02 സെപ്റ്റംബർ 2012

തെങ്ങിന്‍ തോട്ടങ്ങള്‍ റബര്‍ മരങ്ങള്‍ക്ക് വഴി മാറുമ്പോള്‍.

                      ലോക നാളികേര ദിനമായ ഇന്ന് എന്തിനെക്കുറിച്ചാണ് എഴുതേണ്ടത് എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ കടന്നു വന്നത് വഴിയരികിലെ തെങ്ങിന്‍ തോട്ടങ്ങള്‍ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചാണ്. ഏതായാലും ഇന്നത്തെ ചിന്താവിഷയമായി തെരഞ്ഞെടുക്കാന്‍ പറ്റിയ വിഷയം ഇതു തന്നെയാണ്. മനോഹരമായി തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോട്ടങ്ങള്‍ ഏതൊരു മലയാളിയുടേയും ഗ്യഹാതുരസ്മരണകളുടെ പറുദീസയാണ്. മലയാളികള്‍ അവനവന്റെ അസ്ഥിത്വത്തെ മറന്നു തുടങ്ങിയപ്പോള്‍ തുടങ്ങി തെങ്ങ് ക്യഷിയുടെ അവസാനം. ഒരു ഡോക്ടറുടെ മകന്‍ ഡോക്ടറാവുന്നു, സിനിമാ താരത്തിന്റെ മകന്‍ സിനിമാ താരമാകുന്നു, എഞ്ചിനീയറുടെ മകന്‍ എഞ്ചിനീയറാകുന്നു, ബിസിനസുകാരുടെ മക്കള്‍ ബിസിനസുകാരാകുന്നു എന്നാല്‍ കര്‍ഷകന്റെയോ കര്‍ഷകതൊഴിലാളികളുടെയോ മക്കള്‍ ഈ പാരമ്പര്യം ​തുടരാന്‍ കാത്തു നില്‍ക്കുന്നില്ല അവിടെ തുടങ്ങി ക്യഷിയുടെ നാശം. അതിനിടക്ക് കൂനിമേല്‍ കുരു പോലെ വിളകളുടെ വിലയിടിവും ഇതില്‍ വിലയിടിവ് ഏറ്റവും ദോഷകരമായി ബാധിച്ചത് തെങ്ങ് ക്യഷിയിലാണ്. പത്തു പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള വിലയില്‍ നിന്നും കാര്യമായ വര്‍ദ്ധനയില്ലാതെ പോയത് തെങ്ങുക്യഷിക്കാരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. അവര്‍ വേറെ ക്യഷികള്‍ തേടിപ്പോയി അതില്‍ തന്നെ മാന്യമായ വിലയും സ്ഥിരതയുമുള്ള റബര്‍ ക്യഷി കര്‍ഷകര്‍ക്ക് ആകര്‍ഷകമായി മാറി. ഇപ്പോള്‍ വിശാലമായ തെങ്ങിന്‍ തോട്ടങ്ങളുണ്ടായിരുന്ന സ്ഥലങ്ങള്‍ റബര്‍ മരങ്ങളെക്കൊണ്ട് മൂടിയ അവസ്ഥയിലാണ്. ഇതിന് കര്‍ഷകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എല്ലാവര്‍ക്കും ജീവിക്കണം അതിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്യഷിയിലേക്ക് അവര്‍ തിരിയും, ഇത് ലോക തത്വമാണ്. 
                       കേരവ്യക്ഷത്തിന്റെ പേരിലറിയപ്പെടുന്ന നമ്മുടെ നാട് കാലക്രമത്തില്‍ 'റബറളം ' എന്നായി പോകുമോ എന്ന പേടിയുണ്ട്. ഏതായാലും സര്‍ക്കാരുകള്‍ ഇത് തിരിച്ചറിഞ്ഞ് നിരവധി പദ്ധതികള്‍ ക്യഷി വകുപ്പ്, നാളികേര വികസന ബോര്‍ഡ്, കേരഫെഡ് മുഖേന നടപ്പില്‍ വരുത്തികൊണ്ടിരിക്കുകയാണ്. ഇത് വിജയത്തിലെത്തിയാല്‍ തീര്‍ച്ചയായും തെങ്ങ്ക്യഷിക്ക് പുത്തനുണര്‍വായിരിക്കും. അങ്ങനെ തന്നെ സംഭവിക്കും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
 മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍