05 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വീണ്ടും പെരുമ്പാമ്പ്!


               വന്യ ജീവികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന്റെ ഭാഗമാണോയെന്നറിയില്ല പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വിണ്ടും ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതരയോടെ മുരിങ്ങയില്‍ കോളനിയില്‍ പുതിയാപറമ്പില്‍  ബെന്നിയുടെ വീടിനടുത്തുനിന്നുമാണ് കണ്ടെത്തിയത്. 


                   രാത്രി ഇരതേടിയിറങ്ങിയ പെരുമ്പാമ്പ് ബെന്നിയുടെ കോഴിക്കൂട്ടിലേക്ക് കേറുമ്പോഴാണ് കണ്ടത്. ഒരു കോഴിയെ പിടിച്ചെങ്കിലും പാമ്പിന് ഇരയെ വിഴുങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ പാമ്പുകളെ പിടിച്ച് മുന്‍പരിചയമുള്ള പുല്ലൂരാംപാറ സ്വദേശി തന്നെയായ നരിക്കുഴിയില്‍ പാപ്പുവിനെ വിളിച്ചുവരുത്തുകയായിരുന്നു. അദ്ദേഹം എത്തി സാഹസികമായി പത്തു കിലോയിലധികം തൂക്കമുള്ള ഈ പെരുമ്പാമ്പിനെ പിടി കൂടുകയും രാത്രി ആ വീട്ടില്‍ തന്നെ സൂക്ഷിക്കുകയുമായിരുന്നു. 

              
               കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തിനടുത്തു നിന്നും പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു അന്നും പാപ്പുവായിരുന്നു പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റുകാരെ വിവരമറിയിച്ച് ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ സൂക്ഷിച്ച പാമ്പിനെ രാവിലെ പള്ളിപ്പടിയിലെ അങ്ങാടിയില്‍ കൊണ്ട് വന്നു. പെരുമ്പാമ്പിനെ ഫോറസ്റ്റുകാര്‍ എത്തുന്നതു വരെ അങ്ങാടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



 പെരുമ്പാമ്പിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് 15/05/12 ല്‍ പ്രസിദ്ധീകരിച്ച  വാര്‍ത്തക്കായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നിന്നുംപെരുമ്പാമ്പിനെ പിടികൂടി.


  മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
               ചീഫ് എഡിറ്റര്‍