![]() |
ചെമ്പുകടവ് അങ്ങാടിയിലെ പാലത്തിനു മുകളിലൂടെ മലവെള്ളം കുതിച്ചൊഴുകുന്നു |
തുഷാരഗിരി,വയനാട് ചുരം വനമേഖലകളില്‍ ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചാലിപ്പുഴയും, വേഞ്ചേരിപ്പുഴയും, കൈതപ്പൊയില്‍ പുഴയും കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ചെമ്പുകടവ്, അടിവാരം, കൈതപ്പൊയില്‍ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഞായറാഴ്ച ഉച്ചയോടു കൂടി ആരംഭിച്ച ശക്തമായ പേമാരി മണിക്കൂറുകളോളം തുടര്‍ന്നപ്പോള്‍ വൈകുന്നേരം നാലു മണിയോടെ ചുരം, തുഷാരഗിരി വനമേഖലകളില്‍ നിന്നുംതാഴ് ഭാഗത്തേക്ക് മലവെള്ളം കുത്തിച്ചെത്തുകയായിരുന്നു. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലാണ് കനത്തമഴ വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നശനഷ്ടം വിതച്ചത്. ഇവിടങ്ങളില്‍ വളര്‍ത്തുമ്യഗങ്ങളടക്കം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
![]() |
അടിവാരം അങ്ങാടി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ |
തുഷാരഗിരിക്ക് താഴെ ചാലിപ്പുഴയിലെ ചെമ്പുകടവ് പാലത്തിന്റെയും, ചെമ്പുകടവ്-അടിവാരം റോഡിലെ പോത്തുണ്ടി പാലത്തിന്റെയും മുകളിലൂടെ മലവെള്ളം കുത്തിയൊഴുകിയത് ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ചെമ്പുകടവ് അങ്ങാടി പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു. ശക്തമായ മലവെള്ളപ്പാച്ചില്‍ ചെമ്പുകടവു മിനി ജലവൈദ്യുത പദ്ധതിയിലെ രണ്ടു പവര്‍ ഹൌസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. തുഷാരഗിരി വനമേഖലയില്‍ ഉരുള്‍പൊട്ടിയതാവാം ചാലിപ്പുഴ കരകവിഞ്ഞൊഴുകാന്‍ കാരണമെന്ന് കരുതപ്പെടുന്നു.
ചുരം വനമേഖലയില്‍ ഉണ്ടായ കനത്തമഴയില്‍ വേഞ്ചേരിപ്പുഴയും പുഴയും തോടുകളും കരകവിഞ്ഞൊഴുകിയത് അടിവാരം അങ്ങാടിയെയും, ഒട്ടേറെ വീടുകളെയും വെള്ളത്തിനടിയിലാക്കി. വെള്ളപ്പൊക്കത്തെതുടര്‍ന്ന് അടിവാരം അങ്ങാടിയിലെ കടകളില്‍ മലവെള്ളം കയറി, അങ്ങാടിയില്‍ വെള്ളം കെട്ടി നിന്നത് ഇതുവഴി കടന്നു പോകുന്ന ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സവും സ്യഷ്ടിച്ചു. വൈകിട്ട് നാലുമണിയോടെ ചുരം വ്യുപോയിന്റിനും, ലക്കിടി കവാടത്തിനും ഇടയില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞത് വയനാട് പ്രദേശത്തേക്കുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടുത്തി. ഈ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷമാണ് വയനാട് ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനായത്.
കുറിപ്പ്: ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്നും എടുത്തിട്ടൂള്ളതാണ്.