07 ഓഗസ്റ്റ് 2012

ചെറുശ്ശേരി മലയില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് ഒഴുകിയെത്തിയത് പതിനാറോളം ഉരുള്‍പൊട്ടലുകള്‍.

               ചെറുശ്ശേരി മലയിലെ വിവിധ ഭാഗങ്ങളില്‍  നിന്നും പുല്ലൂരാംപാറയിലേക്ക് പതിച്ചത് പതിനാറോളം ഉരുള്‍പൊട്ടലുകള്‍. പുല്ലൂരാംപാറ അങ്ങാടിയില്‍ നിന്നും ജോയി റോഡിലൂടെ ചെറുശ്ശേരിമല ഈ ലേഖകന്‍ സന്ദര്‍ശിച്ചപ്പോഴാണ് ദുരന്തത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കുവാന്‍ സാധിച്ചത്. ജോയി റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ ചെറുതും വലുതുമായ പത്തോളം ഉരുള്‍പൊട്ടലുകള്‍ കാണുവാന്‍ സാധിച്ചു.


          ഇന്നലെ ചെറുശ്ശേരി മലയുടെ താഴ്ഭാഗത്തു മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍  ചെറുശ്ശേരി മലയില്‍ ആളുകള്‍ ജീവനു വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നുവെന്ന് അവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ഥലത്തു തന്നെ  അഞ്ചോളം ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതായി ദ്യക്സാക്ഷികള്‍ പറയുന്നു. ഇത്തരത്തില്‍ പത്തു മുപ്പതോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി പറയപ്പെടുന്നു. 
പുല്ലൂരാംപാറ- ആനക്കാംപൊയില്‍ റോഡില്‍ എത്തിച്ചേര്‍ന്ന ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം

           കനത്ത ക്യഷി നാശമാണ് പുല്ലൂരാംപാറയില്‍ സംഭവിച്ചത്. ഏകദേശം 500 ഹെക്ടര്‍ ക്യഷിഭൂമിയാണ് ഒലിച്ചു പോയത്. ഈ പ്രദേശങ്ങളില്‍ നിന്നും ദുരന്ത നിവാരണ സേന ഇപ്പോഴും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചു പേരുടെ മരണം സംഭവിച്ച തുണ്ടത്തില്‍ ഔസേപ്പിന്റെ വീട് മാവിന്‍ ചുവട് ഭാഗത്തെ ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനത്തു നിന്നും ഏകദേശം 3 കി.മീ. അകലെയാണ്. ചെറുശ്ശേരിയുടെ നാലു വശങ്ങളിലുമായി പതിനാറോളം ഉരുളുകള്‍ പൊട്ടി പുല്ലൂരാംപാറയിലും കൊടക്കാട്ടുപാറയിലേക്കും ഒഴുകിയെത്തിയെത്തുന്നതിനു മുന്‍പ് സൂചനകള്‍ ലഭിച്ചതിനാല്‍ ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
                      ചെറുശ്ശേരി മലയിലെ ഉരുള്‍പ്പൊട്ടലിന്റെ കൂടുതല്‍ ദ്യശ്യങ്ങള്‍







സിറില്‍ ജോര്‍ജ്ജ് പാലക്കോട്ടില്‍
    ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍