11 ഓഗസ്റ്റ് 2012

ദുരന്തബാധിത പ്രദേശങ്ങളിലേക്കൂള്ള ജനപ്രവാഹം തുടരുന്നു


             പുല്ലൂരാംപാറ ഉരുള്‍ പൊട്ടലിലെ ദുരന്ത ബാധിത പ്രദേശങ്ങളായ മാവിന്‍ചോട്, ജോയി റോഡ്, കൊടക്കാട്ടുപാറ എന്നിവിടങ്ങളിലേക്കുള്ള ജനപ്രവാഹം തുടരുന്നു. പ്രദേശത്ത് ഉരുള്‍പൊട്ടിയിട്ട് ഇന്നേക്ക് ആറു ദിവസമായിട്ടും, ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള  ആളുകളുടെ വരവ് ഇനിയും നിലച്ചിട്ടില്ല. നാടിനെ നടുക്കിയ പ്രക്യതി ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിച്ചറിയാനായി നാടിന്റെ നാനാഭാഗത്തു നിന്നും രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹ്യ രംഗത്തു നിന്നുമുള്ള പ്രമുഖരായ  ആളുകളടക്കം സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ ഇവിടം സന്ദര്‍ശിച്ചു.

                 സ്ത്രീകളും കുട്ടികളടക്കം  മിക്കവരും  കുടുംബങ്ങളുമായിട്ടാണ് ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്. ഏറ്റവും എളുപ്പം എത്താന്‍ കഴിയുന്നതും റോഡരികിലായതു കൊണ്ടും മാവിന്‍ചുവട് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. അതേസമയം ജോയി റോഡിലൂടെ സഞ്ചരിച്ചാല്‍  ഏകദേശം പത്തോളം ഉരുള്‍പൊട്ടലുകളുടെ പ്രഭവസ്ഥാനം കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ  ചെറുപ്പക്കാരായ ആളുകള്‍ ചെറുശ്ശേരിമലയിലും, കൊടക്കാട്ടുപാറയിലുമുള്ള ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലുന്നുണ്ട്. ഇപ്പോഴും ഇവിടം ഉരുള്‍പൊട്ടല്‍ ഭീക്ഷണിയില്‍ നിന്നും മുക്തമല്ല. 


                                     ഉരുള്‍ പൊട്ടലിന്റെ ആദ്യ മൂന്നു ദിനങ്ങളില്‍ ഈ സ്ഥലങ്ങളിലേക്ക് പ്രവേശനത്തിനു. നിയന്ത്രണമുണ്ടായിരുന്നെങ്കിലും ആളുകള്‍ വേറെ വഴികളിലൂടെ ദുരന്ത സ്ഥലങ്ങളില്‍ എത്തിയിരുന്നു. ആളുകളുടെ വരവ് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോഴാണ് പുല്ലൂരാംപാറ അങ്ങാടിയില്‍ വാഹനങ്ങളുടെ യാത്ര അവസാനിപ്പിക്കാന്‍ അധിക്യതര്‍ നിര്‍ബന്ധിതരായത്. ഇതിനെത്തുടര്‍ന്ന് പുല്ലൂരാംപാറ അങ്ങാടിയില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ഒരു പ്രാവശ്യം വന്നു കണ്ടുപോയ ആളുകള്‍ കാണാത്ത ആളുകളോട് ഈ പ്രക്യതി ദുരന്തം തീര്‍ച്ചയായും കാണേണ്ടതാണ് എന്നു പറയുന്നതു കേട്ടാണ് ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നത്.

                         പുല്ലൂരാംപാറയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപ്രവാഹമാണ് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവര്‍ ഈ സന്ദര്‍ശന ബാഹുല്യത്തെ തുടര്‍ന്ന് മറ്റൊരു പ്രശ്നം ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒഴിഞ്ഞു പോയ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടിയതായി വാര്‍ത്ത പരന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വൈകിട്ട് ആറു മണി മുതല്‍ ഈ പ്രദേശങ്ങളിലേക്ക് ആളുകളെ പോലീസ് കയറ്റി വിടുന്നില്ല. നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.