കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോരപ്രദേശമായ പൂവാറന്‍തോട്ടിലെ തമ്പുരാന്‍കൊല്ലി മേഖലയില്‍ ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടം. പുല്ലൂരാംപാറ കൊടക്കാട്ടുപാറ മേഖലയുടെ തൊട്ടടുത്ത പ്രദേശമാണ് തമ്പുരാന്‍ കൊല്ലി. ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയത് പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടിയ സമയത്ത് തന്നെയായിരുന്നു. കൊടക്കാട്ടുപാറ മലയുടെ മറുവശത്താണ് തമ്പുരാന്‍കൊല്ലിസ്ഥിതി ചെയ്യുന്നത്, ഇവിടെ കാക്കച്ചിപ്പള്ളി കുന്നിലാണ് ഉരുള്‍ പൊട്ടിയത്. ഈ ഭാഗത്ത് ആള്‍താമസമില്ല ക്യഷിയിടം മാത്രമാണുള്ളത്. അതു കൊണ്ടു തന്നെ ഇവിടെ ഉരുള്‍ പൊട്ടിയത് അറിയാന്‍ താമസം നേരിട്ടു. ഏലത്തോട്ടങ്ങള്‍ ധാരാളമുള്ള ഈ ഭാഗത്ത് കമുക്, കാപ്പി, ജാതി എന്നിവ ക്യഷി ചെയ്യുന്നുണ്ട്. കൂടരഞ്ഞിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരം പൂവാറന്‍തോട്ടിലേക്കും അവിടെ നിന്ന് മൂന്നര കിലോ മീറ്റര്‍ ദൂരം കാക്കച്ചിപ്പള്ളിക്കുന്നിലേക്കുമുണ്ട്. ഇതില്‍ രണ്ടര കിലോമീറ്റര്‍ ദൂരം ടാറിങ്ങില്ല ഫോര്‍ വീല്‍ ജീപ്പാണ് ഇവിടെ യാത്ര ചെയ്യുന്നതിനുപയോഗിക്കുന്നത്. കാക്കച്ചിപ്പള്ളിക്കുന്നിലെ വനമേഖലയില്‍ നിന്ന് ഉരുള്‍ പൊട്ടി ക്യഷിയിടത്തിലൂടെ കടന്ന് വീണ്ടും വനത്തിലേക്ക് ഒഴുകുകയാണ് ചെയ്തത്. കാക്കച്ചിപ്പള്ളിക്കുന്നില്‍ വനത്തിനുള്ളിലായിട്ടാണ് ഉരുള്‍ പൊട്ടിയ ക്യഷിയിടം സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറ്റിയിരുപത്തഞ്ചോ ളം ഏക്കര്‍ ക്യഷിസ്ഥലമാണിവിടെയുള്ളത്.
ഉരുള്‍ പൊട്ടിയ വിവരമറിഞ്ഞ് ഈ ലേഖകന്‍ ഈ മേഖലയിലേക്ക് പുറപ്പെട്ടപ്പോള്‍ ആദ്യം വനത്തിനുള്ളിലൂടെ കുറച്ചു ദൂരം സഞ്ചരിക്കേണ്ടി വന്നു. ജീപ്പിലായിരുന്നു പുറപ്പെട്ടത് ഇതിനിടെ കൂടെയുള്ളവര്‍ വനത്തിനുള്ളില്‍ വലിയ മരങ്ങളുടെ ഇടയില്‍ വലിയ പാറക്കല്ല് കണ്ട് ആനയാണെന്ന് തെറ്റിദ്ധരിച്ച് ബഹളമുണ്ടാക്കി. ഈ ബഹളമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ഉരുള്‍പൊട്ടിയ സ്ഥലത്തെത്തി ഈ ഭാഗം പൂര്‍ണമായും വനത്തിനുള്ളിലാണുള്ളത്. ഇവിടം കഴിഞ്ഞ് കുറച്ച് മുന്നോട്ടു പോയപ്പോള്‍ വലതുവശത്ത് ഏലത്തോട്ടം ദ്യശ്യമായിത്തുടങ്ങി ഇടക്ക് കമുകുകളും കാണാമായിരുന്നു. ഇവിടെ മേരി മൂലെച്ചാലില്‍ എന്നവരുടെ ക്യഷിസ്ഥലമാണ് ഉള്ളത് മുകളില്‍ വനത്തില്‍ നിന്നും ഉരുള്‍ പൊട്ടിയൊഴുകി ഈ ക്യഷി സ്ഥലം കടന്ന് താഴെ വനത്തിലേക്ക് ഒഴുകിയ ദ്യശ്യം കാണാമായിരുന്നു. തുടര്‍ന്ന് സെബാസ്റ്റ്യന്‍ മൂലെച്ചാലില്‍, ജാന്‍സി മൂലെച്ചാലില്‍, ബിന്ദു ഇലവനപ്പാറ, സക്കറിയ അഴകത്ത്, റൂബി അഴകത്ത്, തോമസ് ചെറുകണ്ടം , ഷാജന്‍ കാരക്കട, തോമസ് പിണക്കാട്ട് എന്നിവരുടെ ക്യഷിസ്ഥലത്തുകൂടി ഉരുള്‍ പൊട്ടിയൊഴുകിയ കാഴ്ചകള്‍ കണ്ടു. കൂടാതെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ ഒരു വീടു കൂടി കണ്ടു മൂലെച്ചാലില്‍ ബേബി എന്നു വിളിക്കുന്ന സെബാസ്റ്റ്യന്റെ വീടാണിത് നിലവില്‍ അവിടെ താമസമില്ല കുളിരാമുട്ടിയില്‍ പുതിയ വീട്ടിലാണ് താമസം. ക്യഷിയാവശ്യത്തിനായി ഇടക്ക് ഇവിടെ താമസിക്കാറുണ്ട് ഞങ്ങള്‍ ചെന്ന സമയത്ത് ഇവിടെ ആരുമില്ലായിരുന്നു. മഴ ചെറുതായി തൂളി നില്‍ക്കുന്നുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് കോട കയറി ഭയങ്കര ഇരുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. ഇനിയധികം ഇവിടെ നില്‍ക്കുന്നത് ഭംഗിയല്ലെന്ന് മനസ്സിലാക്കി തിരിച്ച് പോരാനായി ജീപ്പിനടുത്തേക്ക് പോയി.
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍