.എന്‍.എല്‍. ഇതിലെ ഏറ്റവും നിര്‍ണ്ണായക പങ്കു വഹിക്കും. ഇവ കൂടാതെ  C-DOT, TCIL, NIC എന്നീ പൊതുമേഖലാ സാങ്കേതിക വികസന സ്ഥാപങ്ങളും ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.   
                    പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍  നല്കുന്ന പണം പ്രധാനമായും USO (UNIVERSAL SERVICE OBLIGATION FUND OF INDIA ) ഫണ്ടില്‍ നിന്നുമാണ്. നിലവില്‍ USO ഫണ്ടില്‍ ഇരുപത്തൊന്നായിരം കോടി രൂപ ബാലന്‍സുണ്ട്. കൂടാതെ വരും വര്‍ഷങ്ങളില്‍ ഈ ഫണ്ടില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനയുമുണ്ടാകുമെന്നുള്ളതു കൊണ്ട് ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖല പദ്ധതിക്ക് പണം ഒരു തടസ്സമാകില്ലെന്നു കരുതുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി ലഭ്യമാക്കേണ്ട ചുമതല ഇനി സംസ്ഥാനങ്ങള്‍ക്കാണ്. അതു കൊണ്ടു തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇ-ഗവേണന്‍സ് പദ്ധതികള്‍  ത്വരിതപ്പെടുത്തേണ്ടി വരും.
                   ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖലയില്‍ GPON (Gigabit Passive Optical Network) ടെക്നൊളജിയാണ് ഉപയോഗിക്കുന്നത്. ഈ ടെക്നൊളജിയില്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ടു തന്നെ സിഗ്നലുകള്‍ ഒരു ഫൈബര്‍ കേബിളില്‍ നിന്നും വിവിധ ലക്ഷ്യങ്ങളിലേക്ക് ഒരേ സമയം നല്കാന്‍ കഴിയും. ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത് സഞ്ചരിക്കുന്നതിനാല്‍  സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നത് മേന്മയാണ്. കൂടാതെ ഉയര്‍ന്ന ബാന്‍ഡ് വിഡ്തും, കാര്യക്ഷമതയും, മള്‍ട്ടിമീഡിയയില്‍ മികച്ച പ്രകടനവും നല്കുന്നു.

                 ദേശീയ ബ്രോഡ് ബാന്‍ഡ് ശ്യംഖല നിലവില്‍ വരുന്നതോടെ രാജ്യത്തെ വാര്‍ത്താവിനിമയ-സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണുണ്ടാവുക. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ  ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എത്തുന്നതോടു കൂടി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ മികച്ച സേവനങ്ങള്‍ നല്കുവാനും, റെക്കൊര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാനും കഴിയും. കൂടാതെ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ മേഖലയിലും,  കാര്‍ഷിക വികസന രംഗം, വിവരസങ്കേതിക രംഗം, കാലാവസ്ഥ, ഇ എഡ്യുക്കേഷന്‍   തുടങ്ങി നിരവധി മേഖലകളില്‍ വളര്‍ച്ചയ്ക്കും കാര്യക്ഷമത വര്‍ദ്ധിക്കുന്നതിനും സഹായകരമാവുകയും ചെയ്യും. പൊതു മേഖലാ സ്ഥാപങ്ങള്‍ക്കു പുറമെ  ഇന്റര്‍നെറ്റ് സേവനദാതാക്കള്‍മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍, കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍,  വ്യവസായസ്ഥാപങ്ങള്‍ ഐ.റ്റി. സ്ഥാപനങ്ങള്‍, വിനോദവ്യവസായങ്ങള്‍ തുടങ്ങിയവയക്കൊക്കെ ഈ പദ്ധതി ഉപയോഗപ്പെടുത്താനാകും.  
  
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ 
     ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍