ഡിസംബറെത്തും മുന്‍പേ മലയോരത്ത് കോടമഞ്ഞും കനത്ത തണുപ്പും നിത്യ കാഴ്ചയായി അനുഭവപ്പെടുന്നു. തുലാവര്‍ഷത്തിന്റെ തുടര്‍ച്ചയില്‍ രാവിലെയുള്ള ഈ കോടമഞ്ഞ് കൌതുകമുണര്‍ത്തുകയാണ്. വൈകുന്നേരങ്ങളില്‍ തണുപ്പില്ലെങ്കിലും രാത്രി ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയാല്‍ രാവിലെ വിവരമറിയും, അത്തരത്തിലാണ് മലയോരത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥ .മഴ വൈകുന്നേരങ്ങളില്‍ മലയോരത്ത് മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. ടൌണിലേക്കൊന്നും മഴയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ മഴ തുലാവര്‍ഷമാണെന്നും അല്ലെന്നും പറയുന്നു എന്തായാലും ചില ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നല്‍ മഴക്ക് അകമ്പടിയായി വരുന്നുണ്ട്. ഇക്കൊല്ലം കാലാവസ്ഥയില്‍ ആകെ താളപ്പിഴകളാണ്. ക്യത്യമായി പ്രവചിക്കാനാവാത്ത സ്ഥിതി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം ഇപ്പോള്‍ പുഴകളിലും മറ്റ് ജലസ്രോതസ്സുകളിലും വെള്ളം താഴുന്നതിന് കാരണമാകുന്നുണ്ട്.
