പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിജയോത്സവം 2012-13ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വീടറിയാന്‍' ഭവന സന്ദര്‍ശന പരിപാടി എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ് അധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗം മേഴ്സി പുളിക്കാട്ട്, പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, പി.റ്റി.എ. പ്രസിഡന്റ് ഷാജി കണ്ടത്തില്‍, ഹെഡ്മാസ്റ്റര്‍ സ്കറിയാ മാത്യു, എം ജെ. അഗസ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉയര്‍ന്ന വിജയം മാത്രമല്ല നല്ല ശീലങ്ങളും നേരായ ചിന്തയും കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുക എന്നത് നമ്മുടെ കടമയാണ്. അതിന് രക്ഷിതാക്കളും അദ്ധ്യാപകരും തമ്മില്‍ നല്ലൊരു സ്നേഹബന്ധവും ഒന്നിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്. ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പുല്ലൂരാംപാറ ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിജയോത്സവത്തിന്റെ ഭാഗമായി 'വീടറിയാന്‍' ഭവന സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ജൂണ്‍ മാസം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ " ജീവിത ചുറ്റുപാടുകളും പഠനവും " എന്ന വിഷയത്തെ അധികരിച്ച് അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.