18 ഓഗസ്റ്റ് 2012

ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാന്‍ താമരശ്ശേരി രൂപത ദുരിതാശ്വാസ നിധി രൂപീകരിക്കുന്നു.


                പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ക്യഷി  സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരെ സഹായിക്കാന്‍ താമരശ്ശേരി രൂപത ദുരിതശ്വാസനിധി രൂപീകരിക്കുന്നു. ഇതു സംബന്ധിച്ച താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ സര്‍ക്കുലര്‍ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കഴിഞ്ഞ ഞായറാഴ്ച വി.കുര്‍ബാന മധ്യേ വായിച്ചിരുന്നു. ഇതില്‍ പ്രകാരം ഈ ഞായറാഴ്ച അതായത് ആഗസ്റ്റ് 19ം തീയതി രൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും വി.കുര്‍ബാന മധ്യേ പ്രത്യേക ഞായറാഴ്ച പിരിവു നടത്തി സമാഹരിക്കുന്ന തുക കൊണ്ട് ദുരിത ബാധിതരെ സഹായിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുല്ലൂരാംപാറ ദേവാലയത്തില്‍ സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ അനുശോചന സന്ദേശം വായിച്ചിരുന്നു. ഇടവകയുടെ ദുഖത്തില്‍ ആത്മാര്‍ഥമായി പങ്കു ചേരുന്നുവെന്നും, ദുരിതബാധിതരെ സഹായിക്കുവാന്‍ സഭ മുന്നിട്ടിറങ്ങുമെന്നും കര്‍ദിനാള്‍ തന്റെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
                ആഗസ്റ്റ് എട്ടാം തീയതി വൈകുന്നേരം പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഭവനരഹിതരായാ ആളുകളെ സഹായിക്കുവാന്‍ തുടക്കം മുതല്‍ താമരശ്ശേരി രൂപത മുന്നിട്ടിറങ്ങിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ തന്നെ ദുരിതബാധിതരെ സഹായിക്കുവാന്‍ ആനക്കാംപൊയില്‍ പാരീഷ് ഹാളിലും, പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററിലും ,ഹയര്‍ സെക്കണ്ടറി സ്കൂളിലും ക്യാമ്പുകള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുക്കുകയും രൂപതയുടെ കീഴിലുള്ള പുല്ലൂരാംപാറ, ആനക്കാംപൊയില്‍ ഇടവകകളിലെ ബഹുമാനപ്പെട്ട വൈദികരുടെയും, സിസ്റ്റേഴ്സിന്റെ നേത്യത്വത്തില്‍ രാത്രിയില്‍ തന്നെ വീടുകള്‍ കയറിയിറങ്ങിയും മറ്റും  ദുരിതബാധിതരായ ആളുകള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്കാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു.
                     ആനക്കാംപൊയിലിലെ പാരീഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന  ദുരിതാശ്വാസ ക്യാമ്പിന് റവന്യു വിഭാഗത്തോടൊപ്പം നേത്യത്വം കൊടുക്കുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നത് താമരശ്ശേരി രൂപതയുടെ കീഴിലുള്ള സമൂഹ്യ സേവന  വിഭാഗമായ സി.ഒ.ഡിയായിരുന്നു. സി.ഒ.ഡി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടിലിന്റെ നേത്യത്വത്തില്‍ പത്തംഗ സംഘമാണ് വീടും,സ്ഥലവും,ക്യഷിയും നഷ്ടപ്പെട്ട് നിരാലംബരും നിസ്സഹായരുമായ എഴുപത്തഞ്ചോളം കുടുംബങ്ങള്‍ക്ക് സ്വാന്തനവും സഹായവുമായി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ക്യാമ്പില്‍ എത്തിയ ആളുകള്‍ക്ക് വസ്ത്രങ്ങളും, ബെഡ്ഷീറ്റും, പായയും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുകയും. ക്യാമ്പിലെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സുള്‍പ്പെടെയുള്ള വാഹന സൌകര്യങ്ങള്‍ ഒരുക്കുകയും ദുരിത ബാധിതരായ ആളുകള്‍ക്ക് സര്‍ക്കാരിലേക്ക്  ആവശ്യമുള്ള രേഖകള്‍ തയാറാക്കാന്‍ സഹായിക്കുകയും, ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വര്‍ഷത്തെ സൌജന്യ ചികിത്സാ സഹായം ലഭ്യമാക്കാന്‍ നടപടി എടുക്കുകയും ക്യാമ്പ് സന്ദര്‍ശിക്കാനെത്തുന്നവര്‍ നല്കുന്ന സഹായങ്ങള്‍ ക്യത്യമായി രജിസ്റ്റര്‍ സൂക്ഷിച്ച് രസീത് നല്കുകയും ചെയ്ത് സി.ഒ.ഡി പ്രവര്‍ത്തകര്‍  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ക്യാമ്പ് ആരംഭിക്കുമ്പോള്‍ മുതല്‍ ദുരിതബാധിതരെ സഹായിക്കാന്‍ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈ.എമ്മിലെ യുവാക്കളും സജീവമായി രംഗത്തുണ്ടായിരുന്നു.       
          താമരശ്ശേരി രൂപതയുടെ ദുരിതബാധിതരെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടവക ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന ബോധ്യം ഈ ഉദ്യമത്തിന് പിറകിലുണ്ട്. ഇത്തരത്തില്‍ ദുരിതബാധിതരെ സഹായിക്കുവാന്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടു വരുന്നത് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് തെല്ലാശ്വാസം പകരുന്നതാണ്.
.