ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ ആനക്കാംപൊയില്‍ പ്രദേശത്തേക്ക് ഒരാഴ്ചയ്ക്കു ശേഷം കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. ആഗസ്റ്റ് എട്ടാം തീയതി മാവിന്‍ചോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ആനക്കാംപൊയിലിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഈ ബസുകള്‍ പുല്ലൂരാംപാറ അങ്ങാടി വരെ മാത്രമായിരുന്നു സര്‍വീസ് നടത്തിയത്. ആനക്കാംപൊയിലിലുള്ളവര്‍ പുല്ലൂരാംപാറയില്‍ നിന്നും ജീപ്പിനാണ് സ്വദേശത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായി ഗതാഗത യോഗ്യമാക്കിയിരുന്നുവെങ്കിലും റോഡിലെ കലുങ്കുകള്‍ക്ക് ഉരുള്‍പൊട്ടലില്‍ ബലക്ഷയമുള്ളതായി സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ബസ് സര്‍വീസ് പുല്ലൂരാംപാറ വരെ മാത്രമാക്കിയിരുന്നു. എങ്കിലും കലുങ്കുകള്‍ താല്ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ബലപ്പെട്ടുത്തി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഈ റോഡിലൂടെ ബസ് സര്‍വീസ് പുനരാംഭിച്ചിരിക്കുകയാണ്.
