സംസ്ഥാന ക്യഷി വകുപ്പ് വീട്ടു വളപ്പിലെ പച്ചക്കറിക്യഷി വ്യാപനം ലക്ഷ്യമിട്ടുകൊണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീ മോയിന്‍കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. പദ്ധതിയില്‍ തിരുവമ്പാടി പഞ്ചായത്തിലെ 13 സ്കൂളുകളിലായി 5683 വിദ്യാര്‍ത്ഥികള്‍ക്കാണ് വിത്തുകള്‍ എത്തിക്കുന്നത്.
പയര്‍, വെണ്ട, ചീര, മുളക്, തക്കാളി, വഴുതന, വെള്ളരി, പടവലം തുടങ്ങിയ വിത്തുകളടങ്ങിയ 15 രൂപ വിലയുള്ള കിറ്റാണ് സൌജന്യമായി നല്കുന്നത്. വിഷമുക്തമായ പച്ചക്കറികള്‍ സ്വന്തം ക്യഷിയിടത്തില്‍ ഉല്പാദിപ്പിക്കുന്നതിന് കുട്ടികള്‍ ഉത്സാഹിക്കണമെന്ന് ഉദ്ഘാടന വേളയില്‍ എം.എല്‍.എ. കുട്ടികളോട് പറഞ്ഞപ്പോള്‍ തങ്ങള്‍ ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്കി. വിത്തിനോടൊപ്പം ക്യഷി രീതികള്‍, ജൈവ കീടനാശിനി നിര്‍മാണം എന്നിവ പ്രതിപാദിക്കുന്ന ലഘുലേഖയും നല്കിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനായി എല്ലാ സ്കൂളിലേയും ചാര്‍ജ് അധ്യാപകരായി നിശ്ചയിക്കപ്പെട്ടവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പരിശീലനം നല്കുകയും ചെയ്യും. താല്‍പര്യമുള്ള സ്കൂളുകള്‍ക്ക്, സ്കൂള്‍ കോമ്പൌണ്ടില്‍ പച്ചക്കറിത്തോട്ട നിര്‍മാണത്തിന് ധനസഹായം നല്കും. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിക്കുകയും ക്യഷി ഓഫീസര്‍ ശ്രീ.പി. പ്രകാശ് പദ്ധതി വിശദീകരിക്കുകയും ചെയ്തു.